നഷ്ട സൗഹൃദത്തിന്റെ പത്താണ്ട് തികയുമ്പോള്‍.




നിറ കണ്ണുകളോടെ അന്ന് കിഴിശേരിയിലെ ജി.എല്‍.പിയിലേക്ക് കയറി വന്ന നൂറോളം കുരുന്നുകള്‍. അപരിചിത്വത്തിന്റെ വലിയ മതില്‍കെട്ടുകള്‍ക്കിടയില്‍ വാക്കുകള്‍ കിട്ടാതെ അവരങ്ങനെ മുഖം നോക്കി നിന്നു. മുകത നിറഞ്ഞു നിന്ന അന്തരീക്ഷം. ആര്‍ക്കും ഒന്നും പറയാനാവാത്ത പേടിപ്പെടുത്തുന്ന നിശബ്ദത. നേര്‍ത്ത തേങ്ങലുകളുടെയും വല്ലപ്പോഴും പരിധി വിട്ടുയരുന്ന പൊട്ടിക്കരച്ചിലിന്റെയും ശബ്്ദമല്ലാതെ ആ നിശബ്ദതക്ക് ഭംഗം വരുത്തുന്ന ആരവങ്ങളൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി നില്‍ക്കുന്ന കുട്ടികള്‍.
 ആര്‍ക്കും ഒന്നും പറയാനില്ലാത്ത ആ തേങ്ങിക്കരച്ചിലുകള്‍ക്കിടയിലേക്കാണ് ചുണ്ടില്‍ ഒരു പാല്‍പുഞ്ചിരി വിടര്‍ത്തി "അയ്യേ വല്യ കുട്ട്യോളൊക്കെ ഇങ്ങനെ കര്യോന്ന് '' ചോദിച്ച് ശോഭ ടീചര്‍ കടന്നുവന്നത്. ഉപ്പയും ഉമ്മയും കൂട്ടിനില്ലാത്തതിന്റെ വേദന കരഞ്ഞുതീര്‍ക്കുന്ന കുസൃതിക്കരുന്നുകള്‍ക്കിടയില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ശോഭ ടീച്ചര്‍ സൗഹൃദത്തിന്റെ മായിക ലോകം പണിതു.. അപരിചത്വത്തിന്റെ മതില്‍കെട്ടുകള്‍ തകര്‍ത്ത് അതോടെ ക്ലാസില്‍ ആളനക്കങ്ങളും കുസൃതിച്ചിരികളും ഉയര്‍ന്നുപൊങ്ങി...ജാതി മത വര്‍ണ വര്‍ഗങ്ങള്‍ക്കതീതമായി അവര്‍ക്കിടയില്‍ സൗഹൃദത്തിന്റെ മാരി വില്ലുകള്‍ സപ്്ത നിറങ്ങളില്‍ തിളങ്ങി നിന്നു...
ജി.എല്‍.പി സ്‌കൂളിനെക്കുറിച്ചോര്‍ക്കുമ്പോഴല്ലാം ഹൃദയത്തിലേക്ക് ഓടിയെത്തുന്നത് ജീവിതത്തില്‍ ഇനിയൊരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം വേര്‍പ്പെട്ടു കഴിഞ്ഞ നിഷ്‌കളങ്കമായ ആ ചങ്ങാതിക്കൂട്ടങ്ങളാണ്. ഒരിക്കലും തകര്‍ന്നടിയില്ലെന്ന് സ്വപ്്‌നം കണ്ടിരുന്ന, ഉറച്ച് വിശ്വസിച്ചിരുന്ന ആത്മ സുഹൃത്തുക്കള്‍ പത്ത് വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും കാണാനോ സംസാരിക്കാനോ പിടി തരാതെ അകലങ്ങളില്‍ ജീവിക്കുമ്പോള്‍ നഷ്ട സൗഹൃദത്തിന്റെ വേദന നിറഞ്ഞ പത്താമാണ്ടിനെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍..
 ശുഐബ്, ആരിഫ്(ജാതി) ജിത്തു, ജിതിന്‍, മുനവ്വര്‍, ബാസിം, വൈഷ്ണവ്, ബാസിത്ത്, അരുണ്‍......... ഒന്നാം ക്ലാസില്‍ നിന്നു തന്നെ സൗഹൃദത്തിന്റെ ആ വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നു പന്തലിച്ചു തുടങ്ങിയിരുന്നു..പഠനത്തിലും കലാ മല്‍സരങ്ങളിലും കായിക ഇനങ്ങളിലുമെല്ലാം അടര്‍ത്തി മാറ്റാനാവാത്ത വിധം അവര്‍ സ്‌കൂള്‍ വരാന്തകളില്‍ നിറഞ്ഞു നിന്നു..കലഹിച്ചും കളി പറഞ്ഞും ചിരിച്ചും കളിച്ചും കൂടെ കരഞ്ഞുമെല്ലാം ബാല്യ കാലത്തിന് അവര്‍ നിറം പകര്‍ന്നു...കാലാന്തരങ്ങള്‍ക്കിടയില്‍ ആ കണ്ണിയിലേക്ക് പിന്നെയും പലരും കടന്നുവന്നു...അനസ്, ഫായിസ്, ബബ്്‌ലു, ഇര്‍ഷാദ്, വലീദ്, അമീന്‍, സുധീഷ്, അന്‍ഷാദ് റാഷിദ്...പേര് പോലും മറന്നു തുടങ്ങിയ ഒരുപാടാളുകള്‍...പിസ്‌ക്ക മത്തായി എന്ന് കുട്ടികള്‍ സ്‌നേഹത്തോടെ  വിളിക്കുന്ന മത്തായിക്കാക്കയുടെ പീടികയിലെ ഉപ്പിലിട്ടത് ആസ്വദിച്ച് കഴിച്ചും മന്‍സൂറാക്കയുടെ അമ്പത് പൈസയുടെ നറുക്കില്‍ ലഭിക്കുന്ന ഒരു രൂപയുടെ അച്ചാറിന് പ്രതീക്ഷകളോടെ കാത്തിരുന്നും ഒരു രൂപയുടെ സിപ്പ് അപ്പ് വാങ്ങി അഞ്ചാറാളുകള്‍ പങ്കിട്ട് കഴിച്ചും ജീവിതത്തിന് ഹരം പകര്‍ന്നവര്‍. വീട്ടില്‍ നിന്ന് പൊതിഞ്ഞു നല്‍കുന്ന ഭക്ഷണപ്പൊതിയിലെ ഉപ്പേരികള്‍ വട്ടത്തിലിരുന്ന് പരസ്പരം പങ്ക് വെച്ചു കഴിച്ചിരുന്ന ആഘോഷ നാളുകള്‍..എല്ലാ സ്മൃതി പഥങ്ങളില്‍ മാത്രം അവശേഷിക്കുന്ന നൊമ്പരങ്ങളായി മാറിയതിന്റെ പത്താണ്ട് തികയുകയാണിന്ന്...
 വിലക്കുകളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് മിണ്ടിത്തുടങ്ങി,നിരന്തര കലഹങ്ങളിലൂടെ ക്ലാസുകളെ ആഘോഷ മയങ്ങളാക്കി നിര്‍ത്തിയിരുന്ന പെണ്‍കുട്ടികള്‍..സുമയ്യ ബാനു, തസ്്‌നി,ഷക്കീല,സാഹിറ,മുഹ്്‌സിന, ഫസ്്‌ന, ആര്യ...ഇനിയൊരിക്കലും കാണാന്‍ പോലുമാകാതെ, പുതിയ ജീവിതത്തിന്റെ ആഹ്ലാദ രസങ്ങളില്‍ മുഴുകി വലിയ വലിയ സ്വപ്്‌നങ്ങള്‍ കണ്ടിരിക്കുന്നുണ്ടാവും അവരൊക്കെ...ജീവിതമെന്ന വിശാലമെന്ന് നാം കരുതുന്ന യാത്രയിലെ ഏതൊക്കെയോ ഇടവഴികളില്‍ വെച്ച് നാം പരിചയപ്പെടുന്ന പല മുഖങ്ങള്‍.. ഇനിയൊരിക്കലും കണ്ടുമുട്ടുമെന്ന നേരിയ പ്രതീക്ഷകള്‍ പോലുമില്ലെങ്കിലും നാം വീണ്ടും വീണ്ടും ആഗ്രഹിക്കും, അവരയൊക്കെ ഒന്ന് കൂടെ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന്...
ഇനിയൊരിക്കല്‍ കണ്ടാല്‍ തിരിച്ചറിയുമോ എന്ന് പോലും പറയാനാകില്ലെങ്കിലും പത്ത് വയസ്സ് മാത്രമുള്ള നിഷ്‌കളങ്ക ബാല്യങ്ങളായി ഇപ്പോഴും അവര്‍ കണ്‍മുന്നില്‍ ചിരിച്ചു നില്‍ക്കുന്നുണ്ട്..അഞ്ച് വര്‍ഷത്തെ സ്‌കൂള്‍ പഠനം പാതി വഴിയിലുപേക്ഷിച്ച് ചെമ്മാട്ടേക്ക് വണ്ടി കയറിയപ്പോള്‍ കണ്ണീരൊഴുക്കി വിട നല്‍കിയ സ്വര്‍ഗ സമാനമായൊരു സൗഹൃദക്കൂട്ടം.. ബന്ധപ്പെടാന്‍ മാര്‍ഗങ്ങള്‍ പോലുമില്ലാതെ കാഴ്ചകള്‍ക്കപ്പുറത്ത് എവിടയൊക്കെയോ ്അവരൊക്കെയും പരന്ന് കിടക്കുമ്പോഴും 'എന്നെങ്കിലു'മെന്ന വലിയ പ്രതീക്ഷയില്‍ കണ്ണു നട്ട് ഞാന്‍ കാത്തിരിക്കുന്നു...ഒരുനാള്‍ അവരെയെല്ലാവരെയും ഒരിക്കല്‍ കൂടി കാണാനാവുമെന്ന ഉറച്ച വിശ്വാസത്തോടെ.....

കൂടൊരുങ്ങും മുമ്പേ ആ കിളി പറന്നകന്നു...


ശൈഖുനാ ഉസ്താദ് വിട പറഞ്ഞിട്ടിപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞു..ഉസ്താദില്ലാത്ത ദാറുല്‍ ഹുദായുടെ ഒരു പുതുവര്‍ഷത്തിന്  ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നു...വിജ്ഞാനത്തിന്റെ ആഴക്കഴങ്ങളിലേക്ക് ഊളിയിട്ട് വിവിധ മേഖലകളില്‍ ആഴത്തിലുള്ള അവഗാഹം നേടി, ജീവിതം കൊണ്ട് സമൂഹത്തിന് മാതൃക തീര്‍ത്ത ശൈഖുനായുടെ ഓര്‍മകളിലായിരുന്നു ഈ റമദാന്‍ മുഴുവന്‍...ഇരുപത്തിരണ്ടാം വയസ്സില്‍ കോടങ്ങാട്ട് ഉസ്താദിന്റെ അടുക്കല്‍ ദര്‍സില്‍ ഓതിയവര്‍ മുതല്‍ ദാറുല്‍ഹുദായിലെ ഉസ്താദിന്റെ അവസാനത്തെ സബ്്ഖില്‍ ഇരുന്നവര്‍ വരെയുള്ള നീണ്ട അമ്പത് വര്‍ഷത്തെ പരിചയങ്ങള്‍ക്കിടയില്‍ നിന്ന് ശൈഖുനായെക്കുറിച്ചുള്ള ഓര്‍മകള്‍ മുങ്ങിത്തപ്പിയെടുക്കാന്‍ ഈ കുറിപ്പുകാരനും നിയോഗിക്കപ്പെട്ടിരുന്നു... വിശുദ്ധ റമദാനിനു മുമ്പ് തുടങ്ങിയ ഈ നിയോഗത്തിനിന്ന്  ഒരു മാസം തികയുമ്പോള്‍ വല്ലാത്ത വേദന തോന്നുന്നു..ഒന്നും വേണ്ടായിരുന്നു എന്ന് മനസ്സ് മന്ത്രിക്കുന്നു...പത്ത് വര്‍ഷക്കാലം നമ്മള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ശൈഖുനായുടെ ശിഷ്യത്വം ഒരു വിളിപ്പാടകലെ വെച്ച് നഷ്ടപ്പെട്ടതിന്റെ വേദന ഇപ്പോള്‍ ഓരോ ദിവസം കഴിയും തോറും ഹൃദയാന്തരങ്ങളിലെ മുറിവുകളില്‍ വീണ്ടും വീണ്ടും മുളക് പുരട്ടി വേദനിപ്പിക്കുകയാണ്...
 ഉപ്പയുടെ കൈവിരലുകളില്‍ വിരല്‍ കോര്‍ത്ത് ദാറുല്‍ ഹുദാ എന്ന വിശ്വകലാലയത്തിന്റെ അങ്കണത്തില്‍ കാല് കുത്തിയ നിമിഷം മുതല്‍ ശൈഖുനായെക്കുറിച്ച് കേട്ടു തുടങ്ങി. ഇമാം നവവി(റ)യുടെ മത്്‌നുല്‍ അര്‍ബഈനിലെ ഇന്നമല്‍ അഅ്്മാലു ബിന്നിയ്യാത്ത്..എന്ന ഹദീസ് ഓതിത്തന്ന് ദാറുല്‍ ഹുദായിലെ വിദ്യാര്‍ഥികളായി ഞങ്ങളെ ശൈഖുനാ അംഗീകരിച്ച അന്ന് മുതല്‍ ദിവസങ്ങള്‍ എണ്ണിത്തുടങ്ങിയതാണ്...ഓരോ വര്‍ഷവും പുതിയ ബാച്ചുകള്‍ വരുമ്പോള്‍ ഞങ്ങള്‍ കണക്കുക്കൂട്ടി..ശൈഖുനായുടെ ക്ലാസ് ലഭിക്കാന്‍ ഇനി ഒമ്പത് വര്‍ഷം കൂടി, എട്ട്, ഏഴ്, ആറ്, അഞ്ച്, നാല്, മൂന്ന്, രണ്ട്..കാലാന്തരങ്ങള്‍ക്കിടയില്‍ ആ അകലം അങ്ങനെ കുറഞ്ഞുകൊണ്ടിരുന്നു..കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഏറെ സന്തോഷിച്ചു.. ഇന്‍ശാ അല്ലാഹ് അടുത്ത വര്‍ഷം നമുക്കും ശൈഖുനായുടെ ക്ലാസുണ്ടാകും...
 ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് കരുതിയ ആ നിര്‍ണായക നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിക്കാന്‍ എന്തോ വിധിയുണ്ടായിരുന്നില്ല....ജീവിത കാലത്ത് താന്‍ സ്വരുക്കൂട്ടിയ അറിവിന്റെ ഭണ്ഡാഗരം ഞങ്ങളെ കാണിച്ച് കൊതിപ്പിച്ച് കൊതിപ്പിച്ച് കൊതിമൂത്ത് വായില്‍ വെള്ളമൂറിനില്‍ക്കുമ്പോള്‍ ഞങ്ങളോട് ഒരു വാക്കു പോലും പറയാതെ ശൈഖുനാ യാത്രയായി...
 മറവിയെന്ന വലിയ അനുഗ്രഹത്തിനു മുന്നില്‍ ആ വേദന ഉണങ്ങിപ്പോകുമെന്ന് കരുതിയതായിരുന്നു...പക്ഷേ,,ഈ ഒരു മാസം ആ ഓര്‍മകള്‍ വീണ്ടും വീണ്ടും കേട്ടപ്പോള്‍ പറയുന്നവരോടൊക്കെ വല്ലാത്ത അസൂയ തോന്നി...രണ്ടു വിരലും ചെവിയില്‍ തിരുകി ഒന്നും കേള്‍ക്കാതിരുന്നാലോ എന്ന് തോന്നി...കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ശൈഖുനായെ ആവോളം ആസ്വദിച്ചവര്‍..ശൈഖുനായുടെ അവസാന ശിഷ്യന്മാര്‍..ഞാന്‍ മാത്രം ഒരിക്കലും ആ സാന്നിധ്യത്തെ ആഴത്തില്‍ അനുഭവിക്കാനാവാത്ത ഹതഭാഗ്യന്‍....
 നമുക്കനുഭവിക്കാനാവാത്ത സൗഭാഗ്യത്തിന്റെ മഹത്വം വല്ലാതെ കേള്‍ക്കുമ്പോഴുണ്ടാകുന്ന തലവേദന എന്നെയും ബാധിച്ചപ്പോഴാണ് നമുക്ക് ഇനി യാത്രകള്‍ അവസാനിപ്പിച്ച് എഴുതിത്തുടങ്ങാമെന്ന് മറ്റുള്ളവരോട് പറഞ്ഞ് തല്‍ക്കാലത്തിന് ഒന്ന് മനഃശാന്തി കൈവരിക്കാമെന്ന് കരുതി ദാറുല്‍ഹുദായിലും പാണക്കാടുമൊക്കെയായി തങ്ങിയത്... അപ്പോഴാണ് ശൈഖുനായെ വാക്കുകളില്‍ കോര്‍ത്തുവെക്കാനുള്ള വലിയ വെല്ലുവിളിക്ക് മുന്നില്‍ അടിപതറിത്തുടങ്ങിയത്...ഇപ്പോ എന്താന്നറിയില്ല...കീബോഡില്‍ എത്ര വലിഞ്ഞു ടൈപ്പ് ചെയ്തിട്ടും ഞാന്‍ ഉദ്ദേശിച്ച വാക്കുകള്‍ മാത്രം തെളിഞ്ഞു കാണുന്നില്ല..അനുഭവിക്കാനാവാത്ത വലിയ സൗഭാഗ്യത്തെ വാക്കുകളില്‍ വരഞ്ഞുവെക്കാനാവാതെ വിയര്‍ക്കുന്ന ഒരു ഹതഭാഗ്യനെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ... ശൈഖുനായെക്കുറിച്ചല്ലാതെ മറ്റെന്തും എന്നോട് പറഞ്ഞാളൂ..പക്ഷേ, ശൈഖുനായെക്കുറിച്ച് കേള്‍ക്കാനെനിക്കാവുന്നില്ല എന്ന് ആരോടും പറയാനാവില്ലല്ലോ...ശൈഖുനായില്ലാത്ത പി.ജി ബ്ലോക്കിലേക്കുള്ള ആദ്യത്തെ ബാച്ചായി വലിഞ്ഞു കയറാനൊരുങ്ങുമ്പോള്‍...മനസ്സ് പറയുന്നു ആ ഓര്‍മകള്‍ തേടി നീ പോകരുതായിരുന്നു......കഠിനഹൃദയനാണെങ്കിലും നിനക്ക് പോലും താങ്ങാവുന്നതിലുമപ്പുറമായിരുന്നു ശൈഖുനാ എന്ന ജ്ഞാനവിസ്മയം..കൂടൊരുങ്ങും മുമ്പേ കിളി പാറുമല്ലോ എന്ന് അന്ന് മൊയ്തീന്‍ക്കയോട് പറഞ്ഞപ്പോള്‍ സ്വപ്‌നത്തില്‍ പോലും നിനച്ചിരുന്നില്ല ....പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പുതിയ ബില്‍ഡിംഗിലേക്ക് ഞങ്ങള്‍ കാലെടുത്തുവെക്കുമ്പോഴേക്കും ആ ജ്ഞാനവിസ്മയം പറന്നകലുമായിരുന്നെന്ന്...

സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ച് രണ്ട് വേറിട്ട വായനകള്‍






എസ്.കെ. എസ്.എസ്. എഫ് സില്‍വര്‍ ജൂബിലി സമ്മേളനോപഹാരത്തിനുവേണ്ടി മൈന ഉമൈബാനുമായും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി ഗവേഷക ഉമ്മുല്‍ ഫായിസയുമായും നടത്തിയ ഇന്റര്‍വ്യൂ

1. സ്ത്രീ വിദ്യാഭ്യാസത്തിനു അനുകൂലമായ അവസരങ്ങള്‍, സാഹചര്യങ്ങള്‍ എന്തൊക്കെയാണ്? അതിനെ പ്രതികൂലമായ ബാധിക്കുന്ന വെല്ലുവിളികള്‍ ഏതൊക്കെയാണ്, താങ്കളുടെ കാഴ്ചപ്പാട് വിശദീകരിക്കാമോ.
മൈന ഉമൈബാന്‍: കേരളത്തില്‍ ഇന്ന് സ്ത്രീവിദ്യഭ്യാസത്തിന് അനുകൂല സാഹചര്യങ്ങളാണുളളത്. പൊതുവേ വിദ്യാഭ്യാസം നിഷേധിക്കുന്ന അവസ്ഥയില്ല. സെക്കണ്ടറി തലം വരെ സൗജന്യവിദ്യാഭ്യാസം ലഭിക്കുന്നതുകൊണ്ട് ദരിദ്രര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നതില്‍ പ്രയാസമില്ല. എന്നാല്‍ കേരളത്തിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ സെക്കണ്ടറി വിദ്യാഭ്യാസ കാലത്തുതന്നെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പലപ്പോഴും വിവാഹത്തിനുവേണ്ടിയാവും ഈ കൊഴിഞ്ഞുപോക്ക് എന്നത് ഖേദകരമാണ്.
മറ്റൊന്ന് ഉന്നതവിദ്യാഭ്യാസരംഗത്ത് കാശുളളവര്‍ക്ക് കയറിപ്പറ്റാം. അല്ലെങ്കില്‍ നല്ല മാര്‍ക്കുവേണം എന്ന അവസ്ഥയുണ്ട്. കച്ചവടവത്ക്കരിക്കപ്പെട്ട ഉന്നതവിദ്യാഭ്യാസരംഗത്തെ ആശങ്കയോടെയാണ് കാണുന്നത്.
ഉമ്മുല്‍ ഫായിസ:സ്ത്രീകള്‍ എന്നത് ഈ ചര്‍ച്ചയില്‍  ഒരൊറ്റ കാറ്റഗറിയായി കണക്കാക്കി ഒരു വിശദികരണം നല്‍കുവാന്‍  ഏറെ പ്രയാസമുണ്ട് . പലതരം സ്ത്രീകളും പുരുഷന്മാരും ഒക്കെ ഉള്‍പെട്ട അധികാര ബന്ധങ്ങളെ വ്യത്യസ്തമായി കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.  കാരണം, നമുക്കിടയില്‍ വിവിധ മതജാതിവര്‍ഗ്ഗ പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രികള്‍ ജിവിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യത്യസ്ത സാമുഹിക പശ്ചാത്തലങ്ങളില്‍ ജിവിക്കുന്ന സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തോടുള്ള സമീപനങ്ങളും വ്യത്യസ്തമായിരിക്കും എന്നാണ് എന്റെ ഒരു നിഗമനം . ഉദാഹരണത്തിന് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള സ്ത്രീ സംവരണം വന്നാല്‍ അതേറെ  സഹായകമാകുന്നത് നേരത്തെ തന്നെ അതൊക്കെ എത്തിപിടിക്കാന്‍ സാധിച്ച,അതിനനുസരിച്ച സാമൂഹ്യ ചലനം സാധിച്ച,  ഉയര്‍ന്ന ജാതി/വര്‍ഗ്ഗ സ്ത്രീകള്‍ക്കാണ് എന്ന  ഗെയില്‍ ഓംവേദിന്റെ നിരീക്ഷണമുണ്ട് . കീഴ്ജാതി / മുസ്ലിം സ്ത്രീകളെ  സംബന്ധിച്ച് സാമൂഹ്യ ചലനം വളരെ വ്യത്യസ്തമായാണ് സംഭവിച്ചത്. സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് ഇപ്പോള്‍ ഈ ചോദ്യത്തില്‍ കാണുന്ന തരത്തിലുള്ള  സിദ്ധാന്തവല്‍കരണം തന്നെ മാറേണ്ടതുണ്ട്. ഇങ്ങനെ ഞാന്‍ ഇവിടെ ഉന്നയിച്ച സമീപനത്തില്‍ ഊന്നിയുള്ള വളരെ കുറച്ചു പഠനം  മാത്രമേ  എന്റെ അറിവില്‍  ഇന്ത്യയില്‍ സാധ്യമായിട്ടുള്ളൂ .
2.മത വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് ഉന്നത മത വിദ്യാഭ്യാസ രംഗത്ത് സ്ത്രീകള്‍ക്കുള്ള ഇടം കുറവാണ്, അതിനുള്ള അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കേണ്ടതുണ്ടോ...
മൈന ഉമൈബാന്‍: കുറച്ചു മുമ്പുവരെ മതാധ്യപകര്‍ ആയിരുന്നത് പുരുഷന്മാരായിരുന്നു. അടുത്ത കാലത്ത് സ്ത്രീസാന്നിധ്യമുണ്ട്. ഇന്ന് ഏതുരംഗത്തും സ്ത്രീയുടെ സാന്നിധ്യവും പങ്കാളിത്തവുമുണ്ട്. ഉന്നത മതവിദ്യാഭ്യാസം കൊണ്ട് സ്ത്രീക്ക് എന്തുനേട്ടം എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. അധ്യാപനം നടത്തുകമാത്രമേ സ്ത്രീക്ക് സാധിക്കൂ. മതപരമായ ചടങ്ങുകളില്‍ കാര്‍മികത്വം വഹിക്കാനോ പള്ളിനടത്തിക്കൊണ്ടുപോകാനോ ഒന്നും ഇന്നും സ്ത്രീക്ക് അവസരമില്ല.
ഉമ്മുല്‍ ഫായിസ: തിര്‍ച്ചയായും, കേരളത്തിലെ മത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറവാണ്. എന്നാല്‍ ഇന്ന് ഈ മേഖലയില്‍ ധാരാളം പെണ്‍കുട്ടികള്‍ കടന്നു വരുന്നുണ്ട് . അവരൊക്കെ ഇസ്‌ലാമിക വിജ്ഞാനം എന്നത് തങ്ങളുടെ താല്‍പര്യത്തിന്റെ ഭാഗമാണ് എന്ന് വാദിക്കുന്നു . ആ മേഖലയില്‍ ധാരാളം പഠിക്കാനും അന്വേഷണങ്ങള്‍ നടത്താനും അവര്‍ക്ക് കഴിയുന്നു. എന്നാല്‍ പലപ്പോഴും നമ്മുടെ മുസ്‌ലിം നേതൃത്വത്തിന്റെ വീക്ഷണപരമായ പരിമിതികള്‍ ഈ മേഖലയിലെയും വളര്‍ച്ചയെ ഒരുപാട് പിറകോട്ടടിപ്പിക്കുന്നുണ്ട്.
3. പൊതു വിദ്യാഭ്യാസ രംഗത്ത് സത്രീ സാന്നിധ്യം ശക്തമാണ്. നമ്മുടെ ആര്‍ട്‌സ്, സയന്‍സ്, മെഡിക്കല്‍, എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലെല്ലാം പെണ്‍കുട്ടികളുടെ പ്രതിനിധാനം വലിയ തോതിലുണ്ട്..എന്നിട്ടും സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടതായി കാണുന്നില്ല, എന്താണ് കാരണം?
മൈന ഉമൈബാന്‍:ശാക്തീകരിക്കപ്പെടുന്നില്ല എന്നു പറയാനാവില്ല. സഹസ്രാബ്ദങ്ങളായി അടിമയായിരുന്ന ഒരു വിഭാഗം ഇന്ന് എവിടെയൊക്കെയോ സാന്നിധ്യമാകുന്നുണ്ട്. വിദ്യാഭ്യാസം കിട്ടിയതുകൊണ്ടുമാത്രം (സാങ്കേതികമായി) ഒരാളും ശാക്തീകരിക്കപ്പെടില്ല. ഇന്നും മിക്ക വീട്ടിലും സമൂഹത്തിലും നിര്‍ണ്ണായക തീരുമാനമെടുക്കുന്നത് പുരുഷനാണ്. സ്ത്രീയെ ഇന്നും നേര്‍ പാതിയെന്നോ ഇണയെന്ന അവസ്ഥയിലോ അല്ല കാണുന്നത്. അധികാരമെടുക്കാനുളള ഉപകരണമായിട്ടാണ്. ആ അവസ്ഥമാറണം. വിദ്യാഭ്യാസമൊക്കെ സമത്വബോധത്തിലേക്കെത്തിക്കേണ്ടതാണ്. പക്ഷേ, അത് അത്രപെട്ടെന്ന് എല്ലാവരിലും എത്തുമെന്ന് കരുതാന്‍ വയ്യ. അടുത്ത കാലത്തുമാത്രമാണ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം കിട്ടിത്തുടങ്ങിയത്. അതുകൊണ്ടു തന്നെ വളരെ പതുക്കെയേ അതിന്റെ പ്രയോജനവും ലഭിച്ചു തുടങ്ങൂ. സ്ത്രീ സ്വയം ചിന്തിച്ചു തുടങ്ങുകയും സ്വയം അംഗീകരിച്ചു തുടങ്ങുകയും ചെയ്യുമ്പോള്‍ ശാക്തീകരണവും സംഭവിക്കും. അതുവരെ മെല്ലെപ്പോക്ക് കാണേണ്ടി വരും.
ഉമ്മുല്‍ ഫായിസ: ശാക്തീകരിക്കപെട്ട സ്ത്രീ എന്നത് തന്നെ നാം ആലോചിക്കുന്നത് എങ്ങിനെയാണ് ? സ്ത്രീകള്‍ ശാക്തീകരിക്കപ്പെടാത്തത് അവരുടെ ഒരു കുറവ് ആയി വായിക്കുന്നത് ഒട്ടും ശരിയല്ല . സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായി നില നില്‍ക്കുന്ന മുന്‍വിധികള്‍ നാം പരിഗണിക്കേണ്ടതുണ്ട് . സ്ത്രീകള്‍ക്കെതിരായ മുന്‍വിധികള്‍ നാം കരുതുന്നതിലേറെ ആഴത്തിലും ഏതെങ്കിലും ചില ശക്തികളില്‍ മാത്രം ഒതുങ്ങുന്നതുമല്ല  . മാത്രമല്ല, ഈ പ്രശ്‌നത്തില്‍ വീണ്ടും ഏതു വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകളുടെ സാന്നിധ്യമാണ് കുറവ് എന്ന് ആലോചിക്കാന്‍ താല്‍പര്യപ്പെടുന്നു. ഉദാഹരണത്തിന് ഇന്ത്യയിലെ പ്രമുഖമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉന്നത ജാതിയില്‍ പെട്ട സ്ത്രീകളാണ്. അവര്‍ക്ക് ഈ മേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അല്ല മറ്റു സാഹചര്യത്തിലുള്ള വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്നത്. ഏറെ സാമൂഹ്യപരമായി ഉന്നത പദവിയില്‍ ഉള്ള സമുദായങ്ങളില്‍ നിന്ന് വരുന്ന സ്ത്രീകള്‍ ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളില്‍ മൂന്നാമത്തെ തലമുറയിലെ ആളുകള്‍ ആണ് . എന്നാല്‍ മുസ്‌ലിംകള്‍ അടക്കമുള്ള സമുദായങ്ങളില്‍ നിന്ന് വരുന്നവര്‍ ഒന്നാമത്തെ തലമുറയാണ് . ഈ വ്യത്യാസം വളരെ പ്രധാനമാണ്.  അത് അവരുടെ വിദ്യാഭ്യാസ ഇടപെടലുകളെ ബാധിക്കുന്നുണ്ട്.
കേരളത്തില്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ മേഖലയില്‍ പോകുന്നതില്‍ ഇന്ന് ധാരാളം മുസ്‌ലിം പെണ്‍കുട്ടികള്‍ ഉണ്ട് . എന്നാല്‍ അവര്‍ക്ക് അവര്‍ കൂടുതല്‍ താമസിക്കുന്ന മലബാര്‍ മേഖലയില്‍ പഠന സൗകര്യം ഒരുക്കാന്‍ മാറി വരുന്ന ഭരണകൂടങ്ങള്‍ ഒന്നും ചെയ്യുന്നില്ല . അവര്‍ക്ക് തൊഴില്‍ അവസരം നല്‍കാനും അവരുടെ ജീവിത സൗകര്യങ്ങളെ മുന്‍നിര്‍ത്തി തൊഴില്‍ രംഗത്തെ മാറ്റിപ്പണിയാനും ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല . ഇവിടെ മുസ്‌ലിം സംഘടനകള്‍ എന്നതിനെക്കാള്‍ ഭരണകൂടത്തിന്റെ ഭാഗമായ രാഷ്ട്രീയ സംഘങ്ങള്‍ അവരുടെ ദൗത്യം നിറവേറ്റണ്ടതുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ ധാരാളം ഉള്ള മലപ്പുറത്ത് എത്ര നിലവാരമുള്ള പ്രഫഷണല്‍ കോളേജുകള്‍ ഉണ്ട് എന്ന ചോദ്യം തന്നെ മതി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ .
4.  സ്ത്രീ പീഡനം, സ്ത്രീകളോടുള്ള അവഗണന എന്നിവ വലിയ സാമൂഹ്യ യാഥാര്‍ഥ്യങ്ങളാണ്. ഇതിനെക്കുറിച്ച് സമൂഹത്തെ മൊത്തത്തിലും പുരുഷന്മാരെ  പ്രത്യേകിച്ചും ബോധവത്കരിക്കാനുള്ള എന്ത് ഉള്ളടക്കമാണ് നമ്മുടെ പാഠ്യപദ്ധതയില്‍ ഉള്ളത് ?
 മൈന ഉമൈബാന്‍:പാഠ്യപദ്ധതിയിലൊക്കെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും എല്ലാവരിലും സമത്വമുണ്ടാക്കുന്നതിനെപ്പറ്റിയുമൊക്കെ ചെറുതായിട്ടെങ്കിലും ഉള്‍പ്പെടുത്തുന്നുണ്ട്. (സ്ത്രീ മാത്രമല്ല, അരികുവല്‍ക്കരിക്കപ്പെട്ട ജനത മുഴുവനും പീഡനത്തിനും അവഗണനയും നേരിടുന്നുണ്ട്.്.) പക്ഷേ, പാഠ്യപദ്ധതിയില്‍ മാത്രം ഇതൊന്നും ഉണ്ടായാല്‍ പോര..പഠിപ്പിക്കുന്നവര്‍ക്കു കൂടി ഈ ബോധം വേണം. ഇന്നും സ്ത്രീ കളിപ്പാട്ടമാണെന്നാണ് പൊതുസമൂഹത്തിന്റെ നിലപാട്. പുരുഷന്‍ ഭരിക്കേണ്ടവനാണെന്നും സ്ത്രീ ഭരിക്കപ്പെടേണ്ടവളാണെന്നുമാണ് നിലപാട്. കൊച്ചു കുട്ടിയായിരിക്കുമ്പോഴേ നീ പെണ്ണാണ് പെണ്ണാണ് എന്ന് പറയാതിരിക്കുക..നീ ആണാണ് എന്നും. ഈ രണ്ടു വാക്കില്‍ തന്നെയുണ്ട് പീഡനവും അധികാരവും. ഏതു പീഡനം നടക്കുമ്പോഴും ഇര പ്രതിയാവുന്ന അവസ്ഥയാണുളളത്. പ്രതിയെ തന്നെ പ്രതിയാക്കുന്ന അവസ്ഥ വരുമ്പോള്‍ മാറ്റമുണ്ടാവും. മിക്കവാറും സ്‌കൂളിലും കോളേജിലുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്ക്കരണ സെമിനാറുകളും ശാക്തീകരണ പരിപാടിയുമൊക്കെ നടക്കുന്നുണ്ട്. പലപ്പോഴും അത് ഇരയാകുന്ന സ്ത്രീക്കുമാത്രമായി മാറുന്നുണ്ട്. ഒരുമിച്ചിരുത്തിയാണ് സംസാരിക്കേണ്ടത്. സ്ത്രീക്കും പുരുഷനും മൂന്നാം ലിംഗക്കാര്‍ക്കും മൂന്നുലോകമല്ല, ഒറ്റലോകമാണുളളത് എന്നും ഈ ഒറ്റലോകത്തിന്റെ ഭാഗമാണ് നാം എന്നുമാണ് അറിയിക്കേണ്ടത്. സ്ത്രീ പുരുഷനെ ഭയന്ന് പുറത്തിറങ്ങാതിരിക്കുന്നതില്‍ നല്ലത് പീഡന സ്വാവമുളള പുരുഷനെ മാറ്റി നിര്‍ത്തുന്നതാണ്. എല്ലാപുരഷനും പീഡകരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വളരെക്കുറച്ചുപേര്‍ അങ്ങനെയാവുന്നു. അവര്‍ക്കുവേണ്ടി മൊത്തം പുരുഷന്‍ പ്രതിനിധിയാവേണ്ട. അവരെ മാറ്റി നിര്‍ത്തുക.
ഉമ്മുല്‍ ഫായിസ: തീര്‍ച്ചയായും നമ്മുടെ പഠന പരിപാടികളിലും സ്‌കൂള്‍ കരിക്കുലം ഇവയിലും ഒക്കെ മാറ്റം വരണം . വിദ്യാഭ്യാസ രംഗത്ത് അങ്ങനെയുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നത് നന്നാവും
5. കേരളത്തിലെ ഗൃഹാന്തരീക്ഷത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിനെയും അവഗണിക്കപ്പെടുന്നതിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം  വന്നു കൊണ്ടിരിക്കുന്നു. പ്രബുദ്ധവും വിദ്യാസമ്പന്നവുമായ കേരളത്തില്‍ ഇതെങ്ങനെ സംഭവിക്കുന്നു.

മൈന ഉമൈബാന്‍: വിദ്യയുളളതുകൊണ്ടുമാത്രം അറിവുണ്ടാവുന്നില്ല. ബോധമുണ്ടാവുന്നില്ല. ബുദ്ധിപരമായി ചിന്തിക്കാനും ആ ചിന്തയെ മനനം ചെയ്യാനും ഭൂരിപക്ഷത്തിനും കഴിയുന്ന അവസ്ഥയിലെ അവഗണനയും പീഡനവുമൊക്കെ കുറയൂ. വീടുകളില്‍ നിന്നേ തുടങ്ങുകയാണ് അവഗണനയും പീഡനവും. സ്വന്തം വീട്ടില്‍ കിട്ടാത്ത സുരക്ഷിതത്വം സമൂഹത്തില്‍ നിന്ന് കിട്ടും എന്നു പ്രതീക്ഷിക്കുന്നതെങ്ങനെ? പക്ഷേ, പെട്ടെന്നൊന്നും മാററമുണ്ടായില്ലെങ്കിലും പതുക്കെ മാറിവരുമെന്നു തന്നെയാണ് പ്രതീക്ഷ. ഞാന്‍ ഭാവിയെ പ്രത്യാശയോടുകൂടി കാണുന്നു.
ഉമ്മുല്‍ ഫായിസ:കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് എന്നു പറയുമ്പോള്‍ അത് എങ്ങനെ കൈവന്നു എന്ന വിഷയത്തില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട് . അതുകൊണ്ട് തന്നെ പ്രബുദ്ധ കേരളം എന്നത് അത്ര എളുപ്പം സ്വീകരിക്കേണ്ട ഒരു സാമൂഹിക നിര്‍മിതിയല്ല . തീര്‍ച്ചയായും കേരളത്തില്‍ നടക്കുന്ന പീഡനം, അതിക്രമം ഇവയൊക്കെ എങ്ങനെ എന്നത് കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ വലിയ മാറ്റം കൊണ്ട് വന്നിട്ടുണ്ട് . എന്നാല്‍ ഇതെങ്ങനെ സംഭവിക്കുന്നു? അതിന്റെ സാമൂഹിക ശാസ്ത്രപരവും ലിംഗരാഷ്ട്രീയപരവുമായ കാരണങ്ങള്‍ എന്തെല്ലാം? എന്നതിനെ ക്കുറിച്ച് സൂക്ഷമമായ പഠനങ്ങളൊന്നും ഇത് വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല . എന്നാല്‍ പൊതുവ പറയാന്‍ കഴിയുക സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച പത്രഭാഷ മുതല്‍ കോടതി ഭാഷ വരെ പ്രശ്‌നവല്‍ക്കരിക്കുന്ന സുക്ഷ്മമായ  രാഷ്ട്രീയ സംവാദങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട് . പലപ്പോഴും ലോകത്ത് ധാരാളം ചര്‍ച്ച ചെയ്ത വികസിച്ച ഈ ജനാധിപത്യ അന്തരീക്ഷം കേരളത്തില്‍ സാധിച്ചെടുക്കേണ്ടതുണ്ട് .  ഇങ്ങനെയുള്ള വിപുലമായ സംവാദത്തിനു മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ .




മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പഠിക്കാമോ...?


മുസ്‌ലിം സ്ത്രീയും അവളുടെ വിദ്യാഭ്യാസവും കാലങ്ങളായി നമ്മുടെ  ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചൂടുപിടിച്ച വിഭവമാണ്. മതത്തിനുള്ളില്‍ നിന്നും മതത്തിന്റെ പുറത്തുനിന്നുമെല്ലാം ഈ വിഷയത്തില്‍ നിരന്തരം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാം സ്ത്രീയെ അടുക്കളയുടെ നാല് ചുവരുകള്‍ക്കിടയില്‍ അടികമളെ പോലെ തളച്ചിടുകയാണെന്നും  അവര്‍ക്ക് അക്ഷരാഭ്യാസംനല്‍കാതെ അജ്ഞതയുടെ ഇരുള്‍പടര്‍പ്പില്‍ തന്നെ ജീവിതാന്ത്യം വരെ കഴിച്ചുകൂട്ടാന്‍ നിര്‍ബന്ധിപ്പിക്കുകയാണെന്നുമൊക്കെ ഇസ്‌ലാമിനെക്കുറിച്ച് ശത്രുക്കള്‍ നിരന്തരം ആക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ ആധികാരിക സ്രോതസ്സുകളായ വിശുദ്ധ ഖുര്‍ആന്റെ  അധ്യാപനങ്ങളിലേക്കും പ്രവാചകന്‍(സ) തങ്ങളുടെ ജീവിതത്തിലേക്കും ആഴത്തില്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ഇത്തരം പ്രചരണങ്ങളിലെ അര്‍ഥശൂന്യത പകല്‍വെട്ടം പോലെ നമുക്ക് തിരിച്ചറിയാനാകും.
  സ്ത്രീ സമൂഹം അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ വാതിലുകള്‍ തുറന്നുകൊടുത്ത് കടന്നുവന്ന പ്രവാചകന്‍ (സ) തങ്ങള്‍ സ്‌ത്രൈണതയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകയും സ്ത്രീ പുരുഷ സമത്വത്തിന്റെ പുതിയ പാഠങ്ങള്‍ സമുഹത്തിന് പകര്‍ന്നുകൊടുക്കുകയും ചെയ്തു. സാമൂഹിക ജീവിതത്തില്‍ പുരുഷന്റെ ഭോഗവസ്തു എന്നതിലപ്പുറം സ്ഥാനമാനങ്ങളൊന്നുമില്ലാതിരുന്ന സ്ത്രീകള്‍ക്ക് വിദ്യ നേടല്‍ ഇസ്‌ലാമിക വിധി പ്രകാരം പ്രവാചകന്‍ നിര്‍ബന്ധ കടമയാക്കി മാറ്റി. അങ്ങനെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന സമൂഹത്തിന് വിദ്യയുടെ കൈത്തിരിയിലൂടെ വിമോചനത്തിന്റെ പുതിയപാതകള്‍ പ്രവാചകന്‍ (സ) തങ്ങള്‍ തുറന്നുകൊടുത്തു.
ആധുനിക കാലത്ത് ഏതെങ്കിലും ചില മുസ്‌ലിം സഹോദരന്മാര്‍ തങ്ങളുടെ വൈയക്തികവും സാമൂഹികവുമായ ചില കാരണങ്ങള്‍ കൊണ്ട് തങ്ങളുടെ മക്കളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കും പൊതുമണ്ഡലങ്ങളിലേക്കും അയക്കുന്നില്ലെന്ന് കരുതി അതാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങളെന്ന് ഒരിക്കലും തെറ്റിദ്ധരിച്ചുകൂടാ. മാനുഷിക ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളിലും ഒരു വ്യക്തി എങ്ങനെ മാതൃകാതുല്യമായ ജീവിതം നയിക്കണമെന്ന കൃത്യമായ മാര്‍ഗരേഖ വരച്ചുവെച്ച ഇസ്‌ലാം സ്ത്രീ വിദ്യാഭ്യാസത്തിനും അതിന്റെ വഴികളും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
 വിദ്യാഭ്യാസം കൊണ്ടര്‍ഥമാക്കുന്നത്.
 സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചും ഇസ്‌ലാമിലെ സ്ത്രീയെക്കുറിച്ചും കൂടുതല്‍ ചര്‍്ച്ചകള്‍ നടത്തുന്നതിനു മുമ്പ് എന്താണ് വിദ്യാഭ്യാസം കൊണ്ടുള്ള വിവക്ഷ എന്നതിനെക്കുറിച്ചുകൂടി നാം ചിന്തിക്കേണ്ടുത്.  ഏത് മേഖലകളിലെന്നുപോലെ ജ്ഞാനമേഖലയിലും ഇസ്‌ലാമിന് തനതായ സങ്കല്‍പങ്ങളും പ്രായോഗിക കാഴ്ചപ്പാടുകളുമുണ്ട്. മാനുഷിക മൂല്യങ്ങള്‍ക്കെതിരു നില്‍ക്കാത്ത ജഞാനപ്രസരണത്തെയും  സ്വീകരണത്തെയും കലവറയില്ലാതെ പിന്തുണക്കുകയാണ് വിദ്യാഭ്യാസ മേഖലയില്‍ ഇസ്‌ലാം ചെയ്യുന്നത്. കേവലം സ്‌കൂളിന്റെ പടികടക്കുന്നതോ ഉന്നത പരീക്ഷകളില്‍ പാസാകുന്നതോ യൂനിവേഴ്‌സിറ്റികളില്‍ പോയി നിരന്തരം  ലക്ചറുകള്‍ കേള്‍ക്കുന്നതോ വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ മാതൃകകളായി ഇസ്‌ലാം എണ്ണിക്കാട്ടുന്നില്ല, മറിച്ച് എഴുത്തും വായനയും മറ്റു കാര്യങ്ങളുമെല്ലാം പഠിക്കുന്നതോടൊപ്പം തന്നെ സല്‍സ്വഭാവവും ജീവിത സുഗന്ധികളായ സ്വഭാവവിശേഷങ്ങളുമുള്ള ഒരു സല്‍ഗുണ സമ്പന്നനാക്കി മനുഷ്യനെ പരിവര്‍ത്തിച്ചെടുക്കുക എന്നതാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസം കൊണ്ട് അര്‍ഥമാക്കുന്നത്. തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം ചിട്ടയാര്‍ന്ന ജീവിതം പകര്‍ന്നുകൊടുക്കുന്നവരാണ് ഏറ്റവും നല്ല രക്ഷിതാക്കള്‍ എന്ന് പ്രവചാകന്‍(സ) തങ്ങള്‍ തന്നെ പഠിപ്പിക്കുന്നുണ്ട്.(ബുഖാരി).
   വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ ചിട്ടകള്‍ മുന്നോട്ടുവെക്കുന്ന ഇസ്‌ലാം ഒരേ സമയം ദൈവിക-ഭൗതിക -മാനുഷിക വിജ്ഞാന സ്രോതസ്സുകളെയെല്ലാം അംഗീകരിക്കുന്നുണ്ട്. വിജ്ഞാനീയങ്ങളെ വേലികെട്ടി വേര്‍തിരിക്കുന്നതിനു പകരം എല്ലാം കൂട്ടിയോജിപ്പിച്ച,് മതം-ഭൗതികം എന്ന വേര്‍തിരിവു പോലുമില്ലാതെ അറിവിന്റെ സര്‍വ വാതിലുകളും മലര്‍ക്കെ തുറന്നിടുകയാണ് ഇസ്‌ലാം ചെയ്യുന്നത്. അപ്പോഴും സുസ്ഥിരമായ ഒരു മാര്‍ഗരേഖ വരച്ചുവെക്കാന്‍ ഇസ്‌ലാം മറക്കുന്നില്ല.
  അല്ലാഹുവിലേക്കടുക്കുക എന്നതാണ് ഇസ്‌ലാമിക വിജ്ഞാനത്തിന്റെ കാതലായ ലക്ഷ്യം. പ്രഗത്ഭ ഇസ്‌ലാമിക വിദ്യാഭ്യാസ വിചക്ഷണനായ നഖീബുല്‍ അത്താസ് നിരീക്ഷിച്ചതുപോലെ  ''തന്റെ വികാരവിചാരങ്ങളും വാചകകര്‍മങ്ങളും ആഹ്ലാദാഭിലാഷങ്ങളും  സ്വമനസ്സാലും പൂര്‍ണഹൃദയത്തോടെയും അല്ലാഹുവിന് സമര്‍പ്പിക്കാനാവണമെങ്കില്‍ അവന്റെ ഇച്ഛയും യുക്തിവിചാരവും അതിനനുകൂലമാവണം, ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശങ്ങളെ പൂര്‍ണമായി മനസ്സിലാക്കിയാലേ മനുഷ്യന് പൂര്‍ണാര്‍ഥത്തില്‍ ഇതിനു സാധിക്കൂ...''(നഖീബുല്‍ അത്താസ,്1989).
 വിദ്യാഭ്യാസത്തെ പള്ളിക്കൂടങ്ങളുടെയും യൂനിവേഴിസിറ്റികളുടെയും ചട്ടക്കൂടുകളില്‍ മാത്രം തളച്ചിടുന്ന രീതിയും ഇസ്‌ലാമികമല്ല, 'അറിവ് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണെ'ന്ന വാക്കിലൂടെ അറിവ് തേടാന്‍ പ്രത്യേക ഇടങ്ങളില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. കളഞ്ഞുപോയ സ്വത്ത് നാം എവിടെയും തിരയുമെന്നതുപോലെ അറിവ് തേടി നിരന്തരം ജ്ഞാനാന്വേഷണങ്ങള്‍ നടത്തണമെന്നര്‍ഥം. വേര്‍തിരിവുകളുടെ വേലിക്കെട്ടുകളില്ലാതെ അറിവിന്റെ വിശാലമായ ലോകത്ത് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മുഴുകിയിരിക്കാനാണ് ഇസ്‌ലാമിന്റെ കല്‍പന. ഇസ്‌ലാം വളര്‍ന്നുതുടങ്ങിയ ആദ്യനൂറ്റാണ്ടുകളിലും പിന്നീട് വന്ന ഇസ്‌ലാമിന്റെ സുവര്‍ണകാലഘട്ടങ്ങളിലുമെല്ലാം ഇത്തരം വേലിക്കെട്ടുകളില്ലാത്ത വിദ്യാഭ്യാസ രീതിയായിരുന്നു നമുക്ക് കാണാനായത്.
 ഏതെങ്കിലും യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ഡിഗ്രിയും പിജിയും പി.എച്ച്.ഡിയും പൂര്‍ത്തിയാക്കിയതിന്റെ രേഖകള്‍ അയാളുടെ/അവളുടെ വിദ്യാഭ്യാസത്തിന്റെ അളവുകോല്‍ വരച്ചിടുന്നുണ്ടെങ്കിലും അതാണ് വിദ്യാഭ്യാസത്തിന്റെ ആണിക്കല്ലെന്ന് നമുക്ക് പറയാനാവില്ല, സ്വഭാവവിശേഷണങ്ങള്‍, മറ്റുളളവരോടുള്ള പെരുമാറ്റം, ധാര്‍മിക ബോധം, ദൈവിക വിശ്വാസം തുടങ്ങിയ ഓരോ കാര്യങ്ങളും വിലയിരുത്തിയേ ഇസ്‌ലാമികമായി നമുക്കയാള്‍ അഭ്യസ്തവിദ്യനാണെന്ന് പറയാനാകൂ..മദ്യപിച്ച് ബോധം നഷ്ടപ്പട്ട് ക്ലാസിലെത്തുന്നതും സഹപാഠികളുമായി ശരീരം പങ്കുവെക്കുന്നതുമെല്ലാം  നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിത്യസംഭവങ്ങളായി മാറുമ്പോള്‍ പൊതുവിദ്യാഭ്യാസ ലോകത്ത് മാത്രം തളച്ചിടുന്ന വിദ്യാഭ്യാസ രീതിയുടെ ദൗത്യനിര്‍വഹണത്തെ നാം പുനഃപരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ക്കും അംഗീകാരങ്ങള്‍ക്കും അമിതപ്രാധാന്യം കൊടുക്കുന്നതാണ് ആധുനിക ഭൗതിക വിദ്യാഭ്യാസമെങ്കില്‍ അംഗീകാരങ്ങളേതും കാംക്ഷിക്കാതെ അറിവിന്റെ അനന്തസാഗരമായി സ്വയം രൂപപ്പെടുന്ന ഗസാലിയന്‍ ശൈലിയാണ് ഇസ്‌ലാം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഏതെങ്കിലും യൂനിവേഴ്‌സിറ്റികളുടെ പടിയിറങ്ങുമ്പോഴേക്ക് വിദ്യാഭ്യാസം അവസാനിച്ചു എന്നു പറയുന്നത് ഇസ്‌ലാമികമായി ഒരിക്കലും ശരിയല്ല.
വിദ്യാഭ്യാസത്തെ ജോലിയുമായി ബന്ധിപ്പിച്ചുള്ള ആധുനിക വിദ്യാഭ്യാസ രീതിയാണ് ഏറെ അപകടം പിടിച്ചത്. കേവലം 'ജോബ് ട്രൈനിംഗ്' മാത്രമായി നമ്മുടെ വിദ്യാഭ്യസ മേഖല ചുരുങ്ങിക്കൊണ്ടിരിക്കുകയാണിപ്പോള്‍.  ജോലിയും പണവും മാത്രം ലക്ഷീകരിക്കുന്ന പാശ്ചാത്യന്‍ വിദ്യാഭ്യാസ ക്രമം അറിവിനെ പലതുണ്ടുകളായി വെട്ടിമുറിച്ച്  ഓരോരുത്തര്‍ക്കും കൂടുതല്‍ പണമുണ്ടാക്കാവുന്ന മേഖല വിതീച്ചു നല്‍കി. ഈ വിനീതന്റെ അനുഭവത്തില്‍ തന്നെ ഉന്നത തലങ്ങളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന പലരുമായും ഇടപെടാന്‍ സാധിച്ചപ്പോള്‍ തീര്‍ത്തും അലക്ഷ്യമായി, വ്യക്തമായ കാഴ്ചപ്പാടുകളില്ലാതെയാണ് പലരും അറിവ് നേടിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാനായി. കേവലം ജോലിയാവശ്യത്തിനും  തനിക്ക് ഇന്ന യോഗ്യതകളൊക്കെയുണ്ടെന്ന് വീര്യം പറയാനുമൊക്കെയാണ് ഇന്ന് പലരും ലക്ഷങ്ങള്‍ മുടക്കി പഠിച്ചുകൊണ്ടിരിക്കുന്നത്.  ഷോപ്പിംഗ് മാളുകളിലെ 'കണ്‍സ്യൂമറിസം' ഇന്ന് വിദ്യാഭ്യാസ മേഖലയെയും  ബാധിച്ചിരിക്കുന്നു എന്ന് ചുരുക്കം. കൂടുതല്‍ പരസ്യങ്ങളുള്ള, വിദ്യാഭ്യാസ കമ്പോളത്തില്‍ കൂടുതല്‍ മാര്‍ക്കറ്റുള്ള മേഖലകളിലേക്ക് മാത്രം വിദ്യാര്‍ഥി ലോകത്തിന്റെ ശ്രദ്ധ തിരിയുന്ന സാഹചര്യമാണ് നമുക്ക് മുമ്പിലുള്ളത്. ഓരോ സമയത്തേയും ട്രന്റിനനുസരിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. കേവലം ഭൗതിക സുഖാസ്വാദനം മാത്രം ലക്ഷ്യമാക്കിയുള്ള അത്തരം വിദ്യാഭ്യാസ രീതിയാകട്ടെ ഇസ്‌ലാമിന് ഏറെ അന്യവുമായിരുന്നു.
 മുസ്‌ലിം സമൂഹം വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നാക്കമാണെന്നു വ്യാപകമായി പലരും കൊട്ടിഘോഷിക്കുമ്പോള്‍ ഏത് മേഖലയിലാണ് നമ്മുടെ സമൂഹം പിന്നാക്കമെന്ന് കൂടി  ചര്‍ച്ചകളില്‍ കടന്നുവരേണ്ടതുണ്ട്. പാശ്ചാത്യലോകം പരിചയപ്പെടുത്തിയ കേവല സുഖാസ്വാദനത്തില്‍ അധിഷ്ടിതമായ വിദ്യാഭ്യാസ മേഖലയിലാണ് പിന്നാക്കമെന്ന് പറയുന്നതെങ്കില്‍ ഇസ്‌ലാമിക വിദ്യാഭ്യാസ രീതിയനുസരിച്ച് നമ്മള്‍ അതിനെ മുഖവിലക്കെടുക്കേണ്ടതേയില്ല. കാരണം ആത്മീയതയിലധിഷ്ടിതമായ ദൈവീകമാര്‍ഗത്തിലേക്ക് വിശ്വാസികളെ വഴിനടത്താന്‍ സഹായകമാകുന്ന രീതിയിലുള്ള വിദ്യാഭ്യാസത്തെയാണ് ഇസ്‌ലാം പ്രേരിപ്പിക്കുന്നത്.
 കൊളോണിയല്‍ വിദ്യാഭ്യാസ രീതിയോടുള്ള മുസ്‌ലിം സമൂഹത്തിന്റെ അവജ്ഞ, പാരമ്പര്യമായി തുടര്‍ന്നു പോന്നിരുന്ന അറബി ഭാഷയില്‍ നിന്ന് പുതിയൊരു ഭാഷയിലേക്കുള്ള വിദ്യാഭ്യാസ മേഖലയുടെ കുടിയേറ്റം, മുസ്‌ലിം പാരമ്പര്യവും ഇത്തരം വിദ്യാഭ്യാസ രീതികളും തമ്മിലുള്ള അന്തരം, തീര്‍ത്തും ഇസ്‌ലാമിക വിരുദ്ധമായിത്തീര്‍ന്ന വിജ്ഞാനസ്രോതസ്സുകള്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇത്തരം വിദ്യാഭ്യാസ രീതികളോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ മുസ്‌ലിം സമൂഹത്തെ പ്രേരിപ്പിച്ചിരിക്കാം. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ കൊളോണിയില്‍ ശക്തികളുടെ കടന്നുവരവ് മുസ്‌ലിം വിദ്യാഭ്യാസ രംഗത്തെ സാരമായി തന്നെ ബാധിക്കുകയുണ്ടായി.
  മതകീയ പരിസരത്ത് നിന്ന് കഴിയാവുന്നത്ര വിജ്ഞാനം സമ്പാദിക്കാന്‍ ഇസ്‌ലാം വിശ്വാസികളോട് ആവശ്യപ്പെടുന്നു. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും അറിവിന് നല്‍കിയ പ്രാധാന്യം പിന്നീടുള്ള നൂറ്റാണ്ടുകളില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് തന്നെ തിരികൊളുത്തി. ഇസ്‌ലാം കടന്നുചെന്ന രാജ്യങ്ങളിലൊക്കെയും ജ്ഞാന മണ്ഡലങ്ങള്‍ പൂത്തുപുഷ്പിച്ചു. ബാഗ്ദാദും സ്‌പെയിനുമൊക്കെ ആ ജ്ഞാനവളര്‍ച്ചയുടെ പ്രോജ്ജ്വലിച്ചു നില്‍ക്കുന്ന ശോഭനചിത്രങ്ങളായി മാറി. എന്നാല്‍ അവിടെയൊന്നും വിദ്യാഭ്യാസത്തെ വര്‍ഗീകരിക്കാത്ത ഇസ്‌ലാം പിന്നെ എവിടെയാണ് വിജ്ഞാനത്തെ പുരുഷന്മാര്‍ക്ക് മാത്രമായി  നിര്‍ണയിച്ചു വെച്ചത് എന്നു ചരിത്രം മുഴുവന്‍ അരിച്ചുപെറുക്കിയാലും കണ്ടെത്താനാവില്ല.
ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലം മുതല്‍ക്ക് തന്നെയുള്ള ചരിത്രം പരിശോധിച്ചുനോക്കുമ്പോള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ജ്ഞാനവിപ്ലവങ്ങള്‍ തീര്‍ത്ത വനിതാ രത്‌നങ്ങളെ നമുക്ക് കാണാനാകും. പ്രവാചകന്‍(സ)തങ്ങളുടെ പ്രിയ പത്‌നി ആഇശ(റ), ഹഫ്‌സ(റ), സൈനബ്(റ) തുടങ്ങി നബി(സ)തങ്ങളുടെ ഓരോ പത്‌നിമാരുടെ ജീവിതം പരിശോധിച്ചുനോക്കുമ്പോഴും വ്യത്യസ്ത മേഖലകളില്‍ കഴിവുതെളിയിച്ചവരായിരുന്നു അവരെന്ന് നമുക്ക് കണ്ടെത്താനാകും. സ്ത്രീ വിദ്യാഭ്യാസത്തെ നിരന്തരം പ്രോത്സാഹിപ്പിച്ച പ്രവാചകന്‍(സ), തന്റെ ജീവിത കാലത്ത് സ്ത്രീകള്‍ക്ക് വിജ്ഞാനം പകര്‍ന്നുകൊടുക്കാന്‍ വേണ്ടി ഒരു ദിവസം തന്നെ  നീക്കിവെച്ചിരുന്നു. തന്റെ കീഴിലുള്ള അടിമസ്ത്രീക്ക് പോലും വിദ്യ പകര്‍ന്നു നല്‍കണമെന്നാണ് പ്രവാചകന്റെ കല്‍പന. ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് പഠനം, കര്‍മശാസ്ത്രം, ഗോളശാസ്ത്രം, അനന്തരവകാശം, മെഡിക്കല്‍ തുടങ്ങിയ നിരവധി മേഖലകളില്‍ കഴിവുതെളിയിച്ച പണ്ഡിത വനിതകളെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാനാകും.
 വിവാഹാനാന്തരം പെണ്‍കുട്ടികള്‍ക്ക് അറിവ് തേടാനുള്ള അവസരങ്ങള്‍ ഇസ്‌ലാം നല്‍കുന്നില്ല എന്നതാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാല്‍  ശിഫാഉല്‍ അദവിയ്യ എന്ന സ്ത്രീയില്‍ നിന്ന് അക്ഷരജ്ഞാനം നേടിയ ഹഫ്‌സ ബീവിയെ വിവാഹത്തിനു ശേഷവും പ്രവാചകന്‍(സ) തങ്ങള്‍ പഠിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നു. പ്രവാചകന്‍ പഠിപ്പിച്ചിച്ച ഇസ്‌ലാമിക വിദ്യാഭ്യാസ രീതി ഇതാണെങ്കില്‍ പിന്നെ ഇസ്‌ലാമിനെതിരെ ആരോപണമുന്നയിക്കുന്നവരുടെ വാദങ്ങള്‍ക്ക് എന്തുപ്രസക്തിയാണുള്ളത്.
  അടുക്കളയുടെ ഭിത്തികള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കേണ്ട മുസ്‌ലിം സ്ത്രീകള്‍ ഒരുപാട് പഠിച്ചിട്ട് എന്തുകാര്യമെന്നാണ് മറ്റൊരു വിഭാഗത്തിന് ചോദിക്കാനുള്ളത്. വിദ്യാഭ്യാസം ജോലിയിലധിഷ്ടിതമായിരിക്കണമെന്ന പാശ്ചാത്യന്‍ ചിന്തകളില്‍ നിന്നു തന്നെയാണ് ഈ വാദവും ഉയിര്‍ത്തെഴുനേല്‍ക്കുന്നത്. അറിവ് പണം സമ്പാദിക്കാനുള്ള ആയുധം മാത്രമായിത്തീരുന്ന ലോകത്ത് ഇത്തരം വാദങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെങ്കിലും ഇസ്‌ലാമിക വിദ്യാഭ്യാസ ചട്ടക്കൂടിനുള്ളിലിട്ട് നോക്കുമ്പോള്‍ തീര്‍ത്തും അപ്രസക്തമാണ് ഈ വാദങ്ങള്‍. പ്രമുഖ ഈജിപ്ഷ്യന്‍ കവി ഹാഫിള് ഇബ്‌റാഹീം പാടിയത് പോലെ  'ഒരു പുരുഷനെ അറിവ് പഠിപ്പിക്കുന്നത് കൊണ്ട് ഒരു വ്യക്തിയെയാണ് നിങ്ങള്‍ പഠിപ്പിക്കുന്നതെങ്കില്‍ ഒരു സ്ത്രീക്ക് അറിവ് പകര്‍ന്നുകൊടുക്കുന്നതിലൂടെ  ഒരു തലമുറക്ക് തന്നെയാണ് നമ്മള്‍ അറിവ് പകര്‍ന്നുകൊടുക്കുന്നത്'.
 വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നാല്‍ പിന്നെ കുടുംബജീവിതത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന രീതിയും ചിലയിടങ്ങളില്‍ കണ്ടുവരുന്നു. എന്നാല്‍ ഇസ്‌ലാമികമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് കുടുംബ ബന്ധം. ഭര്‍ത്താവുമൊത്തുള്ള ജീവിതവും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും കുടുംബജീവിതത്തിന്റെ ഭാഗമാകുന്നതുമൊക്കെ ഇസ്‌ലാമിക ജീവിത രീതിയനുസരിച്ച് ഒരു സ്ത്രീ എന്തുകൊണ്ടും പാലിക്കേണ്ടതാണ്. അത് പ്രകൃതിയില്‍ തന്നെ പ്രപഞ്ച സ്രഷ്ടാവ് മനുഷ്യവംശത്തിന് വേണ്ടി സംവിധാനിച്ചു വെച്ചതാണ്. അതില്‍ നിന്നുള്ള ഒളിച്ചോട്ടമായി ഒരിക്കലും വിദ്യാഭ്യാസം ഗണിക്കപ്പെട്ടുകൂടാ..
  കുടുംബജീവിതത്തില്‍ ചിട്ടയാര്‍ന്ന കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനാവുമെന്നതിനു പുറമെ സ്ത്രീകള്‍ സമൂഹത്തില്‍ നിര്‍വഹിക്കേണ്ട ചില ദൗത്യങ്ങങ്ങള്‍ കൂടി അവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത് വിദ്യാഭ്യാസം തന്നെയാണ്. ഹജ്ജാജിന്റെ ക്രൂരതകള്‍ക്ക് മുന്നില്‍ ഇബ്‌നു സുബൈര്‍(റ)ന് ധീരത പകര്‍ന്ന അസ്മ(റ), ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്‍(സ) തങ്ങള്‍ക്ക് നേരെ വന്ന അക്രമങ്ങളെള്‍ക്കെതിരെ വാളെടുത്ത് പ്രതിരോധം തീര്‍ത്ത ഉമ്മു അമ്മാര്‍, ഖാദിസിയ്യാ യുദ്ധത്തില്‍ തന്റെ നാലുമക്കള്‍ ശഹീദായിട്ടും ആത്മവീര്യം കെടാതെ സൂക്ഷിച്ച പ്രമുഖ കവയത്രി ഖന്‍സാഅ് (റ) തുടങ്ങിയ സാമൂഹിക ജീവിത രംഗത്തും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹിളാ രത്‌നങ്ങളെ നമുക്ക് ചരിത്രത്തില്‍ കാണാനാകും.
   മതപരമായ അറിവ് നേടുന്നത് ഓരോരുത്തരുടെയും മേല്‍ നിര്‍ബന്ധ ബാധ്യതയാണെങ്കില്‍ സമൂഹത്തിനുപകാരപ്രദമായ മറ്റുവിജ്ഞാനമേഖലകളില്‍ പ്രതിഭ തെളിയിച്ച ഒരാളെങ്കിലും നാട്ടിലുണ്ടായിരിക്കല്‍ സാമൂഹികബാധ്യതയാണ്. ഇസ്‌ലാമിക ചരിത്രം പരിശോധിച്ചു നോക്കുമ്പോള്‍ യുദ്ധ വേളകളില്‍ മുറിവു പറ്റിയവര്‍ക്ക് ചികിത്സാവശ്യാര്‍ഥം പോയിരുന്ന സ്വഹാബി വനിതകളെ നമുക്ക് കാണാനാകും. മുസ്‌ലിം ചരിത്രതതിലെ ആദ്യത്തെ നേഴ്‌സായി ഉമ്മു അതിയ്യ(റ)യെ ചരിത്രം പരിചയപ്പെടുത്തുമ്പോള്‍ അക്കാലത്ത് നഴ്‌സിങ്ങിനുണ്ടായിരുന്ന പ്രാധാന്യമാണ്  നമുക്ക് തിരിച്ചറിയാനാകുന്നത്. അതുപോലെ സ്ത്രീകള്‍ക്ക് ചികിത്സാവശ്യങ്ങള്‍ക്കുണ്ടായിരുന്ന ഡോക്ടര്‍മാരെയും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീകളുടെ ചികിത്സക്കും മറ്റാവശ്യങ്ങള്‍ക്കുമെല്ലാം സ്ത്രീ ഡോക്ടര്‍മാര്‍ നമുക്കിടയില്‍ നിന്നു തന്നെ ജന്മമെടുക്കേണ്ടതിന്റെ ആവശ്യകതെയാണ് ഇതുവിളിച്ചോതുന്നത്.
 ചുരുക്കത്തില്‍ സാമൂഹിക ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളിലും സ്ത്രീക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കിയ മതമാണ് ഇസ്‌ലാം. ഈ വിശുദ്ധ മതത്തെ കരിവാരിത്തേക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ലോകം മുഴുവന്‍ അരങ്ങേറുമ്പോള്‍ വിദ്യാഭ്യാസ മേഖലയെക്കൂടി അതിലേക്ക് വലിച്ചിഴക്കാനാണ് മുസ്‌ലിം വിരോധികള്‍ ശ്രമിച്ചത്. അത്തരം വാദങ്ങള്‍ തീര്‍ത്തും ബാലിശമാണെന്ന് തെളിയിക്കാനും സ്ത്രീ വിദ്യാഭ്യാസത്തിലൂടെ  കൂടുതല്‍  കരുത്താര്‍ന്ന ഒരു തലമുറക്ക് ജന്മം നല്‍കാനും നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.
                                                       

നഷ്ടസ്വര്‍ഗം

                 



ജീവിതത്തില്‍ ഇങ്ങനെയൊരു കത്തെഴുതേണ്ടിവരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, കാരണം അന്ന് നിനക്കൊരെഴുത്തയച്ചതിന് ശേഷം കാലങ്ങളോളം   കലണ്ടറില്‍ നോക്കി ഓരോ ദിനവും ഞാന്‍ എണ്ണിയിരിക്കുകയായിരുന്നു. 'എന്നെങ്കിലും' എന്ന വലിയൊരു പ്രതീക്ഷയില്‍ കണ്ണുനട്ട് ഞാന്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു. അവസാനം ഒരമ്മയുടെ നീണ്ട കാത്തിരിപ്പിന് ശേഷം കടന്നുവരുന്ന കുഞ്ഞിനെപോലെ നിന്റെ കത്തുവന്നു. കുഞ്ഞിനെ കാണുമ്പോള്‍ ഓരോ അമ്മയും ചിരിക്കുന്നത് കണ്ടിട്ടില്ലേ....അതുപോലെ ഞാനും ചിരിച്ചു. പക്ഷേ നിന്റെ വടിവൊത്ത അക്ഷരങ്ങളുടെ മായികപ്രഭയില്‍ മയങ്ങിവീണ് കത്തിന്റെ അവസാനഭാഗമെത്തിയപ്പോയേക്ക് ചാപ്പിള്ളയെ പെറ്റ അമ്മയെ പോലെ ഞാന്‍ തിരിഞ്ഞ് കിടന്നു. അന്ന് കത്ത് കയ്യിലേല്‍പിച്ച പോസ്റ്റുമാന് ഞാനൊരു മുത്തംകൊടുക്കാനിരുന്നതാണ്, ഇന്നയാളെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ കുത്തിക്കൊല്ലും, കാരണം അത്രക്ക് പകയുണ്ടെനിക്ക്, എന്റെ ജീവിതത്തില്‍ ദുഃഖഭാരങ്ങളുടെ തുലാവര്‍ഷമായി പെയ്തിറങ്ങിയ നിന്റെ നശിച്ച വരികള്‍ എനിക്ക് സമ്മാനിച്ചതിന്. ''ഒമ്പത് വര്‍ഷമായിട്ടും നീയിപ്പോയും അതൊക്കെ ഓര്‍ക്കാറുണ്ടന്നോ.. അയ്യേ ഇതെന്താ കുട്ടികളിയാണോ, എനിക്കീ സ്‌നേഹത്തിലൊന്നും വിശ്വാസമില്ലടാ, പ്ലീസ് ഇനിയെന്നെ ശല്യപ്പെടുത്തരുത്.'' വേദന സമ്മാനിക്കുമ്പോഴും നിന്റെ ആ വാക്കുകള്‍ക്ക് അവര്‍ണനീയമായ ഒരു കാവ്യാത്മകതയുണ്ടായിരുന്നു. മനുഷ്യനെ പച്ചക്ക് തിന്നുന്ന ഒന്ന്.
   എന്ന് മുതലാണ് നമ്മുടെ ബന്ധം തുടങ്ങിയത്. പ്രണയത്തിന്റെ പേരില്‍  കൂട്ടുകാരെയൊക്കെ കളിയാക്കി നടന്നിരുന്ന എന്നെ നീയെങ്ങനെയാണ് കീഴ്‌പെടുത്തിയത്.
 എ സ്‌ക്വയറും ബി സ്‌ക്വയറും പറഞ്ഞ് സമദ് മാഷ് ക്ലാസിലെത്തുമ്പോള്‍ കണക്കറിയാത്ത എന്നെ നോക്കി നീ ചിരിക്കുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. അന്ന് ആ കണ്ണുകളില്‍ കണ്ട തിളക്കം എന്നെ വല്ലാതെ നിന്നിലേക്കാകര്‍ഷിച്ചിരുന്നു. നിന്റെ മിടുക്കിനൊത്തെ ഭംഗികൂടിയുണ്ടായിരുന്നത് കൊണ്ട് നിനക്ക് ചുറ്റും പറന്ന് കളിച്ചിരുന്ന പരുന്തിന്‍ കൂട്ടങ്ങളില്‍ നിന്ന് ഒരു തള്ളക്കോഴിയെ പോലെ നീ നിന്നെ കാത്തുസൂക്ഷിച്ചു. അവസാനം കാണാന്‍ ഭംഗിയില്ലാത്ത എന്റെ അടുത്ത് വന്ന് ഒരു ദിവസം നീ പറഞ്ഞു:'' മുഹ്‌സിന്‍ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു''. അന്നേ വരെ ഉമ്മയും പെങ്ങളുമല്ലാതെ മറ്റൊരു സ്ത്രീയും സ്പര്‍ഷിച്ചിട്ടില്ലാത്ത എന്റെ കൈവിരലുകളില്‍ നിന്റെ വിരലുകള്‍ ചേര്‍ത്ത് നീയെന്നെ വര്‍ഷങ്ങളുടെ ഓര്‍മകള്‍ പേറുന്ന സ്‌കൂള്‍ മുറ്റത്തെ  ആല്‍മരത്തിന് താഴേക്ക് നയിച്ചു. അന്ന് നിന്റെ കണ്ണുകളില്‍ കണ്ട ആ കുസൃതിച്ചിരി എന്നെ തകര്‍ത്തു കളഞ്ഞു. പിന്നെ നീ പറഞ്ഞതിനൊക്കെ ഞാന്‍ പോലും അറിയാതെ എന്റെ തലകുലുങ്ങി. അതോടെ അത്രകാലം എനിക്ക് സ്‌കൂളിലുണ്ടായിരുന്ന ഇമേജൊക്കെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. ഓഫീസിലേക്ക് വിളിച്ച സാറന്മാരൊക്കെ കേട്ടത് സത്യമാണോയെന്ന് അന്വേഷിച്ചു. 'പവിത്രസ്‌നേഹ'മെന്ന് നീ പറഞ്ഞത് അര്‍ഥംപോലുമറിയാതെ ഞാനവര്‍ക്കൊക്കെ മറുപടി പറഞ്ഞു. പിന്നെ സ്വന്തമായിട്ടൊരസ്ഥിത്വം പോലും എനിക്കില്ലാതായി. നീ പറഞ്ഞതൊക്കെ ഞാന്‍ കേട്ടു. ബാലരമ, ബാലഭൂമി, ലേബര്‍ ഇന്‍ഡ്യ, സ്‌കൂള്‍ മാസ്റ്റര്‍  ചോദിച്ചതൊക്കെ ഉമ്മായോട് കള്ളം പറഞ്ഞ് വാങ്ങിയ പണം കൊണ്ട് വാങ്ങിത്തന്നു. എന്റെ ഹൃദയമെപ്പോഴും നിനക്ക് വേണ്ടി മിടിച്ചു. നിനക്ക് വേണ്ടി മാത്രം, എന്റെ ഓര്‍മകളെ നിന്റെ മനസ്സുമായി കോര്‍ത്തുവെച്ചത് കൊണ്ട് എവിടെ നോക്കിയാലും നിന്റെ മുഖം മാത്രം ഞാന്‍ കണ്ടു. സുഗന്ധം വീശുന്ന മന്ദമാരുതന്‍ വരുമ്പോഴൊക്കെ ഞാനെന്റെ മൂക്ക് ചേര്‍ത്തുവെച്ചു, സത്യം പറയാലോ അവക്കൊക്കെ നിന്റെ അതേ വാസനയായിരുന്നു, അന്ന് നാലാം ക്ലാസിന്റെ ഇടനാഴികകളില്‍ നിന്ന് വിടപറഞ്ഞപ്പോള്‍ നീ സമ്മാനിച്ച അതേ ചൂര്.
 ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെ ബസ്റ്റാന്റില്‍ വെച്ചാണ് ഞാന്‍ നിന്നെ കണ്ടത്. കച്ചവടക്കാരുടെ നിലക്കാത്ത നിലവിളിയും ബസ്ജീവനക്കാരുടെ 'ശബ്ദവ്യവസായങ്ങളും' യാത്രക്കാരുടെ തിരക്ക് പിടിച്ച ഓട്ടവുമെല്ലാം സമ്മാനിച്ച കോലാഹലങ്ങളില്‍ നിന്നൊഴിഞ്ഞ് വളഞ്ഞുപുളഞ്ഞ് നീണ്ടുകിടക്കുന്ന ആ വരിയില്‍ നീയുമുണ്ടായിരുന്നു.യാത്രക്കാരെല്ലാം കയറിയതിന് ശേഷം മാത്രം ബസ്സിലേക്ക് കയറാന്‍ വിധിക്കപ്പെട്ട 'ധര്‍മയാത്രക്കാരുടെ'  കൂട്ടത്തില്‍. അന്ന് നിന്നെ കണ്ടത് മുതല്‍ നിനക്കൊരെഴുത്തെയക്കണമെന്ന് മനസ്സിലുറച്ചിരുന്നു. വീട്ടിലെത്തിയ ഉടനെ വസ്ത്രം പോലും മാറാതെ പേന കയ്യിലെടുത്ത് മുന്നില്‍ മലര്‍ന്നുകിടക്കുന്ന വൈറ്റ്‌പേപ്പറില്‍ ഞാനെന്റെ മനസ്സ് തുറന്നു. അതിന് ശേഷമുള്ള ഓരോ ദിവസങ്ങള്‍ക്കും ഒരായുസ്സിന്റെ നീളമായിരുന്നു. എന്നും ഞാന്‍ വഴിവക്കില്‍ പോയകാത്തിരിക്കും, പോസ്റ്റുമാന്‍ വരുന്നുണ്ടോയെന്നറിയാന്‍, അവസാനം നിന്റെ മറുപടി വന്നു. ഒമ്പത് വര്‍ഷക്കാലം എന്റെ മനസ്സിന്റയുള്ളില്‍ മറ്റാര്‍ക്കും ഇടംനല്‍കാതെ ഞാന്‍ കാത്തുസൂക്ഷിച്ച പ്രണയത്തെ എന്നോടൊരുവാക്കുപോലും പറയാതെ ക്രൂരമായി നീ അബോര്‍ഷന്‍ ചെയ്തു. നിന്റെ കത്ത് വായിച്ച ഉടനെ ഞാന്‍ നിലത്ത് വീണ് തേങ്ങിക്കരഞ്ഞു. പലരും എന്നോട് ചോദിച്ചു നിനക്കെന്ത് പറ്റിയെന്ന്, നീ സമ്മാനിച്ച ശൂന്യതയില്‍ മറുപടികള്‍ക്കായ് ഞാന്‍ തപ്പിത്തടഞ്ഞു. പലരോടും പലതും പറഞ്ഞ് കളവുകളുടെ ഒരു കാരാഗൃഹം തന്നെ ഞാന്‍ പണിതു. ഇനിയൊരിക്കലും രക്ഷപ്പെടാനാവാത്ത തടവറ. രാത്രികളില്‍ കറുത്തശൂന്യതയെ കൂട്ടുപിടിച്ച് ഞാന്‍ നിന്റെ പേരുറക്കെ വിളിച്ചുപറഞ്ഞു, അടുത്ത് കിടന്നിരുന്ന ഉമ്മ അതുകേട്ട് ഞെട്ടിയുണര്‍ന്ന് തങ്ങപ്പാപ്പ മന്ത്രിച്ചൂതിയ വെള്ളം എന്റെവായിലേക്ക് പകര്‍ന്ന് തന്നു. ഉമ്മക്കറിയില്ലായിരുന്നു ഞാനെന്തൊക്കയാണീ പറയുന്നതെന്ന്, എനിക്കറിയില്ലായിരുന്നു ഉമ്മയെന്തിനാണിതൊക്കെ ചെയ്തിരുന്നത്, എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെച്ചിരുന്ന ഞങ്ങള്‍ക്കിടയില്‍ നിന്റെ കാര്യത്തില്‍ മാത്രം അങ്ങനെ ഒരു അജ്ഞത പതുങ്ങിക്കിടന്നു.

 നിന്നെ മറക്കണമെന്ന് കരുതിയായിരുന്നു അന്ന് ഞാന്‍ കോഴിക്കോട് ബീച്ചിലെത്തിയത്. നോക്കത്താ ദൂരം പരന്നുകിടക്കുന്ന നീലാകാശത്തെ തന്നിലാവാഹിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന വിശാലമായ കടല്‍, ഏതോ ഹൊറര്‍ സിനിമയുടെ ക്ലൈമാക്‌സിലഭിനയിച്ചതുപോലെ തളര്‍ന്ന് കറുത്തപാറക്കല്ലുകളില്‍ ദുര്‍ബലമായി വന്നിടിച്ച് വീണ്ടുംവീണ്ടും മടങ്ങിവരാനായി മാത്രം സീല്‍ക്കാരത്തോടെ മടങ്ങിക്കൊണ്ടിരിക്കുന്ന തിരമാലകള്‍, ഒരുദിവസത്തെ വിയര്‍ത്തൊലിച്ച അധ്വാനത്തിന് ശേഷം തണുത്തുറഞ്ഞ കടല്‍വെള്ളത്തില്‍ മുങ്ങിക്കുളിക്കാനൊരുങ്ങുന്ന സൂര്യന്‍, തിരകള്‍ സമ്മാനിക്കുന്ന പരല്‍മീനുകള്‍ കൊത്തിയെടുക്കാന്‍ അച്ചടക്കത്തോടെ ക്യൂപാലിച്ച് നില്‍ക്കുന്ന കൊറ്റിക്കൂട്ടങ്ങള്‍, തന്റെ ദുഃഖഭാരം മറ്റാര്‍ക്കോ സമ്മാനിക്കാനായ് ഇഴഞ്ഞുനീങ്ങുന്ന മന്ദമാരുതന്‍, വയറ് നിറഞ്ഞിട്ടും കണ്‍മണിയെ സ്‌നേഹത്തോടെ ഊട്ടുന്ന അമ്മയെപ്പോലെ കടലിന്റെ വായിലേക്ക് വെള്ളമൊഴിച്ച് കൊടുക്കുന്ന ചാറ്റല്‍ മഴ, പ്രകൃതി സമ്മാനിച്ച കാഴ്ചകള്‍ കണ്ട് മനം നിറഞ്ഞ് ഞാനങ്ങനെ നടക്കുന്നതിനിടയില്‍ കയ്യിലൊരു കുടയും പിടിച്ച് നീയെന്റെ മുമ്പില്‍ വന്നു നിന്നു. സന്ധ്യയോടൊപ്പം മങ്ങിത്തുടങ്ങിയ എന്റെ കണ്ണുകളിലേക്ക് ഒരു തുള്ളി ഇരുട്ട് കൂടി സമ്മാനിച്ച് ഒരു വാക്കുപോലും പറയാതെ നീയെന്റെ മുന്നിലൂടെ നടന്നുനീങ്ങി. ഒരു പ്രാവശ്യമെങ്കിലും നീയെന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിക്കുമെന്നു കരുതി എന്റെ കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍  നിന്നെ തന്നെ നോക്കിനിന്നു. നീയെന്നെ തിരിഞ്ഞ് നോക്കാന്‍ ഭാവമില്ലെന്ന് കണ്ടപ്പോള്‍ കടല്‍ക്കരയിലൂടെ അലക്ഷ്യമായി നടന്നു. ആ സന്ധ്യാസമയത്ത് എനിക്ക് മുന്നില്‍ വെളിച്ചം പകരാന്‍ ഒരു കൈത്തിരി കാണുമെന്ന പ്രതീക്ഷയോടെ...
  അന്ന് രാത്രി വീട്ടിലെത്തിയതിന് ശേഷം ഞാന്‍ നിന്റെ കത്ത് പലവട്ടം വായിച്ചു. ഓരോ തവണ വായിക്കുമ്പോഴും കണ്ണിലിരുട്ട് കൂടിക്കൂടി വന്നു. നമുക്കൊരിക്കലും ഇനി കാണാനാവില്ല, നിന്റെ കഴുത്തില്‍ താലികെട്ടുന്ന മഹാഭാഗ്യവാന്റെ കൂടെ നീയെന്നും സന്തോഷത്തോടെ ജീവിക്കും. അപ്പോഴും ഇവിടെ ഈ ഇരുട്ടില്‍ ഒരു സ്‌നേഹ കിരണത്തിന് വേണ്ടി ഞാനലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടാകും. വിടരാനുള്ള ഭാഗ്യം പോലും ലഭിക്കാത്ത ഒരു നിര്‍ഭാഗ്യവാനായ പൂമൊട്ടായി....അതുകൊണ്ടാണ്  ഞാനീ കഥയെഴുതിയത്. ഞാന്‍ മരിച്ചാലും നമ്മുടെ ബന്ധത്തെക്കുറിച്ച് നിശ്ശബ്ദമായ വാചാലതയോടെ ഇത് സംസാരിക്കുമെന്ന് കരുതി. അങ്ങനെയും വേണമല്ലോ ചില സ്‌നേഹബന്ധങ്ങള്‍.
       

ഒരു പ്രവാചകാനുരാഗിയുടെ പ്രണയക്കുറിപ്പുകള്‍....



       ലോകത്ത് ഇന്ന് പ്രചുരപ്രചാരമുള്ള ഭാഷകളില്‍ അതീവ സുന്ദരമാണ് ഉര്‍ദു. സാഹിത്യഭംഗി, സ്വരമാധുര്യമാര്‍ന്ന വാക്കുകള്‍, സംഗീതസാന്ദ്രമായ ഘടന, ഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് തുളച്ച് കയറുന്ന തീവ്രത, വര്‍ണനകളുടെയും വിശേഷണപദങ്ങളുടെയും വിശാലമായ അക്ഷയഖനി, ശ്രോതാക്കളുടെ മനസ്സിലേക്ക് ആഴത്തില്‍ കടന്നിറങ്ങാനുള്ള ആകര്‍ഷണശക്തി തുടങ്ങി മറ്റു ഭാഷകളില്‍ നിന്ന് ഉറുദുവിനെ വ്യതിരക്തമാക്കുന്ന അനേകം സവിശേഷതകള്‍ നമുക്ക് കാണാനാകും. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഉറുദുവുമായി ഇടപഴകാത്തവരുടെ നാവുകളില്‍ പോലും മൂളിപ്പാട്ടുകളായി ഉറുദു വാക്കുകള്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നു. പ്രണയകാവ്യങ്ങളുടെയും വൈവിധ്യാവിഷ്‌കാരങ്ങളുടെയും അപാരമായ സാധ്യതകള്‍ തുറന്നിടുന്ന ഈ ഭാഷയില്‍ ദശലക്ഷക്കണക്കിന് സാഹിത്യകൃതികളാണ് രചിക്കപ്പെട്ടത്്. ലോകത്ത് മറ്റൊരുഭാഷയിലും ദര്‍ശിക്കാനാവാത്ത അക്ഷരശുദ്ധിയും ഭാവനാസങ്കല്‍പങ്ങളും ഇഴചേര്‍ത്ത് കാവ്യശകലങ്ങളായും മഖാലകളായുമെല്ലാം അനേകം ഗ്രന്ഥങ്ങള്‍ തന്നെ ഈ ഭാഷയുടെ മനോഹാരിതക്ക് കീരീടം ചാര്‍ത്തി നില്‍ക്കുന്നു. മതപരമായും സാഹിത്യപരമായും രചിക്കപ്പെട്ട അത്തരം കൃതികളില്‍ ഏറിയ പങ്കും വിശുദ്ധ ഇസ്്‌ലാമിന്റെ സന്ദേശങ്ങള്‍ കാവ്യാത്മക ഭംഗിയോടെ അതീവസുന്ദരമായി അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ തന്നെയാണ്. ഉറുദു എന്ന ഭാഷയെ മുസ്്‌ലിം സമൂഹത്തിന്റേത് മാത്രമാക്കി ചുരുക്കാനുള്ള വര്‍ഗീയശക്തികളുടെ ശ്രമങ്ങളെ ഗുണകരമായി വഴിതിരിച്ചുവിടാന്‍ മുസ്്‌ലിം പണ്ഡിതര്‍ അതിയായി ഉല്‍സാഹിച്ചു എന്നതായിരുന്നു ഇതിന് കാരണം.
 കേരളത്തില്‍ നിന്ന് തീര്‍ത്തും വ്യതിരക്തമായി പ്രവാചക സ്‌നേഹം ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ആഴത്തില്‍ ചേര്‍ത്തുപിടിക്കുന്ന ഉത്തരേന്ത്യക്കാര്‍ക്കിടയില്‍ തിരുജീവിതത്തിന്റെ വിവിധ തലങ്ങള്‍ വിശകലനം ചെയ്ത് അനേകം ഗ്രന്ഥങ്ങള്‍ തന്നെ രചിക്കപ്പെട്ടു. വ്യത്യസ്ത പണ്ഡിതര്‍, വിവിധ കാലങ്ങളില്‍ രേഖപ്പെടുത്തിയ ആ ചരിത്രഗ്രന്ഥങ്ങള്‍ കാലാന്തരങ്ങള്‍ക്കിടയിലും ഒളിമങ്ങാതെ നിലനില്‍ക്കുന്നു. ആയിരക്കണക്കിന് പണ്ഡിതരുടെ രാപകല്‍ നീണ്ട പരിശ്രമഫലമായി രചിക്കപ്പെട്ട അത്തരം കൃതികളില്‍ ഓരോ ഗ്രന്ഥവും പ്രവാചക ജീവിതത്തെ വ്യത്യസ്ത തലങ്ങളില്‍ നിന്ന് ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നവയാണ് എന്ന നിലക്ക് സവിശേഷ പരിഗണനയര്‍ഹിക്കുന്നു. പ്രവാചകപ്രണയത്താല്‍ വിശ്വാസി ഹൃദയങ്ങളെ ആവേശക്കൊടുമുടിയിലിരുത്തുന്ന അത്തരം ഗ്രന്ഥങ്ങള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് അഅ്്‌ലാ ഹസ്രത്ത് അഹ്്മദ് റസാഖാന്‍(റ) രചിച്ച ഹദാഈഖെ ബഖ്ശിശ്. ഉറുദു സാഹിത്യത്തില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ആ ഗ്രന്ഥത്തെ ചെറിയ രൂപത്തിലൊന്ന് പരിചയപ്പെടുത്തുകയാണ് ഇവിടെ..
   അഹ്്മദ് റസാഖാന്‍
 പ്രവാചക ജീവിതത്തെ ആഴത്തില്‍ അടുത്തറിയുകയും ഹൃദയാന്തരങ്ങളില്‍ തിരുജീവിതം അനുഭവിക്കുകയും ചെയ്ത് അനുഭവങ്ങളെ വാക്കുകളിലേക്ക് പകര്‍ത്തിയെഴുതിയ ലോകത്തെ അപൂര്‍വം പ്രതിഭാശാലികളിലൊരാളാണ് ശൈഖ് അഹ്്മദ് റസാഖാന്‍ ബറേല്‍വി. ലോകപണ്ഡിതര്‍ക്കിടയില്‍ ഇന്ത്യന്‍ സുയൂഥി എന്നറിയപ്പെടുന്ന മഹാനവര്‍കള്‍ ഹിജ്‌റ പതിനാലാം നൂറ്റാണ്ടിന്റെ മുജദ്ദിദ്(സമുദ്ധാരകന്‍)ആയാണ് അറിയപ്പെടുന്നത്. അജ്ഞതയില്‍ നിന്ന് രൂപം കൊണ്ട അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉത്തരേന്ത്യന്‍ മുസ്്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ മാരകരോഗമായി പടര്‍ന്നുപന്തലിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥ വിശ്വാസത്തിന്റെ കൈത്തിരിയുമായി കടന്നുവന്ന മഹാനവര്‍കള്‍ 1853 ജൂണ്‍ 14(ഹിജ്രാബ്ദം 1272, ശവ്വാല്‍ 10)ന് ബറേലിയിലെ പത്താന്‍ കുടുംബത്തിലാണ് ജനിക്കുന്നത്. മുഗള്‍ രാജഭരണത്തില്‍ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ പിതൃതലമുറയില്‍ ഒട്ടേറെ അനുഗ്രഹീതരായ പണ്ഡിതര്‍ തന്നെ കടന്നുപോയിരുന്നു. മഹിതമായ പാരമ്പര്യം പേറുന്ന ജീവിത സാഹചര്യത്തിലാണ് ജീവിതം നയിച്ചത് എന്നത് കൊണ്ട് തന്നെ ചെറുപ്പം കാലത്ത് തന്നെ മറ്റുള്ളവരെ റസാഖാന്‍ അമ്പരപ്പിച്ചുതുടങ്ങി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നാലാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കിയ അദ്ദേഹം സ്വദേശത്തെ പള്ളിയില്‍ ആറാം വയസ്സില്‍ നടത്തിയ മദ്്ഹുന്നബി പ്രഭാഷണം നാട്ടിലെ പണ്ഡിതരെ പോലും നിഷ്പ്രഭമാക്കുന്നതായിരുന്നു.
   ഖുര്‍ആന്‍, ഹദീസ്, തഫ്‌സീര്‍, അഖീദ, ഫിഖ്്ഹ്, മന്‍ഥിഖ്, നഹ്‌വ്് തുടങ്ങിയ ദീനീ വിജ്ഞാനമേഖലയില്‍ അഗാധപാണ്ഡ്യത്യമുണ്ടായിരുന്ന മഹാനവര്‍കള്‍ എഞ്ചിനീയറിംഗ്, ആള്‍ജിബ്ര, അരിത്മാറ്റിക്, സമയനിര്‍ണയം, ഗോളശാസ്ത്രം, വേദഗണിതം, ക്ഷേത്ര ഗണിതം തുടങ്ങിയ ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ ആഴത്തില്‍ പഠിക്കുക മാത്രമല്ല ഗലീലിയോ ഗലീലി, സര്‍ ഐസക് ന്യൂട്ടന്‍, കെപ്ലര്‍ തുടങ്ങിയവരുടെ തിയറികള്‍ക്ക് തിരുത്ത് വരെ നിര്‍ദേശിച്ചിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന് വേണ്ടി പള്ളിക്കൂടത്തിന്റെ പടികൂടി ചവിട്ടാത്ത റസാഖാന്‍ പിതാവ് നഖി അലി ഖാനില്‍ നിന്ന് മാത്രമാണ് വിദ്യനേടിയത് എന്നറിയുമ്പോഴാണ് മഹാനവര്‍കളുടെ വിജ്ഞാനത്തിന്റെ പ്രാധാന്യം കുടുതല്‍ വ്യക്തമാകുന്നത്.
 ആറാം വയസ്സില്‍ തന്നെ പ്രവാചക സ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങിയ അഹ്്മദ് റസാഖാന്‍ ജീവിതാന്ത്യം വരെ പ്രവാചകപ്രേമത്തില്‍ സ്വയം മറന്ന് അലിഞ്ഞുചേരുകയായിരുന്നു. അബ്്ദുല്‍ മുസ്ഥഫ(പ്രവാചകന്റെ അടിമ)എന്ന വിശേഷണം സ്വയം എടുത്തണിഞ്ഞ റസാഖാന്‍ അല്ലാഹുവിന്റെ റസൂലിനെ സ്‌നേഹിക്കുന്നതിലും റസൂലിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുന്നവര്‍ക്കെതിരെ പോരാടുന്നതിലുമായിരുന്നു തന്റെ ജീവിതം ചിലവഴിച്ചത്. റസൂലിനെ യഥാര്‍ഥരീതിയില്‍ മനസ്സിലാക്കുന്നതില്‍ പാളിച്ച സംഭവിച്ചു എന്നു തോന്നിയവര്‍ക്കെതിരെയെല്ലാം റസാഖാന്‍ ശക്തമായി പ്രതികരിച്ചിരുന്നു. മഹാനവര്‍കളുടെ കാലത്ത് ജീവിച്ചിരുന്ന സര്‍വരാലും അംഗീകരിക്കപ്പെട്ടിരുന്ന ഒരു സൂഫീശൈഖുമായി അദ്ദേഹം തര്‍ക്കത്തിലേര്‍പ്പെടുന്നതും തബ്്‌ലീഗ് ജമാഅത്തിന്റെ നേതാക്കള്‍ കാഫിറാണെന്നുള്ള ഫത്്‌വകള്‍ പുറപ്പെടുവിക്കുന്നതുമെല്ലാം അദ്ദേഹത്തിന്റെ മനസ്സില്‍ രൂഢമായി നിലനിന്നിരുന്ന പ്രവാചകസ്‌നേഹത്തിന്റെ അതിതീവ്രത കൊണ്ടായിരുന്നു.
 ഹദാഇഖെ ബഖ്ശിശ്
 ആയിരക്കണക്കിന് പ്രവാചകപ്രകീര്‍ത്തന ഗ്രന്ഥങ്ങളുള്ള ഉറുദുഭാഷയില്‍ അഅ്‌ലാഹസ്രത്തിന്റെ ഹദാഇഖെ ബഖ്ശിശ് ഏറെ വ്യതിരക്തമായി നിലനില്‍ക്കുന്നു. പ്രവാചകപ്രേമത്തിന്റെ മനം മയക്കുന്ന ലോകത്ത്, റസൂലിനെ മാത്രം ഹൃദയത്തിലാവാഹിച്ച്, ഭൗതിക ലോകത്തിന്റെ സര്‍വനൂല്‍ബന്ധങ്ങളില്‍ നിന്നും ആത്മാവിനെ മോചിപ്പിച്ച,് റസൂലില്‍ അലിഞ്ഞ് ചേരുന്ന അഹ്്മദ് റസാഖാനെയാണ് ഈ കൃതിയില്‍ നമുക്ക് കാണാനാകുന്നത്.
 ഉറുദു സാഹിത്യലോകത്ത് അനേകായിരം കവികള്‍ അനശ്വരപ്രതിഭകളായി വിരാചിക്കുമ്പോള്‍ റസാഖാന്റെ ഹദാഇഖെ ബഖ്ശിശിനെ ചര്‍ച്ചക്കെടുക്കുന്നത് തീര്‍ത്തും ബോധപൂര്‍വമാണ്. ഉറുദു ഗദ്യസാഹിത്യത്തിലും ഇസ്്‌ലാമിക വിഷയങ്ങളിലെ പാണ്ഡ്യത്തിലും റസാഖാന്‍ ലോകതലത്തില്‍ തന്നെ അംഗീകരം നേടിയിരുന്നു. 1905 ല്‍ ഹിജാസിലെ പണ്ഡിതര്‍ക്കിടയില്‍ ഇല്‍മുല്‍ ഗൈബിനെക്കുറിച്ച് നിരന്തര വാദപ്രതിവാദം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഹജ്ജിനെത്തിയ റസാഖാന്‍ ഒരൊറ്റ റഫറന്‍സ് ഗ്രന്ഥം പോലും നോക്കാതെ വെറും എട്ടുമണിക്കൂര്‍ മാത്രം ഉപയോഗിച്ച് രചിച്ച അദ്ദൗലത്തുല്‍ മക്കിയ ബില്‍ മാദ്ദത്തില്‍ അറബിയ്യ അക്കാലത്തെ പണ്ഡിതപ്രമുഖരുടെയെല്ലാം സംശയങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുകയും ലോകതലത്തില്‍ തന്നെ റസാഖാന് ആദരം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉറുദു സാഹിത്യത്തിലെ അതീവ സുന്ദരമായ കാവ്യരചനയില്‍ റസാഖാന് കഴിവുകളില്ല എന്ന രീതിയില്‍ പ്രചരണങ്ങള്‍ നടക്കുമ്പോഴാണ് കാവ്യസാമ്രാട്ടുകളെയെല്ലാം അംബരപ്പിച്ച റസാഖാന്‍ പ്രവാചക മദ്്ഹ് കീര്‍ത്തനവുമായി കടന്നുവരുന്നത്.
 സാഹിത്യഭംഗിയില്‍ ഹദാഇഖെ ബഖ്്ശിശിന്റെ ഏഴയകലത്ത് പോലും മറ്റുള്ളവരുടെ ഗ്രന്ഥങ്ങളെത്തില്ലെന്നാണ് സാഹിത്യനിരൂപകരുടെ പക്ഷം. ഉര്‍ദു കാവ്യശാസ്ത്രാലങ്കാരത്തിലെ മുഴുവന്‍ മേഖലകളും ഉള്‍ക്കൊള്ളിച്ച് അതീവ സുന്ദരമായി കോര്‍ത്തിണക്കിയ ഈ കൃതി ഒരര്‍ഥത്തില്‍ സാഹിത്യലോകത്ത് പുതിയ രചനാരീതിക്ക് തന്നെ തുടക്കം കുറിക്കുകയായിരുന്നു. ആധുനിക കാവ്യശാസ്ത്രത്തില്‍ ഭാഷയുടെ അലങ്കാരത്തിനായി ഏതൊക്കെ രീതികള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടോ അതെല്ലാം കൃത്യമായി ഉള്‍ക്കൊള്ളിക്കാന്‍ റസാഖാന് സാധിച്ചു എന്നതിനെ അല്‍ഭുതകരമെന്നേ വിശേഷിപ്പിക്കാനാകൂ. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും പഠിച്ചെടുത്ത ശരീഅത്ത് അനുവദിക്കുന്ന മാര്‍ഗത്തിലൂടെ പ്രവാചകാനുരാഗത്തിന്റെ മായികലോകത്തേക്ക് യാത്രതിരിക്കുന്ന റസാഖാന്‍ ' കാമിലെ നുഖ്‌സാന്‍' എന്ന പദപ്രയോഗത്തിലൂടെ വളരെ വിനീതമായാണ് തിരുജീവിതത്തെ വായനക്കാരിലെത്തിക്കുന്നത്. പ്രവാചകസ്‌നേഹം, പ്രവാചകാനുരാഗത്തിന്റെ  മര്യാദകള്‍, സ്വഹാബ, പ്രവാചകപത്‌നിമാര്‍, ഔലിയാക്കള്‍ തുടങ്ങിയവരോടുള്ള ആദരവ് തുടങ്ങിയവയെല്ലാം ചെറുതെങ്കിലും ആശയസമ്പുഷ്ടമായ ഈ ഗ്രന്ഥത്തിന്റെ അകത്തളങ്ങളില്‍ കടന്നുവരുന്നു.
 പുണ്യപ്രവാചകനെ ആക്ഷേപിച്ചവര്‍ക്ക് മറുപടി നല്‍കാന്‍ മദീനാ പള്ളിയില്‍  തിരുമേനി തന്നെ ഇരിപ്പിടമൊരുക്കി നല്‍കിയ ഹസ്സാന്‍ ബിന്‍ സാബിത്തിനെയാണ് ഞാന്‍ മാതൃകയാക്കുന്നത് എന്ന് തുടക്കത്തില്‍ തന്നെ റസാഖാന്‍ സൂചിപ്പിക്കുന്നുണ്ട്. പ്രവാചകനെതിരില്‍ ആക്ഷേപകകാവ്യങ്ങള്‍(ഹിജാഅ്) നടത്തിയിരുന്ന ശത്രുക്കളെയാണ് ഹസ്സാന്‍ ബിന്‍ സാബിത്തിന് നേരിടാനുണ്ടായിരുന്നതെങ്കില്‍ പ്രവാചകനെ അപമാനിക്കാനും സാധാരണ മനുഷ്യന്‍ മാത്രമായി ചിത്രീകരിച്ച് വിശ്വാസികള്‍ക്കിടയില്‍ പ്രവാചകനോടുള്ള ആദരവ് നഷ്ടപ്പെടുത്താനും ശ്രമിച്ചിരുന്ന വഹാബി, തബ്്‌ലീഗ് ജമാഅത്ത്, അഹ്്‌ലെ ഹദീഥ് തുടങ്ങിയ നവീന ചിന്താധാരകളോടായിരുന്നു മഹാനവര്‍കള്‍ക്ക് പോരാടാനുണ്ടായിരുന്നത്. പ്രവാചകാനുരാഗത്തിന്റെ അതിതീവ്രമായ ലോകത്ത് ജീവിച്ചിരുന്നത് കൊണ്ട് തന്നെ റസാഖാന്‍ പ്രവാചകനെ ആക്ഷേപിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ തബ്‌ലീഗ് ജമാഅത്ത്, അഹ്‌ലെ ഹദീസ് നേതാക്കള്‍ക്കെതിരെ ശക്തമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. അശ്‌റഫ് അലി താനവി, റശീദ് അഹ്മദ് ഗംഗോഹി, മുഹമ്മദ് ഖാസിം നാനൂത്വവി തുടങ്ങിയ നവീനവാദികളെയെല്ലാം ഇസ്‌ലാമിന്റെ പരിധിക്ക് പുറത്തായാണ് റസാഖാന്‍ വീക്ഷിച്ചിരുന്നത്. പ്രവാചകനെ നിന്ദിക്കാനുള്ള ഒരു തരത്തിലുള്ള ശ്രമവും വെച്ചുപൊറുക്കാന്‍ മഹാനവര്‍കള്‍ തയ്യാറായിരുന്നില്ല,
        പ്രവാചകപ്രേമം വിശ്വാസിഹൃദയങ്ങളില്‍ ആഴത്തില്‍ കൊത്തിവെക്കുകയായിരുന്നു റസാഖാന്‍ തന്റെ കൃതിയിലൂടെ. ഉത്തരേന്ത്യയിലും ഹനഫീ കര്‍മശാസ്ത്ര സരണി പിന്തുടരുന്നവരുള്ള മേഖലകളിലും എല്ലാ ദിവസവും സുബ്ഹി നിസ്‌കാരത്തിന് ശേഷം ഏറെ ഭക്തിയാദരവുകളോടെ പാരായണം ചെയ്യാറുള്ള മുസ്ഥഫ ജാനേ റഹ്മത്ത് പെ ലാകോം സലാം എന്ന ശ്രദ്ധേയമായ ഈരടകിള് ഹദാഇഖെ ബഖ്ശിശിലൂടെ അഅ#്‌ലാ ഹസ്രത്ത് സംഭാവന ചെയ്തതാണ്. ഖിയാമത്ത് നാള്‍ വരെ നിലനില്‍ക്കുന്ന പ്രവാചപ്രമേത്തിന്റെ നിലക്കാത്ത അടയാളപ്പെടുത്തലായിരുന്നു റസാഖാന്റെ ഈ ഗ്രന്ഥം.
 തിരുനബിയോടുള്ള സ്‌നേഹം ജീവിതവ്രതമായി സ്വീകരിക്കുകയും പ്രവാചകസ്‌നേഹത്തില്‍ ഭൗതിക ലോകത്തെ തന്നെ നിഷ്പ്രയാസം മറക്കുകയും ചെയ്ത ആ മഹാനുഭാവന്റെ ഈ ഗ്രന്ഥം വാക്കുകളുടെയും സാഹിത്യ ചമല്‍ക്കാരങ്ങളുടെയും പുറം തോടുകള്‍ക്കപ്പുറം ഹൃദയാന്തരങ്ങളില്‍ നിന്ന് പ്രവാചകനെ വായിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ വാചകക്കസര്‍ത്തുകള്‍ക്കപ്പുറം തീര്‍ത്തും ആത്മീയമായ ഒരനുഭൂതി വായനക്കാരന് സമര്‍പ്പിക്കാന്‍ ഹദാഇഖെ ബഖ്ശിശിന് സാധിക്കുന്നുണ്ട്.

ഏകസിവില്‍കോഡ് കരുതിയിരിക്കുക











                                                       
ലോകത്തെ ഏറ്റവും വലിയ മതേതരത്വരാജ്യമാണ് നമ്മുടെ ഇന്ത്യ. ചരിത്രാതീത കാലംതൊട്ട് മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃക തീര്‍ത്ത നാട്.  ഇവിടെ ജന്മംകൊണ്ടതും വിദേശത്ത് നിന്ന് കടന്നുവന്നതുമായ സര്‍വമതങ്ങള്‍ക്കും അഭയവും വളര്‍ന്ന് പന്തലിക്കാനുള്ള സാഹചര്യവും ഈ രാജ്യം ഒരുക്കിനല്‍കി. ഹൈന്ദവരും മുസ്‌ലിംകളും കൃസ്ത്യാനികളുമെല്ലാം  ഇവിടെ തോളോട് തോള്‍ചേര്‍ന്ന് ജീവിച്ചു. മറ്റുള്ളവന്റെ മതത്തെ ആക്രമിക്കുകയോ അപമാനിക്കുകയോ ചെയ്യാതെ എല്ലാവരും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളുമായി ജീവിതം തള്ളിനീക്കി. വ്യത്യസ്ത വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരുപാട് രാജാക്കന്മാര്‍ ഇവിടം ഭരിച്ചുപോയി. പക്ഷേ, ആരും അന്യമതസ്ഥരുടെ അവകാശങ്ങളില്‍ കൈകടത്താന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല.
ഇന്ത്യയിലെ ഭരണാധികാരികള്‍ ഭരിച്ചിരുന്ന സമയത്ത് മതനിയമങ്ങള്‍ അനുഷ്ഠിക്കുന്നതില്‍  പൂര്‍ണസ്വാതന്ത്രമുണ്ടായിരുന്നെങ്കിലും അധിനിവേശ ശക്തികളുടെ കടന്നുവരവോടെ അതില്‍ ഇളക്കം തട്ടി. 1498 ല്‍ ഇന്ത്യയിലേക്ക് കടന്നുവന്ന വാസ്‌ഗോഡ ഗാമ നടത്തിയ ക്രൂരകൃത്യങ്ങള്‍ ചരിത്രത്തില്‍ കുപ്രസിദ്ധമാണ്. അധിനിവേശത്തിനും കച്ചവടത്തിനുമപ്പുറം മിഷനറി പ്രവര്‍ത്തനത്തിന് കൂടി അവര്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി പള്ളികള്‍ തകര്‍ത്തും ആരാധനാലയങ്ങള്‍ മലിനമാക്കിയും മുസ്‌ലിംകള്‍ക്ക് മേല്‍ ക്രൂരപീഡനങ്ങള്‍ അഴിച്ചുവിട്ടും ഗാമയും കൂട്ടരും തങ്ങളുടെ ഹിംസാത്മകത തുറന്നുകാട്ടി. പോര്‍ച്ചുഗീസുകാര്‍ നടത്തിയ ക്രൂരപീഡനങ്ങള്‍ക്കെതിരെ മുസ്‌ലിംകള്‍ നടത്തിയ സമരങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് കേരളത്തിലെ ആദ്യചരിത്ര കൃതി തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ അഖ്ബാരില്‍ ബുര്‍തുഗാലിയ്യീന്‍ എന്ന സൈനുദ്ദീന്‍ മഖ്ദൂമിന്റെ വിശ്വപ്രസിദ്ധമായ ഗ്രന്ഥം തന്നെ രചിക്കപ്പെടുന്നത്. പോര്‍ച്ചിഗീസുകാര്‍ ഇവിടെ നടത്തിയ അക്രമപരമ്പരകളുടെ നഖചിത്രം സൈനുദ്ദീന്‍ മഖ്ദൂം ഈ കൃതിയില്‍ വരഞ്ഞുവെക്കുന്നുണ്ട്. അതിനുശേഷം കടന്നുവന്ന ഡച്ചുകാരും ബ്രിട്ടീഷുകാരും മുസ്‌ലിംകളോട് പെരുമാറിയത് വളരെ ക്രൂരമായിട്ടായിരുന്നെങ്കിലും മുസ്‌ലിം വ്യക്തിനിയമങ്ങളെ മാനിക്കാന്‍ അവര്‍ തയ്യാറായിരുന്നു എന്നാണ് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. എന്നാല്‍ ഖേദകരമെന്ന് തന്നെ പറയട്ടെ, ഭരണാഘടനാ നിര്‍മാണ സമയം മുതല്‍ ആരംഭിച്ച ഏക സിവില്‍ കോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നരേന്ദ്ര മോദി അധികാരത്തിലേറിയത് മുതല്‍ കൂടുതല്‍ സജീവമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. തെരഞ്ഞെടുപ്പ് പത്രികയില്‍ മോദി ഉയര്‍ത്തിക്കാട്ടിയത് തന്നെ ഏക സിവില്‍ കോഡും രാമക്ഷേത്ര നിര്‍മാണവുമായിരുന്നു. മതേതര ഇന്ത്യയെ കളങ്കപ്പെടുത്താനുള്ള ഇത്തരം ആപത്കരമായ ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് ഇന്ത്യയിലെ തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക നായകരും ഒന്നടങ്കം ആശങ്കപ്പെടുന്ന ഈ സമയത്താണ് കേരളത്തിലെ ഒരു മുസ്‌ലിം നാമധാരിയായ ബുദ്ധിജീവി തന്റെ സാന്നിധ്യം വീണ്ടും വിളിച്ചറിയിച്ചത്. തന്റെ  തലയിലടിഞ്ഞ് കൂടിയ യുക്തിവാദത്തിന്റെ വറച്ചട്ടിയിലിട്ട് ഇസ്‌ലാമിനെ അളക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പരിശ്രമം തുടങ്ങിയ ചേന്ദമംഗലൂരുകാരന്‍ മാതൃഭൂമി പത്രത്തിലാണ് പഴകിപ്പുളിച്ച ചിലവാദങ്ങളെ വീണ്ടും കുടഞ്ഞിട്ട് വലിയ മതേതരവാദിയാകാന്‍ ശ്രമിക്കുന്നത്. ലേഖനത്തിന് എരിവ് നല്‍കാനെന്നോണം സ്വഫ് കെട്ടിനില്‍ക്കുന്ന മുസ്‌ലിംസ്ത്രീകളുടെ ഫോട്ടോകൂടി ആയതോടെ സംഗതി കുശാലായി. സ്ത്രീ സമത്വമെന്നും മതേതരത്വമെന്നുമൊക്കെ വിളമ്പി ഏകസിവില്‍ കോഡിന് വേണ്ടി ഇവര്‍ മുറവിളി കൂട്ടുമ്പോള്‍ മുസ്‌ലിം വ്യക്തിനിയമത്തെ കുറിച്ചും ഏക സിവില്‍ കോഡിനെയും കുറിച്ച് ചെറിയ തോതില്‍ ചര്‍ച്ച ചെയ്യാനാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്.
   മുസ്‌ലിം വ്യക്തിനിയമം
  മുഗള്‍ ഭരണകാലത്തോടയാണ് ഇന്ത്യയില്‍ ഇസ്‌ലാമികനിയമങ്ങള്‍ നടപ്പാക്കപ്പെടുന്നത്. നീതിനിര്‍വഹണത്തിലും സമാധാനന്തരീക്ഷം സൃഷ്ടിക്കുന്നതിലും തുല്യതയില്ലാത്ത മാതൃക തീര്‍ത്ത ഈ കാലത്ത് മറ്റുമതസ്ഥര്‍ക്ക് തങ്ങളുടെ ആരാധാനകള്‍ നിര്‍വഹക്കുന്നതിലോ തങ്ങളുടെ മതനിയമങ്ങളനുസരിച്ച് ജീവിക്കുന്നതിലോ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. 1765 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ജുഡീഷ്യറി നിയമങ്ങളില്‍ അഴിച്ചുപണികള്‍ നടത്തിയെങ്കിലും മുസ്‌ലിം പണ്ഡിതരുടെ ഫത്‌വകള്‍ക്കനുസരിച്ചായിരുന്നു അക്കാലത്തും കോടതികള്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ വിധിപറഞ്ഞിരുന്നത്. എന്നാല്‍ പതിയെ നിയമങ്ങളില്‍ മാറ്റം വരുത്തിത്തുടങ്ങിയ ബ്രിട്ടീഷുകാര്‍ 1862 ല്‍ മുസ്‌ലിം ശിക്ഷാനിയമം എടുത്തു കളയുകയും പകരം ഇന്ത്യന്‍ ശിക്ഷാനിയമം പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. പക്ഷേ, വിവാഹം, വിവാഹമോചനം, അനന്തരം തുടങ്ങിയ കുടുംബപരവും സാമൂഹികവുമായ കാര്യങ്ങളിലെ നിയമങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്ന് പോന്നു(ചാമ്പേര്‍സ് വിജ്ഞാനകോശം വോള്യം 9 പേജ് 468).
  മുസ്‌ലിം സമൂഹത്തിന്റെ ജീവിതചലനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കേണ്ടത് ശരീഅത്തായിരുന്നെങ്കിലും പല കുഗ്രാമങ്ങളിലും പാരമ്പര്യമായി തുടര്‍ന്ന് പോന്നിരുന്ന ആചാരങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ പുതുമുസ്‌ലിംകളില്‍ ചിലര്‍ തയ്യാറായിരുന്നില്ല. സ്ത്രീകള്‍ക്ക് അനന്തരം നിഷേധിച്ചിരുന്ന ഹൈന്ദവ വിശ്വാസത്തിന്റെ പതിവനുസരിച്ച് മുസ്‌ലിം സ്ത്രീകള്‍ക്കും അനന്തര സ്വത്തുക്കള്‍ നിഷേധിച്ചിരുന്ന ഒരു സാഹചര്യം ചില ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അരങ്ങേറിയപ്പോള്‍ അക്കാലത്തെ മുസ്‌ലിം പണ്ഡിതര്‍ ശക്തമായി രംഗത്തിറങ്ങി. അതിന്റെ ഫലമായി 1937 ല്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് നടപ്പില്‍ വന്നു. ഇതേ തുടര്‍ന്ന് വിവാഹം, വിവാഹമോചനം, രക്ഷാകര്‍തൃത്വം, അനന്തരം, വഖ്ഫ് തുടങ്ങിയ കാര്യങ്ങളിലൊക്കെ ശരീഅത്ത് നിയമമനുസരിച്ച് കോടതികള്‍ വിധിക്കാന്‍ തുടങ്ങി. 1939 ല്‍ വിവാഹം വേര്‍പ്പെടുത്താന്‍ സ്ത്രീക്ക് കൂടി അവകാശം നല്‍കുന്ന മാര്യേജ് ഡിസൊലൂഷന്‍ ആക്ട് (ാമൃൃശമഴല റശീൈഹൗേശേീി മര)േപ്രാബല്യത്തില്‍ വന്നു. ഭാര്യമാരോട് പുരുഷന്മാര്‍ നിറവേറ്റണമെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്ന കടമകള്‍ നിറവേറ്റാനോ, അവരുടെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റനോ, ചിലവ് കൊടുക്കാനോ, കാരണങ്ങളില്ലാതെ ഭാര്യയില്‍ നിന്ന് സുദീര്‍ഘ കാലം അകന്ന് നില്‍ക്കുകയോ ചെയ്താല്‍ ഭാര്യക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കാമെന്ന് ഈ നിയമം വ്യക്തമാക്കി. അതുപോലെ തന്നെ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞ രീതിയിലുള്ള അനന്തരം ലഭിച്ചില്ലെങ്കില്‍ കോടതിയില്‍ കയറി അത് നേടിയെടുക്കാനുള്ള സാഹര്യവും ബ്രട്ടീഷുകാര്‍ ഒരുക്കിനല്‍കി.
 മുസ്‌ലിംകളുടെ കാര്യങ്ങളില്‍ ഫത്‌വ നല്‍കാന്‍ അക്കാലത്തെ പണ്ഡിതപ്രമുഖരുടെ കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ഡി. എഫ് മുല്ല, എ.എ ഫൈസി, തയ്യിബ് ജീ തുടങ്ങിയവര്‍ ഇതിന് വേണ്ടി ഇംഗ്ലീഷ് ഭാഷയില്‍ തന്നെ ഇസ്‌ലാമിക് ശരീഅത്ത് വിശദമാക്കുന്ന  ഗ്രന്ഥങ്ങള്‍ രചിച്ചു. ഹനഫീ മദ്ഹബിലെ ആധികാരിക കര്‍മശാസ്ത്രഗ്രന്ഥമായ ഇമാം ബുര്‍ഹാനുദ്ദീന്‍ തങ്ങളുടെ  ഹിദായയുടെ ഇംഗ്ലീഷ് വിവര്‍ത്തനുവും  ഇമാം ആലങ്കീരിയുടെ കിതാബുമായിരുന്നു കോടതികളില്‍ കൂടുതല്‍ ഉപയോഗിച്ചിരുന്ന ഗ്രന്ഥങ്ങള്‍. ഇത്തരത്തില്‍ ശരീഅത്തിനെയും മുസ്‌ലിം വ്യക്തിനിയമങ്ങളെയും മാനിക്കുന്ന രീതിയിലായിരുന്നു മുസ്‌ലിംകളോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന ബ്രിട്ടീഷുകാര്‍ പോലും പെരുമാറിയിരുന്നത്.
 മുസ്‌ലിം വ്യക്തിനിയമത്തിന്റെ പ്രാധാന്യം.
  വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഏറെ പ്രാധാന്യമുള്ള വിവാഹം, വിവാഹമോചനം, അനന്തരം തുടങ്ങിയ കാര്യങ്ങളിലൊന്നും മനുഷ്യനിര്‍മിത നിയമങ്ങളെ പിന്തുടരാന്‍ സത്യവിശ്വാസികളെ ഇസ്‌ലാം ഒരിക്കലും അനുവദിക്കുന്നില്ല. ഒരു നിമിഷമൊന്ന് പിഴച്ചുപോയാല്‍ ജീവിതത്തിന്റെ താളക്രമം തന്നെ തെറ്റുന്ന, അരുംകൊലകളിലും രക്തച്ചൊരിച്ചിലുകളിലും കലാശിക്കാവുന്ന ഇത്തരം കാര്യങ്ങള്‍ക്കെല്ലാം തന്നെ പ്രപഞ്ചനാഥന്‍ ശക്തിയുക്തമായ നിയമങ്ങള്‍ വെച്ചിട്ടുണ്ട്.
   വിവാഹത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് ''ഇത് അല്ലാഹുവില്‍ നിന്നുള്ള നിയമമാണെന്നും ഇത് അനുസരിക്കേണ്ടത് നിര്‍ബന്ധ ബാധ്യതയാണെന്നും ''(4.24) ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ വിവാഹമോചനം അനുവദനീയമാണെന്ന് പറയുന്നിടത്ത് ഇത് അല്ലാഹുവിന്റെ പരിധികളില്‍ പെട്ടതാണെന്നും, അത് ലംഘിക്കുന്നവര്‍ തീര്‍ച്ചയായും അതിക്രമം ചെയ്തവനാണെന്നും(2.229) ലോകനാഥന്‍ വിശുദ്ധ ഖുര്‍ആനിലൂടെ മനുഷ്യരെ ഉത്‌ബോധിപ്പിക്കുന്നുണ്ട്  . ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായത് അവന്റെ മതംതന്നെയാണ്. അതില്‍ കൈകടത്താനുള്ള ശ്രമങ്ങളെ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ അവനൊരിക്കലും സാധിക്കില്ല.
     എന്തൊക്കെയോ വാരിവലിച്ചെഴുതിയ ചേന്ദമംഗലൂരിന്റെ ലേഖനത്തില്‍ ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്ന മുസ്‌ലിംകളോട് അദ്ദേഹം ചോദിക്കുന്ന ഒരിശുരന്‍ ചോദ്യമുണ്ട്. എത്രയോ വര്‍ഷമായി ഇസ്‌ലാമിന്റെ ശത്രുക്കള്‍ ചോദിച്ച് വലിച്ചെറിഞ്ഞ അറുവശളന്‍ ചോദ്യം!     കൊളോണിയല്‍ ഭരണകര്‍ത്താക്കള്‍ ഇവിടെ 1860 ല്‍ ഇന്ത്യന്‍ ശിക്ഷാനിയമവും 1861 ല്‍ ക്രിമിനല്‍ നടപടിക്രമവും നടപ്പില്‍ വരുത്തിയപ്പോള്‍  ആ മേഖലയില്‍ അതുവരെ നിലനില നിന്ന ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങള്‍ റദ്ദുചെയ്യപ്പെട്ടു. തത്ഫലമായി മുസ്‌ലിംകളുടെ സാംസ്‌കാരിക വ്യക്തിത്വത്തിന് കോട്ടം തട്ടിയില്ലെങ്കില്‍ ഇപ്പോള്‍ വിവാഹം, അനന്തര സ്വത്തവകാശം, തുടങ്ങിയ വിഷയങ്ങളില്‍ ശരീഅത്തിനെതിരെ നിയമങ്ങള്‍ നടപ്പിലാവുമ്പോള്‍ അവരുടെ സാംസ്‌കാരികത്തനിമക്ക് കോട്ടം തട്ടുന്നതങ്ങെനെ ? എന്നാണ് അദ്ദേഹം ചോദിക്കുന്നത്.  എന്നാല്‍ ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ച് എട്ടുപൊട്ടും തിരിയാത്തത് കൊണ്ടാണ് ഇയാള്‍ ഇങ്ങനെ സംസാരിക്കുന്നത് എന്ന് നമുക്ക് തീര്‍ത്ത് പറയാനാകും. ഇസ്‌ലാമിക നിയമപ്രകാരമുള്ള വിധിവിലക്കുകള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ആ നാട്ടിലെ ഇമാമിനാണ്. ഒരു നാടിന് ഇമാമുണ്ടാകുന്നതാകട്ടെ ഇസ്‌ലാമിക രാജ്യങ്ങളിലുമാണ്. മതേതര-ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇമാം ഇല്ലാതിരിക്കെ അടിയന്തര സാഹചര്യമനുസരിച്ച് ഇസ്‌ലാമിക ശിക്ഷാനിയമം പ്രാബല്യത്തില്‍ വരുത്താന്‍ സാങ്കേതികവും പ്രായോഗികവുമായ ചില ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ വിവാഹം, അനന്തരം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തികേന്ദ്രീകൃതമാണ്. ഓരോ വ്യക്തിക്കും അവന്റെ മതമനുസരിച്ച് ജീവിക്കാന്‍ ഇന്ത്യന്‍ ഭരണഘടന പൂര്‍ണസ്വാതന്ത്ര്യം നല്‍കുമ്പോള്‍ അത് എടുത്തുകളഞ്ഞാല്‍ എന്താണ് പ്രശ്‌നമെന്ന് ചോദിക്കുന്നതില്‍ ചില അര്‍ഥമില്ലായ്മയില്ലേ.. അല്ലെങ്കിലും മുസ്‌ലിംകളുടെ വ്യക്തിപരമായ കാര്യങ്ങളിലെന്തിനാണ് ഇമ്മാതിരി യുക്തിവാദികള്‍ ഇടങ്കോലിടാന്‍ വരുന്നത്. ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ പറ്റുന്നവര്‍ മാത്രം ഇസ്‌ലാമിനെ അംഗീകരിച്ചാല്‍ പോരേ അല്ലാതെ അല്ലാഹുവിന്റെ മതത്തെ തങ്ങളുടെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാനും പുനര്‍നിര്‍മിക്കാനും തയ്യാറാകുന്നവര്‍ക്ക് ഇസ്‌ലാമിലെന്താണ് കാര്യം.

      പിന്നെ എന്നത്തേയും പോലെ മുസ്‌ലിം സ്ത്രീതന്നെയാണ് ഇയാളുടെ മറ്റൊരു ആയുധം. മറ്റു സമുദായങ്ങലെന്ന പോലെ മുസ്‌ലിം സമൂഹത്തിന്റെയും പാതി സ്ത്രീകളാണ്. അവരുടെ അവകാശങ്ങള്‍ പുരുഷാധിപത്യ മൂല്യങ്ങളാല്‍ ചവിട്ടിയരക്കപ്പെടാമോ...എന്നാണ് ഇയാള്‍ പരാതിപ്പെടുന്നത്. കേരളക്കരയില്‍ എന്നല്ല ലോകത്തെവിടെയും അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന യഥാര്‍ഥ വിശ്വാസികളായ മുസ്‌ലിം സ്ത്രീകളിലാരും ഇങ്ങനെ പരാതിപ്പെട്ടതായി ഈ വിനീതന് കേട്ടറിവില്ല. ഇസ്‌ലാം പുരുഷാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന മതമാണെന്നും അതില്‍ തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല എന്നൊക്കെ തോന്നുന്നുണ്ടെങ്കില്‍ അവരെല്ലേ അത് ലോകത്തോട് വിളിച്ച് പറയേണ്ടത്( പേരില്‍ മാത്രം മുസ്‌ലിമായി, മഹാളാ അസോസിയേഷനുകള്‍ക്ക് രൂപം കൊടുത്ത് നാടുനീളെ ഇസ്‌ലാമിനെതിരെ മുദ്രാവാക്യമുയര്‍ത്തി മുസ്‌ലിം വിശ്വാസാചരങ്ങളോട് തീര്‍ത്തും അകലംപാലിക്കുന്ന ഫെമിനസ്റ്റുകളെക്കുറിച്ചല്ല പറയുന്നത്)്. അല്ലാതെ യുക്തിവാദം തലയില്‍ കയറിയ ഏതെങ്കിലും ബുദ്ധിജീവികളാണോ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ഇനി അങ്ങനെയുണ്ടെങ്കില്‍ തന്നെ അല്ലാഹുവിന്റെ നിയമങ്ങളെയും വിശുദ്ധ ഖുര്‍ആന്റെ ആജ്ഞകളെയും അനുസരിക്കാന്‍ തയ്യാറല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നവര്‍ ഏത് ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കുന്നത്.
          ഭരണഘടനയുടെ 44-ാം
വകുപ്പില്‍ പറയുന്ന ഏകീകൃത സിവില്‍കോഡ് എന്ന നിര്‍ദേശക പൊതു തത്വം ആര്‍ട്ടിക്കിള്‍25 ല്‍ പറയുന്ന ഓരോ വ്യക്തിക്കും തന്റെ മതവിശ്വാസമനുസരിച്ച് ജീവിക്കാനും ആരാധനകളര്‍പ്പിക്കാനും പ്രബോധനം ചെയ്യാനും അവകാശമുണ്ടെന്ന മൗലികാവകാശത്തെ തന്നെ ഹനിക്കുന്നതയാത് കൊണ്ട്തന്നെ ആ നിര്‍ദേശക പൊതുതത്വത്തിന് മതേതര ഇന്ത്യയില്‍ അധികം പ്രസക്തിയില്ല. മാത്രമല്ല രാജീവ് ഗാന്ധിയടക്കമുള്ളവരുടെ കാലത്ത് അത്തരം ഒരു നീക്കം കടന്നു വന്നപ്പോഴേക്ക് ബി. പോക്കര്‍ സാഹിബിനെയും ഖാഇദെ മില്ലത്ത് മുഹമമദ് ഇസ്മാഈല്‍ സാഹിബിനെയും പോലുള്ള സമുദായത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച മഹത്തുക്കളായ നേതാക്കള്‍ അതിനെ എതിര്‍ത്തു തോല്‍പിക്കുകയും ചെയ്തു. അന്ന് രാജ്യത്തെ ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന നിയമനിര്‍മാണത്തിന് രാഷ്ട്രം മുതിരില്ലെന്ന് പാക്ഷഭേദമന്യേ നമ്മുടെ നേതാക്കള്‍ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മാറിയ സാഹചര്യത്തില്‍ ഇന്ത്യയിലെ നീതിനിര്‍വഹണത്തിനും അനീതിക്കുമെതിരെ പോരാട്ടം നയിക്കാന്‍ പലവേദികളിലും മുന്നിട്ട് നിന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ മാര്‍കണ്‌ഠേയ കട്ജു വരെ ഏകസിവി്ല്‍ കോഡിന് വേണ്ടി ശബ്ദിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനാവുന്നത്. ഇവരുടെയൊക്കെ സംസാരങ്ങളില്‍ നിന്ന് പ്രചേദിതരായി തങ്ങള്‍ വലിയ മതേതര വാദികളാണെന്ന് സ്ഥാപിക്കാന്‍ പതിനെട്ടടവും പയറ്റുന്ന ആധുനിക മുസ്‌ലിം യുവസമൂഹമാകട്ടെ എല്ലാവര്‍ക്കും ഒരേ നിയമമായാല്‍ അതിലെന്താണിത്ര വലിയ തെറ്റെന്ന് ചോദിക്കാനും തുടങ്ങിയിരിക്കുന്നു.
   ചുരുക്കത്തില്‍ മതേതരത്വത്തിനും സാമുദായിക മൈത്രിക്കും അതീവപ്രാധാന്യം നല്‍കുന്ന ഭാരതാംബയുടെ മടിത്തട്ടില്‍ വീണ്ടും ഒരു വര്‍ഗീയ കലാപത്തിന് വിത്ത് പാകി സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടാനേ ഏകസിവല്‍ കോഡ് ഉപകരിക്കൂ.. ഹിന്ദുവെന്നോ മുസ്‌ലിമെന്നോ വ്യത്യാസമില്ലാത്ത എല്ലാവരുടെ മതങ്ങള്‍ക്കും കോട്ടം വരുത്തുന്നതായിരിക്കും അതെന്നതില്‍ സംശയിക്കേണ്
തില്ല. സുശക്തമായ നമ്മുടെ രണഘടനയിലെ മൗലികവകാശങ്ങളെ തന്നെ വെല്ലുവിളിക്കുന്ന ഈ നിയമം പാസാക്കുനുള്ള ഏത് നീക്കത്തെയും പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്ത് തോല്‍പിക്കേണ്ടത് മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരന്റേയും ബാധ്യതയാണ്.


ബാപ്പുട്ടി ഹാജി ജീവിക്കാന്‍ മറന്ന നിഷ്‌കാമകര്‍മി





 ബാപ്പുട്ടി ഹാജി ! മുസ്‌ലിം കൈരളിയുടെ നവോത്ഥാന ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ ഉല്ലേഖിതമാണ് ആ നാമം. ദീനിന്റെയും സമൂഹത്തിന്റെയും നന്മക്കായ് തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ബലിയര്‍പ്പിച്ച് സ്വയം ഉരുകിത്തീര്‍ന്ന പകരം വെക്കാനില്ലാത്ത ജീവിതമായിരുന്നു ഹാജിയാരുടേത്. കനല്‍പഥങ്ങളിലൂടെ നടന്ന് കനകം വിളയിച്ച്, ആക്ഷേപഹാസ്യങ്ങള്‍ക്ക് കര്‍മനൈരന്തര്യം കൊണ്ട് മറുപടി പറഞ്ഞ്, ഒരു വിശ്വാസിയുടെ ജീവിതം എത്രമാത്രം തേജസുറ്റതാക്കമെന്ന് ഹാജിയാര്‍ തന്റെജീവിതത്തിലൂടെ സമൂഹത്തിന് പകര്‍ന്നുകൊടുത്തു.
 കേരളത്തിന്റെ ആത്മീയ-സാംസ്‌കാരിക ചരിത്ര മണ്ഡലങ്ങളില്‍ അതുല്യപ്രാധാന്യമര്‍ഹിക്കുന്ന തിരൂരങ്ങാടിയുടെ മണ്ണില്‍ ഉദിച്ചുയര്‍ന്ന ബാപ്പുട്ടിഹാജിയെന്ന പൊന്‍താരകത്തിന്റെ ജീവിതം ഹൃസ്വ വിശകലനത്തിന് വിധേയമാക്കിയാല്‍ തന്നെ മുസ്‌ലിം ജീവിതത്തിന്റെ ശോഭന ഭാവിയിലേക്കുള്ള മാര്‍ഗരേഖകള്‍ ആ ജീവിതത്തിലെ ഓരോ നാഴികകല്ലുകളിലും കൊത്തിവെച്ചത് നമുക്ക് കാണാനാകും.
 പാരമ്പര്യവിശ്വാദര്‍ശങ്ങളെ മുറുകെപ്പിടിക്കുന്നതോടൊപ്പം തന്നെ പാരമ്പര്യ സാമൂഹിക രീതികളില്‍ നിന്ന് തെന്നിമാറി അതുല്യമായ ദീര്‍ഘദൃഷ്ടിയോടെയായിരുന്നു ഹാജിയാര്‍ ഓരോ കരുക്കളും നീക്കിയിരുന്നത്. വിശുദ്ധ ഇസ്‌ലാമിന്റെ സന്ദേശം കെട്ടണഞ്ഞ് അധാര്‍മികതകളില്‍ ഉറങ്ങിക്കിടന്നിരുന്ന തൃക്കുളമെന്ന പഴയകാല ചെമ്മാടിന്റെ ദയനീയ മുഖം കണ്ട് വേദനിച്ചാണ് ബാപ്പുട്ടി ഹാജിയിലെ ദീനീപ്രവര്‍ത്തകന്‍ കര്‍മമണ്ഡലത്തിലിറങ്ങുന്നത്. 
 ഉണങ്ങിമരവിച്ച ചെമ്മാട്ടെ വരണ്ട ഭൂമികയില്‍ മതബോധത്തിന്റെയും ആത്മീയതയുടെയും വിത്തിറക്കി ബാപ്പുട്ടി ഹാജിയെന്ന കര്‍മയോഗി അതിന് കാവലിരുന്നപ്പോള്‍ വിശുദ്ധ ദീനിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചക്കാണ് ചെമ്മാട് നഗരി സാക്ഷ്യം വഹിച്ചത്.
 വ്യക്തിശുദ്ധിക്കും സ്വഭാവമഹിമക്കും പ്രാധാന്യം കൊടുത്ത ആ ജീവിതം കൂരിയാട് തേനു മുസ്‌ലിയാര്‍, ഖുത്ബി മുഹമ്മദ് മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതരോടും സൂഫീവര്യരോടുമുള്ള സഹവാസത്തിലൂടെ ഊതിക്കാച്ചിയ ആത്മീയ വിശുദ്ധി സദാ ജീവിതത്തില്‍ നിലനിര്‍ത്തി. സ്വയം നന്നാവുക, മറ്റുള്ളവരെ നന്നാക്കുക എന്ന തിയറി മുറുകെപ്പിടിച്ച ഹാജിയാര്‍ ഒരിക്കലും ചെയ്യാത്തകാര്യങ്ങളെന്തെങ്കിലും പറയുകയോ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാതിരിക്കുകയോ ചെയ്തിരുന്നില്ല.
 ആയുര്‍വേദ ഡോക്ടറായി ജീവിതം ആരംഭിച്ച ബാപ്പുട്ടി ഹാജിക്ക് പിന്നീട് തിരക്കൊഴിഞ്ഞ നേരമില്ലാതെയായി. രാവിലെ മുതല്‍ രാത്രി വരെ രോഗികളെ പരിശോധിക്കാന്‍ ജീവിതം ഉഴുഞ്ഞ് വെച്ച ഹാജിയാര്‍ പലപ്പോഴും അര്‍ധരാത്രികളില്‍ വരെ തന്നെ കാത്തിരിക്കുന്ന രോഗികളെ ഉറക്കൊഴിച്ച് ചികിത്സിച്ചു. ഒരു രൂപപോലും ഹാജിയാര്‍ അവരില്‍ നിന്ന് വാങ്ങിയിരുന്നില്ല എന്ന് കേള്‍ക്കുമ്പോഴാണ് ഹാജിയാരുടെ അര്‍പ്പണമനോഭാവം നമ്മള്‍ കൂടുതലറിയുന്നത്. സ്വസ്ഥമായി ഒരു പോള കണ്ണടക്കാന്‍ പോലും സമയം ലഭിക്കാത്ത ഈ സാഹചര്യത്തിലും മതപ്രവര്‍ത്തന രംഗത്ത് കര്‍മനൈരന്തര്യത്തിന്റെ അപൂര്‍വ മാതൃക തുന്നിച്ചേര്‍ക്കുകയായിരുന്നു ബാപ്പുട്ടി ഹാജി.
 സമൂഹത്തില്‍ ആഴത്തില്‍ വേരിറങ്ങിയ വിഭാഗീയ ചിന്തകള്‍ ഹാജിയാരെ കൂടുതല്‍ വേദനിപ്പിച്ചു. 1989 ല്‍ സമസ്തയിലുണ്ടായ ദൗര്‍ഭാഗ്യകരമായ ഭിന്നിപ്പ് മുസ്‌ലിം കൈരളിയുടെ ആത്മാവിലേല്‍പിക്കുന്ന ആഘാതം ഏറെ ഭയാനകരമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ ബാപ്പുട്ടി ഹാജി മസ്‌ലഹത്ത് ശ്രമങ്ങള്‍ക്കായി കേരളത്തിലങ്ങോളമിങ്ങോളം ഓടി നടന്നു. സുന്നികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കരുതെന്ന് പലരോടും കാലുപിടിച്ചുകേണു. ഒന്നുമില്ലായ്മയില്‍ നിന്ന് താന്‍ വളര്‍ത്തിവലുതാക്കിയ ചെമ്മാടെന്ന മഹല്ലില്‍ അടിയന്തര സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തി ഹാജിയാരുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് വന്‍ വിജയം ലഭിച്ചപ്പോഴും തന്റെ സമൂഹത്തിന്റെ ദുരവസ്ഥയോര്‍ത്ത് ഹാജിയാര്‍ ആ ദിവസം മുഴുവന്‍ പൊട്ടിക്കരഞ്ഞു..
 കേരളത്തിലെ ഭൂരിപക്ഷം മഹല്ലുകളും കൃത്യമായ പ്രവര്‍ത്തന ചിട്ടകളില്ലാതെ നിര്‍ജീവമായി നിന്നപ്പോള്‍ സുന്നീ മഹല്ല് ഫെഡറേഷന് രൂപം നല്‍കി മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകരണ സ്വഭാവം നല്‍കാന്‍ ബാപ്പുട്ടി ഹാജി മുന്നോട്ടു വന്നു. 
 വിദ്യാഭ്യാസ മേഖലയില്‍ ബാപ്പുട്ടി ഹാജി ചെയ്തുവെച്ച സേവനങ്ങളാണ് വരണ്ടുണങ്ങിയ മതപാഠശാലകളെ ജീവസുറ്റതാക്കിയതെന്ന് നമുക്ക് തീര്‍ത്തുപറയാനാകും. പള്ളിദര്‍സുകളില്‍ പാരമ്പര്യമായി ഓതിപ്പോരുന്ന കിതാബുകള്‍ കൊണ്ട് മാത്രം സാങ്കേതിക വിദ്യ വളര്‍ന്നുപന്തലിച്ച ആധുനിക സാഹചര്യത്തെ നേരിടാനാവില്ലെന്ന് മുന്‍കുട്ടി കണ്ട ബാപ്പുട്ടി ഹാജി കേവലം മതവിദ്യാഭ്യാസമെന്നതിനപ്പുറം ലോകബോധമുള്ള മതപണ്ഡിതരെ വാര്‍ത്തെടുക്കാനായിരുന്നു ആഗ്രഹിച്ചത്. അതിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് വിവിധ രീതിയിലുള്ള പരിഷ്‌കരണങ്ങള്‍ക്ക് മഹാനവര്‍കള്‍ നേതൃത്വം നല്‍കുകയുണ്ടായി.
  ദാറുല്‍ഹുദയാണ് ബാപ്പുട്ടി ഹാജിയുടെ ജീവിതത്തിലെ ഏറെ വഴിത്തിരിവായ സംഭവം. ജീവിതത്തിലെ ഓരോഘട്ടങ്ങളിലും ഉപേദശ നിര്‍ദേശങ്ങള്‍ തേടാറുള്ള ആത്മീയ സുഹൃത്തുക്കളായ എം.എം ബശീര്‍ മുസ്‌ലിയാരുടെയും സി. എച്ച് ഐദറൂസ് മുസ്‌ലിയാരുടെയും കൂടെയുള്ള ചര്‍ച്ചകളില്‍ നിന്നാണ് മത- ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയം ഹാജിയാരുടെ മനസ്സിലേക്ക് കടന്നുവരുന്നത്. അതിനു ശേഷം മുസ്‌ലിം ലോകത്തിന് തന്നെ വലിയ മുതല്‍ കൂട്ടാക്കുന്ന ആ ആശയത്തിന് ജീവന്‍ പകരാനുള്ള ശ്രമത്തിലായിരുന്നു ഹാജിയാര്‍. പുതിയ വിദ്യാഭ്യാസ രീതിയുടെ പരീക്ഷണ ഘട്ടമായി മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ മാതൃകാദര്‍സുകള്‍ക്ക് അവര്‍ തുടക്കം കുറിച്ചു. എന്നാല്‍ മത-ഭൗതിക സമന്വയത്തെ ഉള്‍കൊള്ളാന്‍ മാത്രം പാകപ്പെടാത്ത ചിലര്‍ക്ക് പുതിയ സംവിധാനത്തില്‍ തോന്നിയ അരോചകത്വം മാതൃകാദര്‍സുകളുടെ തകര്‍ച്ചയിലാണ് പര്യവസാനിച്ചത്. പരാജയങ്ങളെയും എതിര്‍പ്പുകളെയും പേടിച്ച് തങ്ങളുടെ ഉദ്യമത്തില്‍ നിന്ന് പിന്തിരിയാന്‍ ബാപ്പുട്ടി ഹാജിയും സി.എച്ച്  ഐദറൂസ് മുസ്‌ലിയാരും എം.എം ബശീര്‍ മുസ്‌ലിയാരും ഒരിക്കലും തയ്യാറായില്ല. മത സമന്വയ വിദ്യാഭ്യാസ കേന്ദ്രം തുടങ്ങണമെന്ന അവരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ചെമ്മാട് മഹല്ലിന്റെ വടക്കുഭാഗത്ത് ഒഴിഞ്ഞുകിടന്നിരുന്ന ആറാള്‍ താഴ്ചയുള്ള മാനീപാടത്ത് 1983 ഡിസംബര്‍ 25 ന് ദാറുല്‍ ഹുദാക്ക് ശിലപാകി.  ഊണും ഉറക്കവുമൊഴിച്ച് ഹാജിയാര്‍ തന്റെ ജീവിതം തന്നെ ദാറുല്‍ഹുദാക്ക് സമര്‍പ്പിച്ചു. വെളുത്ത് സുന്ദരമായിരുന്ന ആ മുഖം മാനീപാടത്തെ വെയിലുകൊണ്ട് കറുത്ത് കരുവാളിച്ചു. അപ്പോഴും നിശ്ചയദാര്‍ഢ്യത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും ശോഭ ആ മുഖത്ത് വെട്ടിത്തിളങ്ങി.
1986 ജൂണ്‍ 25. അന്നായിരുന്നു മുസ്‌ലിം കൈരളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും ശോഭനമായ അധ്യായം രചിക്കപ്പെട്ടത്. മൂന്നുവര്‍ഷം നീണ്ട നിരന്തര പരിശ്രമത്തിനു ശേഷം അന്ന് ദാറുല്‍ ഹുദായില്‍ ക്ലാസ് ആരംഭിച്ചപ്പോള്‍ ആ മഹാമനീഷി ചെറുതായൊന്ന് പുഞ്ചിരിച്ചു. മാനീപാടത്തിന്റെ ആറാള്‍ താഴ്ചയുള്ള ചെളിക്കുണ്ടില്‍ മണ്ണ്‌നിറച്ചുകൊണ്ടിരുന്നപ്പോള്‍ ഹാജിയാര്‍ക്ക് വട്ടാണെന്നും ഭ്രാന്താണെന്നുമൊക്കെ പറഞ്ഞിരുന്നവര്‍  അറിയാതെ ആ മഹാനുഭാവന്റെ മുമ്പില്‍  മാപ്പിരന്നു...
 ദാറുല്‍ഹുദായുടെ ഓരോ ചലനങ്ങളിലും ഹാജിയാരുടെ കണ്ണുണ്ടായിരുന്നു. കുട്ടികളുടെ പഠനകാര്യങ്ങള്‍, സുഖവിവരങ്ങള്‍ എല്ലാം അന്വേഷിച്ച് ബാപ്പുട്ടി ഹാജി എപ്പോഴും ദാറുല്‍ ഹുദയിലെത്തും. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ഒരു വേള സ്വന്തം മക്കളെക്കാള്‍ ഹാജിയാര്‍ ദാറുല്‍ ഹുദായിലെ മക്കളെ സ്‌നേഹിച്ചു. 
 കര്‍മനിരതമായിരുന്ന ആ ജീവിതത്തിന്റെ അവസാനത്തില്‍ രോഗങ്ങള്‍ നിരന്തരം വേട്ടയാടിയപ്പോഴും ഹാജിയാര്‍ക്ക് തളരാനുള്ള മനസ്സുണ്ടായിരുന്നില്ല. തന്റെ 74-ാമത്തെ വയസ്സില്‍ കര്‍മനൈരന്തര്യത്തിന് താല്‍കാലിക വിരാമമിട്ട് മഹാനവര്‍കള്‍ ഈ ലോകത്ത് നിന്ന് നടന്നകന്നെങ്കിലും  മുസ്‌ലിം സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കി ബാപ്പുട്ടി ഹാജിയുടെ ചിന്തകളും സ്വപ്നങ്ങളും ഇന്നും വെളിച്ചം വീശുക്കൊണ്ടിരിക്കുകയാണ്. ആ കര്‍മധീരത മുറുകപ്പിടിച്ചാല്‍ പ്രതിസന്ധികള്‍ നിറഞ്ഞ ലോകത്ത് വിശുദ്ധ ഇസ്‌ലാമിക  പ്രബോധന രംഗത്ത് നമുക്കിനിയും അല്‍ഭുതങ്ങള്‍ തീര്‍ക്കാം...
                                            


തിരിച്ചു പിടിക്കേണ്ടതുണ്ട് നമ്മുടെ സര്‍ഗ പാരമ്പര്യം










സാഹിത്യ ലോകത്ത് മാപ്പിളമാര്‍ നിര്‍മിച്ചെടുത്ത മഹിത പാരമ്പര്യത്തെക്കുറിച്ചായിരുന്നു നമ്മള്‍ ഇത്രകാലം ചര്‍ച്ച ചെയ്തത്. മതപരമായ മേഖലകളിലും ബൗദ്ധിക മേഖലകളിലുമെല്ലാം അസംഖ്യം ഗ്രന്ഥങ്ങളെഴുതി കേരളത്തിലെ മറ്റേത് സമുദായത്തേക്കാളുമേറെ സാഹിത്യ ലോകത്ത് അന്തസ്സോടെ തലയുയര്‍ത്തി നില്‍ക്കാന്‍ ഇവിടുത്തെ മാപ്പിളമാര്‍ക്ക്  സാധിച്ചു. കാരണം സാഹിത്യത്തിന്റെ ഏത് ഓണം കേറാ മൂലയിലേക്കും സധൈര്യം കടുന്നു ചെന്ന് അവിടങ്ങളില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാന്‍ പഠിച്ചവരായിരുന്നു അവര്‍. അതിന്ന് വേണ്ടി അവര്‍ കണ്ടെത്തിയ മാധ്യമമാകട്ടെ ഒരു സംസ്‌കാരം മുഴുവന്‍ പ്രതിഫലിപ്പിച്ച് കാണിക്കാന്‍ പര്യാപ്തമായ അറബി മലയാളം എന്ന സുന്ദര ഭാഷയും.
മതപരമായ ഗ്രന്ഥങ്ങളായും സാഹിത്യപരമായ കൃതികളായും അറബി മലയാളത്തില്‍ പുറത്തിറങ്ങിയ ഗ്രന്ഥങ്ങളെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്തു. കൂട്ടത്തില്‍ പറയാന്‍ വിട്ടുപോയ മേഖലയാണ് വൈദ്യശാസ്ത്രം. പാരമ്പര്യമായി വൈദ്യ ശാസ്ത്ര മേഖലയില്‍  കിടയറ്റ പണ്ഡിതന്മാര്‍ക്ക് ജന്മം കൊടുത്ത മതമാണല്ലോ ഇസ്‌ലാം. പുണ്യപ്രവാചകന്റെ കാലം മുതല്‍ക്ക് തുടങ്ങിയ ആ നൈപുണ്യം മൂസ ബിന്‍ നുസൈറിന്റെ സൈന്യാധിപന്‍ താരിഖ് ബിന്‍ സിയാദ് സ്‌പെയിന്‍ കീഴടക്കി അറിവിന്റെ പുതിയ ഭൂമികക്ക് സംസ്ഥാപനം നടത്തിയതോടെ  വളര്‍ന്ന് പന്തലിച്ചു. ഗോള ശാസ്ത്രവും, ജ്യോതി ശാസ്ത്രവും, ഗണിത ശാസ്ത്രവുമെല്ലാം തഴച്ച് വളര്‍ന്ന ആ ഭൂമിയില്‍ വൈദ്യശാസ്തത്തിനും അതിന്റേതായ സ്ഥാനം ലഭിച്ചു. ഇബ്‌നു സീനയും ഇമാം റാസിയും സഹ്‌റാവിയുമടക്കം ലോകത്തെ എക്കാലത്തേയും പ്രഗത്ഭരായ പണ്ഡിതര്‍ക്ക് ഇസ്‌ലാമിക സ്‌പെയിന്‍ ജന്മം കൊടുത്തു. ചികിത്സാ രംഗത്ത് അവര്‍ നല്‍കിയ സംഭാവനകളാണ് ഓപ്പറേഷനടക്കമുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ പലപ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയത്. ലോകത്തെ ഏത് രോഗത്തിനുമുള്ള മരുന്നുകള്‍ അവര്‍ അക്കാലത്ത് തന്നെ കുറിച്ചുവെച്ചു. ഇബ്‌നു സീനയുടെ ഖാനൂന്‍ ഫിത്വബ്ബ് ഇന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രധാന റഫറന്‍സ് ഗ്രന്ഥമായി നില നില്‍ക്കുന്നു. അങ്ങനെ മുസ്‌ലിം സ്‌പെയിന്‍ വൈദ്യശാസ്ത്ര രംഗത്ത് ലോകത്തിന് അമൂല്യമായ പല സംഭാവനകളും നല്‍കി. മഹിതമായ ആ പാരമ്പര്യത്തെ നെഞ്ചോട് ചേര്‍ത്ത് വെച്ച മാപ്പിളമാരും  വൈദ്യ ശാസ്ത്ര മേഖലയില്‍ ഒട്ടും പിറകിലായിരുന്നില്ല എന്നതാണ് വാസ്തവം. വൈദ്യശാസ്ത്ര രംഗത്ത് തുല്യതയില്ലാത്ത നിരവധി ഗ്രന്ഥങ്ങള്‍ തന്നെ അവര്‍ രചിച്ച് കൂട്ടുകയുണ്ടായി.
 കൊങ്ങണം വീട്ടില്‍ ബാവ മുസ്‌ലിയാരാണ് അറബി-മലയാളത്തിലെ വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങളുടെ ആചാര്യനായി നമുക്ക് കാണാനാവുന്ന പണ്ഡിത പ്രതിഭ. വൈദ്യശാസ്ത്ര സംബന്ധിയായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച് മാപ്പിള പാരമ്പര്യത്തിന് കരുത്തു പകരാന്‍ അദ്ദേഹത്തിന് സാധിച്ചു. തികഞ്ഞ ഒരു സംസ്‌കൃത പണ്ഡിതന്‍ കൂടിയായിരുന്ന അദ്ദേഹം 'അഷ്ടാംഗ ഹൃദയ' വും'വൈദ്യസാര'വും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പുതിയൊരു വിപ്ലവത്തിന് വിത്ത് പാകി. അത്ര കാലം ഓരോ വൈദ്യ കുടുംബവും തലമുറകളായി കൈമാറിപ്പോന്നിരുന്ന, സംസ്‌കൃതമറിയാത്ത ഭൂരിപക്ഷത്തിനും അജ്ഞാതമായ, ഹൈന്ദവ മതത്തിലെ ഉന്നതര്‍ക്ക് മാത്രം വായിക്കാന്‍ പാടുണ്ടായിരുന്ന ഒരു ഗ്രന്ഥത്തെ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിച്ച ആ ധൈര്യശാലിയായ പണ്ഡിതന്‍ സമൂഹത്തിന്റെ ആരോഗ്യത്തിന് കരുത്തും ഊര്‍ജ്ജവും പകര്‍ന്നു.
 മആനിമുല്‍ ഇഖ്‌വാന്‍ ഫീ തര്‍ജുമതില്‍ അദ്‌വിയതി വല്‍ ഹയവാന്‍ എന്ന പേരില്‍ അദ്ദേഹം രചിച്ച ഗ്രന്ഥം വൈദ്യശാസ്ത്രത്തിലെ മറ്റൊരു സുവര്‍ണ ഏടാണ്. അഞ്ച് ഭാഗങ്ങളിലായി തിരിച്ച ഈ പുസ്തകം മരുന്നുകള്‍, മൃഗങ്ങള്‍, രാശികള്‍, അക്കങ്ങള്‍, ദിവ്യചികിത്സ  തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഓരോ വിഷയങ്ങളെയും പരസ്പര ബന്ധിതമായും കൃത്യതയോടെയും അവതരിപ്പിക്കാനുള്ള ഗ്രന്ഥകാരന്റെ പാടവമാണ് ഈ കൃതിയില്‍ തെളിഞ്ഞ് വരുന്നത്. ശഫ ശിഫ എന്ന വിഷ ചികിത്സാ ഗ്രന്ഥവും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഇലാജുല്‍ അഥ്ഫാല്‍, ത്വിബ്ബുല്‍ അംറാള്, പാട്ടാലത്തില്‍ കുഞ്ഞി രായിന്‍ രചിച്ച വൈദ്യസാരം തര്‍ജമ തുടങ്ങിയ ഗ്രന്ഥങ്ങളും ഇതില്‍ മികച്ചുനില്‍ക്കുന്നു.
വൈദ്യശാസ്ത്രത്തിനു പുറമെ ഭാഷാ ശാസ്ത്രത്തിലും അവര്‍ നിരവധി ഗ്രന്ഥങ്ങളെഴുതിയതായി നമുക്ക് കാണാനാകും. മലയാള ഭാഷയില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന പുതിയ സാഹിത്യ രീതികളോട് മാപ്പിളമാരെ അടുപ്പിക്കാന്‍ അന്നത്തെ പണ്ഡിതര്‍ തയ്യാറാക്കിയ ഭാഷാപഠന ഗ്രന്ഥങ്ങള്‍ സമൂഹത്തില്‍ പറയത്തക്ക് മാറ്റങ്ങള്‍ക്ക് തന്നെ തിരികൊളുത്തി. മലയാളത്തിലെ ആദ്യകാല ലിപി രൂപങ്ങളായിരുന്ന വട്ടെഴുത്തും കോലെഴുത്തും അറബി മലയാളത്തിലൂടെ പണ്ഡതര്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി. മാപ്പിളമാര്‍ക്ക് തീര്‍ത്തും അന്യമായിരുന്ന എന്നാല്‍ അവര്‍ അറിഞ്ഞിരിക്കേണ്ട ഹീബ്രുവും സുരിയാനിയും പഠിപ്പിക്കാന്‍ തിരുവല്ലായിലെ സൈനുദ്ദീന്‍ മഖ്ദൂം രചിച്ച ഗ്രന്ഥം മാപ്പിളമാരുടെ ഭാഷാശാസ്ത്ര പഠന ഗ്രന്ഥങ്ങളില്‍ ഏറെ ശ്രദ്ധേയമാണ്.
 നിരവധി ഡിക്ഷണറികളും പര്യായ ഗ്രന്ഥങ്ങളും അറബി-മലയാളത്തില്‍ അന്ന് രചിക്കപ്പെട്ടിരുന്നു. അറബി മലയാളത്തിലെ പദങ്ങളുടെ പര്യായങ്ങള്‍ ചേര്‍ത്തിണക്കി ചാക്കീരി രചിച്ച പര്യായ നിഘണ്ടു, വെസ്റ്റ് പാടൂരിലെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ രചിച്ച ഖവസ്സുല്‍ മുസ്‌ലിമീന്‍ എന്ന തമിഴ#് ഡിക്ഷണറി, ഖവാസ്സുല്‍ മുസ്‌ലിമീന്റെ അറബി-മലയാള വിവര്‍ത്തനം, കോഴിക്കോട്ടെ പി.വി മുഹമ്മദ് തയ്യാറാക്കിയ നിഘണ്ടു തുടങ്ങിയവ മാപ്പിള പ്രതാപത്തിന്റെ എക്കാലത്തേയും മികച്ച പ്രതീകങ്ങളായി പ്രോജ്ജ്വലിച്ച് നില്‍ക്കുന്നു.
  ഭാഷാര്‍ഥങ്ങളുടെ ഇട്ടാവട്ടങ്ങളിലോ പര്യയാങ്ങളുടെ ചുരുങ്ങിയ ലോകത്തോ  ഒതുങ്ങിക്കൂടുന്നതിന്ന് പകരം മരുന്നുകളുടെയും ജന്തുമൃഗാദികളുടെയും ഒറ്റമൂലികളുടെയുമെല്ലാം വിവിധ ഭാഷകളിലെ പേരുകള്‍ വരെ കൂട്ടിച്ചേര്‍ത്ത് ഗ്രന്ഥങ്ങള്‍ രചിക്കാന്‍ അവര്‍ക്ക് സാധിച്ചു എന്നത് തീര്‍ത്തും അഭിമാനകരമാണ്. കെ.ടി ഇബ്‌റാഹീം മുസ്‌ലിയാര്‍ രചിച്ച മഹാസിനുല്‍ മുഫ്‌റദാത്ത് ഒറ്റമൂലികളുടെ വിവിധ ഭാഷകളിലെ പേരുകള്‍ വിവരിക്കുന്ന പ്രൗഢ ഗ്രന്ഥമാണ്. മലബാറിലെ പ്രഗ്ത്ഭ പണ്ഡിതനായിരുന്ന ഹമദാനി തങ്ങളുടെ ശിഷ്യനായിരുന്ന സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ തയ്യാറാക്കിയ അറബി-മലയാള- സംസ്‌കൃത ത്രിഭാഷാ നിഘണ്ടുവും ഭാഷാപഠനത്തിലെ മാപ്പിള ലോകത്തെ വരച്ച് കാട്ടുന്നുണ്ട്. ഇത്തരത്തില്‍ സാഹത്യത്തിന്റെ വിവിധ മേഖലകളിലും തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്താന്‍ മാപ്പിളമാര്‍ക്ക് സാധിച്ചിരുന്നു.
വായിച്ചും കേട്ടും പഠിച്ചുമെല്ലാം നമുക്ക് സുപരിചിതമായ ഈ ഗ്രന്ഥങ്ങളൊക്കെ ഒരാവര്‍ത്തി കൂടി എന്തിനാണ് ഇവിടെ വിവരിച്ചത് എന്ന് ചോദിച്ചാല്‍ വര്‍ത്തമാന കാല മാപ്പിളക്ക് മുന്നില്‍ മഹിതമായ നമ്മുട പാരമ്പര്യം തീക്ഷണമായ കണ്ണുകള്‍ വിടര്‍ത്തി തുറിച്ച് നോക്കുന്നത് നമുക്ക് കാണാനാകും. വിദ്യാഭ്യാസത്തിന് ബഹുമുഖമായ അര്‍ത്ഥ തലങ്ങള്‍ പകര്‍ന്നു നല്‍കി, ഇംഗ്ലീഷ് വിദ്യാലയങ്ങളില്‍ മക്കളെ തളച്ചിട്ട് പുരോഗതിയുടെ പുതിയ വാതായനങ്ങള്‍ക്ക് മുന്നില്‍ പ്രതീക്ഷയോടെ പുതിയ സ്വപ്ന കൊട്ടാരങ്ങള്‍ പണിതയുര്‍ത്തുന്ന  നമ്മുടെ തലമുറ പഴയ കാല പ്രതാപത്തിലേക്ക് ഒന്ന് കണ്ണയച്ച് നോക്കാന്‍ പോലും തയ്യാറാകാതെ തങ്ങളെന്തെക്കെയോ ആണെന്ന് വീമ്പ് നടിക്കുമ്പോള്‍ ഇത്രത്തോളം അക്ഷരാഭ്യാസമുണ്ടായിട്ടും നമുക്ക് കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന കയ്‌പേറിയ നഗ്ന സത്യം വിനീതമായി ഒന്നോര്‍മപ്പെടുത്താന്‍  മാത്രമാണ് ഈ കുറിപ്പെഴുതിയത്.
എന്നാലും നമ്മുടെ അഹങ്കാരത്തിനും അഹന്തക്കും ഒട്ടും കുറവില്ല എന്നതാണ് ഏറെ വേദനാ ജനകം. ഈയടുത്ത് കേരളത്തിലെ ഒരു പ്രമുഖ മുസ്‌ലിം ബുദ്ധി ജീവിയുടെ ക്ലാസില്‍ പങ്കെടുത്തപ്പോഴാണ് വര്‍ത്തമാന കാല മാപ്പിളക്ക് പാരമ്പര്യത്തോടുള്ള പ്രതിപത്തി കൂടുതല്‍ തെളിഞ്ഞു കണ്ടത്. ജനിച്ച നാടും വീടും കച്ചവടച്ചരക്കാന്‍ കടന്നു വന്ന ബ്രിട്ടീഷുകാരന്റെ  തീ തുപ്പുന്ന തുപ്പാക്കികള്‍ക്ക് മുന്നില്‍ നെഞ്ചു വിരിച്ച് ധീരവീരം പോരാടിയ മാപ്പിളമാര്‍ക്ക് ഒരു അടിയന്തരഘട്ടത്തില്‍ ബ്രിട്ടീഷുകാരന്റെ ഭാഷയോടു പോലും ഉപരോധം പ്രഖ്യാപിക്കേണ്ടി വന്നു. പേരാട്ടവീര്യത്തില്‍ എണ്ണയൊഴിച്ച് മാപ്പിളമാരെ യുദ്ധ ഭൂമിയില്‍ അണിനിരത്തിയ ഇത്തരം പ്രഖ്യാപനങ്ങളെ മഞ്ഞക്കണ്ണട മാത്രം ധരിച്ച് വായിക്കുന്ന ചരിത്രബോധമില്ലാത്ത വിഢികളെ പോലെ നിഞ്ഞു കവിഞ്ഞ സദസ്സിന്ന് മുന്നില്‍ അയാള്‍ പുലമ്പുന്നത് കേട്ടപ്പോള്‍ സത്യത്തില്‍ ഓക്കാനിക്കാന്‍ വന്നു. പോരാട്ട വീര്യത്തിന്റെ എക്കാലത്തേയും പ്രതീകങ്ങളായ അവരെ അയാള്‍ വിവരിച്ചത് ഇങ്ങനെയായിരുന്നു '' വിദ്യാഭ്യാസപരമായി മുസ്‌ലിം സമൂഹം പിന്നോട്ട് പോയിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം നമ്മുടെ പ്രിപിതാക്കള്‍ക്കാണ്. തലയില്‍ കളിമണ്ണ് മാത്രമുണ്ടായിരുന്ന അവര്‍ വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിന്ന് ഇംഗ്ലീഷുകാരനും അവരുടെ വിദ്യാഭ്യസാത്തിനും  ഭ്രഷ്ട് കല്‍പിച്ചപ്പോള്‍ മുസ്‌ലിം സമൂഹം ആയിരമാണ്ട് പുറകോട്ട് പോയി. അവരുടെ ഇത്തരം വഴിപിഴച്ച സമരമാര്‍ഗങ്ങളില്ലായിരുന്നെങ്കില്‍ മറ്റു സമുദായങ്ങളെപ്പോലെ നമുക്കും തല ഉയര്‍ത്തിപ്പിടിച്ച് നടക്കാമായിരുന്നു''. എന്നായിരുന്നു അയാള്‍ വിളിച്ചു പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ക്കൊപ്പം നല്ല മലയാളം സംസാരിക്കുന്നവരില്‍ നിന്ന് ഞങ്ങളെ കാക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ കൂടിയായിരുന്നു മാപ്പിളമാര്‍ എന്ന് കേട്ടപ്പോള്‍ ആദ്യം അമ്പരന്ന് പോയിരുന്നു. ഇത്രമാത്രം ഗ്രന്ഥങ്ങള്‍ രചിച്ച നമ്മുടെ പ്രപിതാക്കള്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് വിസ്മയിച്ചിരുന്നു. സാഹിത്യത്തോടും എഴുത്തുകുത്തുകളോടും എന്തിനാണ് അവര്‍ പുറം തിരിഞ്ഞു നിന്നത് എന്ന് സ്വയം ചോദിച്ചുപോയിരുന്നു. എന്നാല്‍ തങ്ങളുടെ വ്യവഹാരങ്ങള്‍ക്ക് സ്വന്തമായി ഒരു ഭാഷ തന്നെ രൂപപ്പെടുത്തിയ മാപ്പിളമാര്‍ക്ക് ശുദ്ധ മലയാളത്തിന്റെ ആവശ്യമില്ലായിരുന്നു എന്നും അത് സംസാരിച്ചിരുന്നത് ഹൈന്ദവ മതവിഭാഗങ്ങളില്‍ പെട്ടവര്‍ മാത്രമായിരുന്നുവെന്നും അതുകൊണ്ട് ഹിന്ദു വിശ്വാസാചാരങ്ങളില്‍ നിന്ന് ഞങ്ങളെ കാത്ത് രക്ഷിക്കണേയെന്നായിരുന്നു അവരുടെ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം എന്നും പിന്നീട് അസീസ് തരുവണ സാറിന്റെ പ്രസംഗത്തില്‍ നിന്നാണ് മനസ്സിലാക്കാനായത്. സത്യത്തില്‍ മാപ്പിളമാരുടെ പൂര്‍വകാല ചരിത്രമറിയാതെ അവരുടെ വാക്കുകളില്‍ നിന്ന് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില വാചകങ്ങളുപയോഗിച്ച്  അവരെ വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നവരായി ചിത്രീകരിച്ച് തങ്ങള്‍ക്ക് ലഭിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെയും ഡോക്ടറേറ്റുകളുടെയുമെല്ലാം പേരില്‍ ഞെളിഞ്ഞിരുന്ന് അഹങ്കരിക്കുന്ന വര്‍ത്തമാന മാപ്പിള, 'മാപ്പിള' എന്ന പദം അര്‍ത്ഥവത്താക്കി മഹാപിള്ളമാരായി ജീവിതം ചിലവഴിച്ച തങ്ങളുടെ പ്രപിതാക്കളെ ബോധപൂര്‍വം വിസ്മരിക്കാന്‍  ശ്രമിക്കുന്നത് എന്തിനാണെന്നാണ് ഈ വിനീതന് മനസ്സിലാകാത്തത്.
  ഇത്രനേരം അറബി-മലയാളത്തെ കുറിച്ച് ചര്‍ച്ച ചെയ്തത് കൊണ്ട് അതില്‍ മാത്രമായിരുന്നു അവരുടെ ശ്രദ്ധ എന്ന് തെറ്റിദ്ധരിക്കരുത്. അറബി-മലയാളത്തിലേത് പോലെ അറബി ഭാഷയിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചുകൂട്ടിയവരായിരുന്നു കേരളത്തിലെ പണ്ഡിതര്‍. കിതാബിന്റെ അര്‍ത്ഥതലങ്ങള്‍ക്ക് മേല്‍ അടയിരുന്നു കാലം കഴിച്ച് കൂട്ടിയവരെന്ന് മുദ്രകുത്തി മോല്യക്കാന്മാരെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ ആധികാരിക ചരിത്രമെഴുതിയ പൊന്നാനിയിലെ സൈനുദ്ധീന്‍ മഖ്ദൂമും ഇത്തരത്തിലുള്ള ഒരു മുസ്‌ലിയാരായിരുന്നു എന്ന യാഥാര്‍ഥ്യം മറന്നുകളയരുത്. കേരളത്തില്‍ തന്നെ പുതിയൊരു സാഹിത്യ ശാഖക്ക് തുടക്കം കുറിച്ച ഈ ഗ്രന്ഥം മദ്രാസ് സെന്റ ജോര്‍ജ് കോട്ടയിലെ പേര്‍ഷ്യന്‍ വിവര്‍ത്തകനായിരുന്ന മേജര്‍ റൗലണ്ട് സെന്‍, അമേര്‍ സെന്‍, റോക്‌സ്, മുഹമ്മദ് ഹുസൈന്‍ തുടങ്ങിയ നിരവധി ചരിത്ര പണ്ഡിതര്‍ ഇംഗ്ലീഷിലേക്കും  അതിനുപുറമെ ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ചെക്, മലയാളം, കന്നട, തമിഴ്, തുടങ്ങിയ നിരവധി ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
 സൈനുദ്ദീന്‍ മഖ്ദൂമിന് പുറമെ അബ്ദുല്‍ അസീസ് മഖ്ദൂം,കോഴിക്കോട് ഖാസി ആയിരുന്ന സൈനുദ്ധീന്‍ റമദാന്‍, ഖൈദുല്‍ ജാമിഇന്റെ കര്‍ത്താവ് ഫഖീഹ് ഹുസൈന്‍,അബ്ദുല്ല കുട്ടി മുസ്‌ലിയാര്‍, ഖാദി മുഹമ്മദ്, മമ്പുറം തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍, ഉമര്‍ ഖാദി, അഹ്മദ് കോയ ശാലിയാത്തി,ഇസ്മാഈല്‍ മുസ്‌ലിയാര്‍, കന്‍സുല്‍ ബറാഹീന്‍ എന്ന ഗ്രന്ഥം രചിച്ച ശൈഖ് ജിഫ്രി, പാനൂര്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി തുടങ്ങിയ അസംഖ്യം പണ്ഡിതന്മാര്‍ അറബി സാഹിത്യത്തിലൂടെ ആഗോള ശ്രദ്ധ നേടിയെടുത്ത മാപ്പിളമാരാണ്. മുഹ്‌യുദ്ധീന്‍ ആലുവായിയും അസ്ഹരി തങ്ങളെയും പോലെ ആധുനിക കാലത്തും അറബി രചനയില്‍ മുഴുകിയ പണ്ഡിതരുണ്ടെങ്കിലും പഴയകാല പ്രതാപത്തിന്റെ ഏഴകലത്ത് പോലും നാം എത്തിയിട്ടില്ല.
വായിക്കുക എന്ന അമര സന്ദേശം മുഴക്കി കടന്നു വന്ന വിശുദ്ധ ഖുര്‍ആന്റെ ആശയാദര്‍ശങ്ങള്‍ക്ക് തങ്ങളുടെ ജീവിതം കൊണ്ട് അര്‍ത്ഥം പകര്‍ന്ന പഴയ തലമുറ ഗ്രന്ഥരചനയുടെ ലോകത്തിലൂടെ പുതിയൊരു ചരിത്രത്തിന് അടിത്തറ നിര്‍മിച്ചെടുത്തു. സാഹത്യത്തിന്റെ വിവിധ കൈവഴികള്‍ അവരിലൂലടെ ഒലിച്ചിറങ്ങി. സമൂഹത്തിന്റെ നാനോന്മുഖമായ പുരോഗതിക്ക് ഹേതുവായ് വര്‍ത്തിച്ച ആ ഗ്രന്ഥങ്ങള്‍ മറ്റു സമുദായങ്ങള്‍ക്കിടയില്‍ മുസ്‌ലിംകള്‍ക്ക് പ്രതാപവും അന്തസ്സും സമ്മാനിച്ചു. അറിവിന്റെ അക്ഷയ ഖനികള്‍  തുറന്നിട്ട് ലോകത്തിന് മുന്നില്‍ പുതിയൊരു പാത അവ പരിചയപ്പെടുത്തി.
മുസ്‌ലിം കേരളത്തിന്റെ ആര്‍ജ്ജവും ഊര്‍ജ്ജവുമായിരുന്ന സാഹിത്യകൃതികള്‍ ഇന്ന് മറ്റു സമുദായങ്ങളുടെ മൊത്തകുത്തകയായി മാറുമ്പോള്‍ സര്‍ഗസാഹിത്യത്തിന്റെ ആ സുവര്‍ണ കാലഘട്ടത്തിലേക്ക് നാം തിരിഞ്ഞ് നടക്കേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു എന്നാണ് കൊഴിഞ്ഞുപോകുന്ന ഓരോ നിമിഷങ്ങളും നമ്മോടു വിളിച്ചോതുന്നത്. സാഹിത്യത്തിന്റെ സര്‍വ മണ്ഡലങ്ങളിലും നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ രചിച്ച് പ്രൗഢമായ ഒരു പാരമ്പര്യം പേറുന്ന മുസ്‌ലിം സമുദായത്തിന്റെ സാഹിത്യ സംഭാവനകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും നമ്മുടെ സാംസ്‌കാരിക നായകര്‍ തയ്യാറാകുന്നില്ലെങ്കില്‍ അവയെ പൂര്‍ണാര്‍ത്ഥത്തില്‍ മലയാളക്കരക്ക് പരിചയപ്പെടുത്തി നമ്മുട അസ്ഥിത്വം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദത്വം നമുക്ക് തന്നെയാണ്. ന്റുപ്പാപ്പാക്കരൊനാണ്ടേര്‍ന്ന് എന്ന് പറഞ്ഞു നടക്കുന്നതിന് പകരം പുതിയ ഗ്രന്ഥങ്ങള്‍ രചിക്കാനും അതിലൂടെ നഷ്ട പൈതൃകത്തിലേക്ക് തിരിച്ച് നടക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.