സർ സയ്യിദിന്റെ നാട്ടിൽ-2


മം​ഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് യാത്ര, ഒരു പകൽ മുഴുവൻ ഇഴഞ്ഞുനീങ്ങിയതിന് പ്രതിക്രിയ ചെയ്യാനാകണം, കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച് മം​ഗള കുതിച്ചുപായുകയാണ്.  ചെറുതോടുകളും പൊന്തക്കാടുകളും ഓടി മറയുന്നു. വയലുകൾക്കിടയിലെ പുല്ലുമേഞ്ഞ വീടുകൾ. കാടും പുഴകളും ​ഗ്രാമങ്ങളും ഉറങ്ങാനുള്ള വട്ടത്തിലാണ്. പുറത്ത് നേരിയ ഇരുട്ട് പടർന്നുകഴിഞ്ഞു. മങ്ങിയ വെളിച്ചത്തിൽ നിരന്നുകിടക്കുന്ന കൃഷിയിടങ്ങൾ കാണാം. ഞാൻ ചില്ലുജാലകത്തിനടുത്ത് തന്നെ സ്ഥലം പിടിച്ചു. അവിടെ കിടക്കുന്ന പാലാക്കാരൻ അച്ചയാൻ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ എനിക്കിരിക്കാൻ അൽപം സ്ഥലം തന്നു. വിശുദ്ധ ഖുർആനിൽ കന്യാമറിയത്തെക്കുറിച്ച് ഒരു അധ്യായം തന്നെയുണ്ട് എന്ന് പറഞ്ഞതിന്റെ കൗതുകം അയാളുടെ മുഖത്ത് ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നുണ്ട്. മിഷാരി അൽ അഫാസിയുടെ ശ്രവണസുന്ദരമായ ശബ്ദത്തിൽ അതിന്റെ പാരായണം കൂടി കേൾപ്പിച്ചതോടെ ചെറുതെങ്കിലും ഞങ്ങൾക്കിടയിൽ സൗഹൃദത്തിന്റെ പുതുനാമ്പുകൾ തളിർത്തുകഴിഞ്ഞിരുന്നു. വണ്ടിയിപ്പോൾ ഉഡുപ്പിയിലെത്തിയിരിക്കണം. രണ്ടാഴ്ച മുമ്പ് ഇവിടെ വന്നിരുന്നു. ജീവിതത്തിലെ ആദ്യത്തെ കടൽയാത്ര അനുഭവിക്കാനും, 80 മില്യൻ വർഷങ്ങൾക്ക് മുമ്പ് മഡ​ഗാസ്ക്കറിൽ നിന്ന് വേർപ്പെട്ടതാകാമെന്ന് ഭൗമശാസ്ത്രജ്ഞർ അനുമാനിക്കുന്ന സെന്റ് മേരീസിലെ അൽഭുതകാഴ്ചകൾ കാണാനുമായി. പുറത്തെ ഇരുട്ടിന് കനം വെച്ച് തുടങ്ങിയിട്ടുണ്ട്. കറുത്ത കരിമ്പടം പുതച്ച കൃഷിയിടങ്ങളിൽ നിന്ന് ഒരിലയനക്കം പോലും കാണാതായിട്ടും ഞാൻ പുറത്തേക്ക് തന്നെ തുറിച്ചുനോക്കി.
     

 ബോ​ഗിക്കുള്ളിൽ ഇരുട്ടും വെളിച്ചവും മാറി മാറി വരുന്ന അൽഭുതത്തിലേക്കാണ് ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നത്. വണ്ടി എവിടെയെത്തി എന്ന് ചോദിക്കാൻ താഴേക്ക് ചാടിയിറങ്ങി നോക്കുമ്പോൾ പാലാക്കാരൻ അച്ചായന്റെ സ്ഥാനത്ത് മനോഹരമായ പ​ഗോഡയും ധരിച്ച്  കശ്മീരി പെൺകുട്ടികളെ പോലെ ചുവന്ന് തുടുത്ത ആപ്പിളും കയ്യിൽ പിടിച്ച് ഒരു സർദാർജി പുഞ്ചിരിച്ചു നിൽക്കുന്നു. ബ്രഷ് ചെയ്യാത്തതിന്റെ നാറ്റം സഹിക്കാനാവാത്തതിലാവണം കൊങ്കണെത്തിയോ എന്ന ചോദ്യം അൽപ നേരം തൊണ്ടയിൽ കുരുങ്ങിക്കിടന്ന് താഴോട്ട് തന്നെ ഉൾവലിഞ്ഞത്.
 മനസ്സ് നിറയെ കൊങ്കണായിരുന്നു. ചെറുപ്പ കാലം മുതലേ കേൾക്കാൻ തുടങ്ങിയ ഓരോ യാത്രാ വിവരണങ്ങളിലും കൊങ്കണിന് അനിഷേധ്യമായ സ്ഥാനമുണ്ടായിരുന്നു. അല്ലെങ്കിലും കൊങ്കൺ ഒരു പുഴ പോലെയാണ് എന്നാണല്ലോ പറയാറ്. ഓരോ തവണ പുഴയിൽ കുളിച്ചു കയറുന്നുവരും പുതിയ വെള്ളത്തിന്റെ ഈർപ്പനണിഞ്ഞ് കരകയറുന്നത് പോലെ ഓരോ യാത്രികനും കൊങ്കൺ പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.

  മം​ഗലാപുരത്ത് നിന്ന് മഹാരാഷ്ട്രയിലെ റോഹ വരെ 760 കിലോമീറ്ററാണ് കൊങ്കണിന്റെ ദൂരം. 1990 സെപ്തംബർ 15 ന് റോഹയിൽ നിർമാണം തുടങ്ങി 1998 ജനുവരി 26 ന് ആദ്യത്തെ ചൂളം വിളിയുയർന്ന ഈ പാത അഭേദ്യവും അസാധ്യവുമായ ഇഛാശക്തിയുടെ മകുടോദാഹരമാണ്. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ സ്വപ്നങ്ങൾ യാഥാർഥ്യമാവൂ എന്ന് പേർത്തും പേർത്തും നമ്മോട് വിളിച്ചു പറയുന്നുണ്ട് കൊങ്കണിന്റെ നിർമാണ കഥകൾ. എത്രയെത്രെ പ്രതിസന്ധികൾ വകഞ്ഞ് മാറ്റിയാണ് ഇ. ശ്രീധരൻ എന്ന മഹാമാന്ത്രികന്റെ അജയ്യരായ സംഘം ഈ സ്വപ്നം യാഥാർഥ്യവൽക്കരിച്ചത്. കോരിച്ചൊരിയുന്ന മഴ, ഉരുൾപൊട്ടൽ, ചെളിയൊഴുക്ക്, കട്ടിയായ പാറ എല്ലാത്തിനും പുറമെ നിരന്തരം ഇടിഞ്ഞ് വീഴുന്ന കളിമണ്ണ് തുരന്ന് മുന്നോട്ടുള്ള യാത്ര........60 റെയിൽവേ സ്റ്റേഷനുകൾ, 91 തുരങ്കങ്ങൾ, 1858 ചെറുതും വലുതുമായ പാലങ്ങൾ...മാമലകളും പാറക്കെട്ടുകളും തുരന്ന് എത്ര വലിയ മഹാൽഭുതമാണ് ഇ ശ്രീധരന്റെ യുവതുർക്കികൾ സാധിച്ചെടുത്തത്.
      ഉറക്കച്ചടവിൽ നിന്ന് സ്വബോധത്തിലേക്കുണർന്ന് നോക്കുമ്പോൾ വണ്ടി മഹാരാഷ്ട്രയിലെ രത്ന​ഗിരിയിലെത്തിയിട്ടുണ്ട്. ഭാ​ഗ്യത്തിന് കൊങ്കൺ കഴിഞ്ഞിട്ടില്ല. രാത്രി മുഴുവൻ കിടന്നുറങ്ങിയതിന്റെ ക്ഷീണം മാറ്റി സൂര്യൻ കിഴക്ക് നിന്ന് പ്രകാശം പൊഴിച്ച് തുടങ്ങുന്നേയൂള്ളു...സമയകാല ബോധങ്ങളൊന്നുമില്ലാതെ ഇളം കാറ്റ് ഇലകളെ തഴുകിയും തലോടിയും പതിവു സല്ലാപം തുടരുന്നുണ്ട്. ശീലിച്ചു ​ഗാനമിടചേർന്നു ശിരസ്സുമാട്ടി, കാലെത്തെഴും കിളികളോടഥ മൗനമായ് നീ..എന്ന് ആശാൻ പാടിപ്പറഞ്ഞ കിളികളെല്ലാം അതിരാവിലെ തന്നെ സ്വരമാധുര്യം കൊണ്ട് അന്തരീക്ഷത്തെ സം​ഗീതസാന്ദ്രമാക്കുന്നുണ്ട്.


 കേട്ടറിഞ്ഞ അനുഭവങ്ങൾ കൺമുന്നിൽ തെളിയാൻ ഏറെ നേരം കാത്തിരിക്കേണ്ടി വന്നില്ല. അരുവികൾ, പുഴകൾ, ചെങ്കുത്തായ പാറകൾ, കൃഷിയിടങ്ങൾ, ഉൾനാടൻ പ്രദേശങ്ങൾ, എവിടെയും മനം നിറക്കുന്ന ഹരിതാഭമായ കാഴ്ചകൾ,  വൈവിധ്യമാർന്ന കാഴചകളാണ് കൊങ്കണിന്റെ സൗന്ദര്യം, പച്ചിലകളുടെ മാദക സൗന്ദര്യം ആസ്വദിച്ച് ഉന്മത്തനായിരിക്കുമ്പോൾ വണ്ടി പതിയെ മലകൾക്ക് ഇടയിലുള്ള തുരങ്കത്തിലേക്ക് ഉൾവലിയും. പിന്നെയും പിന്നെയും മലകളും കുന്നുകളും കുറ്റിക്കാടുകളും ഇടതൂർന്ന വനങ്ങളും പകരുന്ന മായിക കാഴ്ചകൾ....കൊങ്കൺ തീരുന്നത് വരെ എ.സി കോച്ചിന്റെ ശീതളഛായയിൽ നിന്ന് പുറത്തിറങ്ങി ഞാൻ ട്രയിനിന്റെ വാതിലിനോട് ചേർന്ന് നിന്നു. ഇടക്ക് പലരും വന്ന് ​ഗുണദോഷിച്ചെങ്കിലും പിന്മാറാൻ തോന്നിയില്ല. എനിക്ക് കൺനിറയെ കൊങ്കൺ കാണണമായിരുന്നു. വണ്ടി ഇ​ഗത്പുരിയ സ്റ്റേഷനിലെത്തിയപ്പോയായിരിക്കണം, അൻവറും മുബാറകും മിഷാലുമെല്ലാം വടപാവും ബെന്നുമായി വരുന്നത്. ഇ​ഗത്പുരിയിലെ വിശേഷപ്പെട്ട ഭക്ഷണമാണ് വടപാവ്. വടപാവ് പിന്നെയും പലയിടങ്ങളിലും കണ്ടെങ്കിലും കൊങ്കൺ യാത്രക്കിടെ ഇ​ഗത്പുരിയിലെ വടപാവ് നുണഞ്ഞില്ലെങ്കിൽ തീർച്ചയായും അത് തീരാനഷ്ടമാണ്.

 വെൽക്കം ടു കർണാടക, ​ഗോവ, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്....ആദ്യമായി കേരളത്തിനു പുറത്തേക്ക് പോകുന്നവനെ സംബന്ധിച്ച് മനം നിറക്കുന്ന അനുഭവങ്ങളാണ് സെൽഫോണിലേക്ക് ഇരമ്പിയെത്തുന്ന ഈ മെസേജുകൾ. പഠന കാലത്ത് അനുഭവിക്കാൻ കഴിയാതെ യാത്രയുടെ പരമാനന്ദത്തിലേക്ക് പതുക്കെ നടന്നു കയറുന്നതിന്റെ ആത്മരതിയിൽ മുഴുകി നിൽക്കെയാണ് അൻവറിന്റെ കമന്റ് വരുന്നത്. ദേ, കണ്ടോ, ഡിജിറ്റൽ ഇന്ത്യ. ഒരു വട്ടം ഡൽഹിയിൽ പോയി വന്നതിന്റെ അനുഭവജ്ഞാനം കിട്ടുന്ന വേളയിലെല്ലാം ശരിക്കും മുതലെടുക്കുന്ന അൻവറാണ് ഞങ്ങളുടെ യാത്രാ സംഘത്തലവൻ. സംഘത്തിലെ ഓരോ അം​ഗത്തിന്റെ മേലിലിും അദൃശ്യമായ ഒരു നിയന്ത്രണം അവനുണ്ടായിരുന്നു.
 ചരക്കുവണ്ടികളും യാത്രാ വണ്ടികളും തലങ്ങും വിലങ്ങും കുതിച്ചു പായുന്നതിനിടയിലും തെളിഞ്ഞ ആകാശത്തേക്ക് നിസാരമായി വെളിയിലിരിക്കുന്ന അനേകം മനുഷ്യർ, ദുർ​ഗന്ധം നിറഞ്ഞ ​ഗല്ലികളിലെ അഴുക്കുചാലുകളിൽ മദിച്ചുകിതക്കുന്ന പന്നിക്കൂട്ടങ്ങൾ, റെയിൽവേ പുറമ്പോക്കുകളിൽ ഒരു തരി വസ്ത്രം പോലുമില്ലാതെ മണ്ണിൽ കിടന്നുറങ്ങുന്ന പിഞ്ചുബാല്യങ്ങൾ, കൊങ്കണിന്റെ മനോഹര കാഴ്ചകളുടെ ഒടുക്കം ഇങ്ങനെ ഒരു ട്രാജഡിയിലേക്കാകുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല. പുസ്തകത്താളുകളിൽ ഞാൻ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ എന്നത് മമ്മുട്ടിയുടെ പഞ്ച് ഡയലോ​ഗിനപ്പുറം കൺമുന്നിൽ നിരന്തരം തെളിയുന്ന യാഥാർഥ്യമായി മാറിയത് എത്ര പെട്ടന്നാണ്.
 മം​ഗളയിപ്പോൾ ഉത്തർപ്രദേശിലാണ്. മധുരയിലോ ആ​ഗ്രയിലോ ഇറങ്ങിയാൽ എനിക്ക് എളുപ്പം അലീ​ഗഢിലേക്ക് വണ്ടി കയറാം.റൂട്ടിനെക്കുറിച്ച് കൃത്യമായ ധാരണകളില്ലാത്തതിനാൽ യാത്ര തുടരാൻ തന്നെ തീരുമാനിച്ചു. ഹസ്രത്ത് നിസാമുദ്ദീനിലേക്കാണ് ടിക്കറ്റെടുത്തത്. രണ്ട് ദിവസത്തെ ദൈർഘ്യമേറിയ യാത്ര അവസാനത്തിലേക്ക് അടുക്കുകയാണ്. ഹൃദയത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങിയ സൗഹൃദത്തിന്റെ ചങ്ങലക്കണ്ണികൾ പൊട്ടിവീഴുകയാണ്. അൻവർ, മുബാറക്, മിഷാൽ, ഹകീം, സുഹൈൽ, നസ്ൽ...ഇടവഴിയിലെപ്പോയോ ജീവിതത്തിലേക്ക് കയറിയവർ പാതിവഴിയിൽ ഇറങ്ങിപ്പോകുകയാണ്, യുറോപ്പിന്റെ സുന്ദര ഭൂമികയിൽ തങ്ങളുടെ സ്വപ്ന ലോകം പണിയാൻ.


0 comments: