മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പഠിക്കാമോ...?


മുസ്‌ലിം സ്ത്രീയും അവളുടെ വിദ്യാഭ്യാസവും കാലങ്ങളായി നമ്മുടെ  ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചൂടുപിടിച്ച വിഭവമാണ്. മതത്തിനുള്ളില്‍ നിന്നും മതത്തിന്റെ പുറത്തുനിന്നുമെല്ലാം ഈ വിഷയത്തില്‍ നിരന്തരം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാം സ്ത്രീയെ അടുക്കളയുടെ നാല് ചുവരുകള്‍ക്കിടയില്‍ അടികമളെ പോലെ തളച്ചിടുകയാണെന്നും  അവര്‍ക്ക് അക്ഷരാഭ്യാസംനല്‍കാതെ അജ്ഞതയുടെ ഇരുള്‍പടര്‍പ്പില്‍ തന്നെ ജീവിതാന്ത്യം വരെ കഴിച്ചുകൂട്ടാന്‍ നിര്‍ബന്ധിപ്പിക്കുകയാണെന്നുമൊക്കെ ഇസ്‌ലാമിനെക്കുറിച്ച് ശത്രുക്കള്‍ നിരന്തരം ആക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ ആധികാരിക സ്രോതസ്സുകളായ വിശുദ്ധ ഖുര്‍ആന്റെ  അധ്യാപനങ്ങളിലേക്കും പ്രവാചകന്‍(സ) തങ്ങളുടെ ജീവിതത്തിലേക്കും ആഴത്തില്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ഇത്തരം പ്രചരണങ്ങളിലെ അര്‍ഥശൂന്യത പകല്‍വെട്ടം പോലെ നമുക്ക് തിരിച്ചറിയാനാകും.
  സ്ത്രീ സമൂഹം അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ വാതിലുകള്‍ തുറന്നുകൊടുത്ത് കടന്നുവന്ന പ്രവാചകന്‍ (സ) തങ്ങള്‍ സ്‌ത്രൈണതയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകയും സ്ത്രീ പുരുഷ സമത്വത്തിന്റെ പുതിയ പാഠങ്ങള്‍ സമുഹത്തിന് പകര്‍ന്നുകൊടുക്കുകയും ചെയ്തു. സാമൂഹിക ജീവിതത്തില്‍ പുരുഷന്റെ ഭോഗവസ്തു എന്നതിലപ്പുറം സ്ഥാനമാനങ്ങളൊന്നുമില്ലാതിരുന്ന സ്ത്രീകള്‍ക്ക് വിദ്യ നേടല്‍ ഇസ്‌ലാമിക വിധി പ്രകാരം പ്രവാചകന്‍ നിര്‍ബന്ധ കടമയാക്കി മാറ്റി. അങ്ങനെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന സമൂഹത്തിന് വിദ്യയുടെ കൈത്തിരിയിലൂടെ വിമോചനത്തിന്റെ പുതിയപാതകള്‍ പ്രവാചകന്‍ (സ) തങ്ങള്‍ തുറന്നുകൊടുത്തു.
ആധുനിക കാലത്ത് ഏതെങ്കിലും ചില മുസ്‌ലിം സഹോദരന്മാര്‍ തങ്ങളുടെ വൈയക്തികവും സാമൂഹികവുമായ ചില കാരണങ്ങള്‍ കൊണ്ട് തങ്ങളുടെ മക്കളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കും പൊതുമണ്ഡലങ്ങളിലേക്കും അയക്കുന്നില്ലെന്ന് കരുതി അതാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങളെന്ന് ഒരിക്കലും തെറ്റിദ്ധരിച്ചുകൂടാ. മാനുഷിക ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളിലും ഒരു വ്യക്തി എങ്ങനെ മാതൃകാതുല്യമായ ജീവിതം നയിക്കണമെന്ന കൃത്യമായ മാര്‍ഗരേഖ വരച്ചുവെച്ച ഇസ്‌ലാം സ്ത്രീ വിദ്യാഭ്യാസത്തിനും അതിന്റെ വഴികളും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
 വിദ്യാഭ്യാസം കൊണ്ടര്‍ഥമാക്കുന്നത്.
 സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചും ഇസ്‌ലാമിലെ സ്ത്രീയെക്കുറിച്ചും കൂടുതല്‍ ചര്‍്ച്ചകള്‍ നടത്തുന്നതിനു മുമ്പ് എന്താണ് വിദ്യാഭ്യാസം കൊണ്ടുള്ള വിവക്ഷ എന്നതിനെക്കുറിച്ചുകൂടി നാം ചിന്തിക്കേണ്ടുത്.  ഏത് മേഖലകളിലെന്നുപോലെ ജ്ഞാനമേഖലയിലും ഇസ്‌ലാമിന് തനതായ സങ്കല്‍പങ്ങളും പ്രായോഗിക കാഴ്ചപ്പാടുകളുമുണ്ട്. മാനുഷിക മൂല്യങ്ങള്‍ക്കെതിരു നില്‍ക്കാത്ത ജഞാനപ്രസരണത്തെയും  സ്വീകരണത്തെയും കലവറയില്ലാതെ പിന്തുണക്കുകയാണ് വിദ്യാഭ്യാസ മേഖലയില്‍ ഇസ്‌ലാം ചെയ്യുന്നത്. കേവലം സ്‌കൂളിന്റെ പടികടക്കുന്നതോ ഉന്നത പരീക്ഷകളില്‍ പാസാകുന്നതോ യൂനിവേഴ്‌സിറ്റികളില്‍ പോയി നിരന്തരം  ലക്ചറുകള്‍ കേള്‍ക്കുന്നതോ വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ മാതൃകകളായി ഇസ്‌ലാം എണ്ണിക്കാട്ടുന്നില്ല, മറിച്ച് എഴുത്തും വായനയും മറ്റു കാര്യങ്ങളുമെല്ലാം പഠിക്കുന്നതോടൊപ്പം തന്നെ സല്‍സ്വഭാവവും ജീവിത സുഗന്ധികളായ സ്വഭാവവിശേഷങ്ങളുമുള്ള ഒരു സല്‍ഗുണ സമ്പന്നനാക്കി മനുഷ്യനെ പരിവര്‍ത്തിച്ചെടുക്കുക എന്നതാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസം കൊണ്ട് അര്‍ഥമാക്കുന്നത്. തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം ചിട്ടയാര്‍ന്ന ജീവിതം പകര്‍ന്നുകൊടുക്കുന്നവരാണ് ഏറ്റവും നല്ല രക്ഷിതാക്കള്‍ എന്ന് പ്രവചാകന്‍(സ) തങ്ങള്‍ തന്നെ പഠിപ്പിക്കുന്നുണ്ട്.(ബുഖാരി).
   വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ ചിട്ടകള്‍ മുന്നോട്ടുവെക്കുന്ന ഇസ്‌ലാം ഒരേ സമയം ദൈവിക-ഭൗതിക -മാനുഷിക വിജ്ഞാന സ്രോതസ്സുകളെയെല്ലാം അംഗീകരിക്കുന്നുണ്ട്. വിജ്ഞാനീയങ്ങളെ വേലികെട്ടി വേര്‍തിരിക്കുന്നതിനു പകരം എല്ലാം കൂട്ടിയോജിപ്പിച്ച,് മതം-ഭൗതികം എന്ന വേര്‍തിരിവു പോലുമില്ലാതെ അറിവിന്റെ സര്‍വ വാതിലുകളും മലര്‍ക്കെ തുറന്നിടുകയാണ് ഇസ്‌ലാം ചെയ്യുന്നത്. അപ്പോഴും സുസ്ഥിരമായ ഒരു മാര്‍ഗരേഖ വരച്ചുവെക്കാന്‍ ഇസ്‌ലാം മറക്കുന്നില്ല.
  അല്ലാഹുവിലേക്കടുക്കുക എന്നതാണ് ഇസ്‌ലാമിക വിജ്ഞാനത്തിന്റെ കാതലായ ലക്ഷ്യം. പ്രഗത്ഭ ഇസ്‌ലാമിക വിദ്യാഭ്യാസ വിചക്ഷണനായ നഖീബുല്‍ അത്താസ് നിരീക്ഷിച്ചതുപോലെ  ''തന്റെ വികാരവിചാരങ്ങളും വാചകകര്‍മങ്ങളും ആഹ്ലാദാഭിലാഷങ്ങളും  സ്വമനസ്സാലും പൂര്‍ണഹൃദയത്തോടെയും അല്ലാഹുവിന് സമര്‍പ്പിക്കാനാവണമെങ്കില്‍ അവന്റെ ഇച്ഛയും യുക്തിവിചാരവും അതിനനുകൂലമാവണം, ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശങ്ങളെ പൂര്‍ണമായി മനസ്സിലാക്കിയാലേ മനുഷ്യന് പൂര്‍ണാര്‍ഥത്തില്‍ ഇതിനു സാധിക്കൂ...''(നഖീബുല്‍ അത്താസ,്1989).
 വിദ്യാഭ്യാസത്തെ പള്ളിക്കൂടങ്ങളുടെയും യൂനിവേഴിസിറ്റികളുടെയും ചട്ടക്കൂടുകളില്‍ മാത്രം തളച്ചിടുന്ന രീതിയും ഇസ്‌ലാമികമല്ല, 'അറിവ് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണെ'ന്ന വാക്കിലൂടെ അറിവ് തേടാന്‍ പ്രത്യേക ഇടങ്ങളില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. കളഞ്ഞുപോയ സ്വത്ത് നാം എവിടെയും തിരയുമെന്നതുപോലെ അറിവ് തേടി നിരന്തരം ജ്ഞാനാന്വേഷണങ്ങള്‍ നടത്തണമെന്നര്‍ഥം. വേര്‍തിരിവുകളുടെ വേലിക്കെട്ടുകളില്ലാതെ അറിവിന്റെ വിശാലമായ ലോകത്ത് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മുഴുകിയിരിക്കാനാണ് ഇസ്‌ലാമിന്റെ കല്‍പന. ഇസ്‌ലാം വളര്‍ന്നുതുടങ്ങിയ ആദ്യനൂറ്റാണ്ടുകളിലും പിന്നീട് വന്ന ഇസ്‌ലാമിന്റെ സുവര്‍ണകാലഘട്ടങ്ങളിലുമെല്ലാം ഇത്തരം വേലിക്കെട്ടുകളില്ലാത്ത വിദ്യാഭ്യാസ രീതിയായിരുന്നു നമുക്ക് കാണാനായത്.
 ഏതെങ്കിലും യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ഡിഗ്രിയും പിജിയും പി.എച്ച്.ഡിയും പൂര്‍ത്തിയാക്കിയതിന്റെ രേഖകള്‍ അയാളുടെ/അവളുടെ വിദ്യാഭ്യാസത്തിന്റെ അളവുകോല്‍ വരച്ചിടുന്നുണ്ടെങ്കിലും അതാണ് വിദ്യാഭ്യാസത്തിന്റെ ആണിക്കല്ലെന്ന് നമുക്ക് പറയാനാവില്ല, സ്വഭാവവിശേഷണങ്ങള്‍, മറ്റുളളവരോടുള്ള പെരുമാറ്റം, ധാര്‍മിക ബോധം, ദൈവിക വിശ്വാസം തുടങ്ങിയ ഓരോ കാര്യങ്ങളും വിലയിരുത്തിയേ ഇസ്‌ലാമികമായി നമുക്കയാള്‍ അഭ്യസ്തവിദ്യനാണെന്ന് പറയാനാകൂ..മദ്യപിച്ച് ബോധം നഷ്ടപ്പട്ട് ക്ലാസിലെത്തുന്നതും സഹപാഠികളുമായി ശരീരം പങ്കുവെക്കുന്നതുമെല്ലാം  നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിത്യസംഭവങ്ങളായി മാറുമ്പോള്‍ പൊതുവിദ്യാഭ്യാസ ലോകത്ത് മാത്രം തളച്ചിടുന്ന വിദ്യാഭ്യാസ രീതിയുടെ ദൗത്യനിര്‍വഹണത്തെ നാം പുനഃപരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ക്കും അംഗീകാരങ്ങള്‍ക്കും അമിതപ്രാധാന്യം കൊടുക്കുന്നതാണ് ആധുനിക ഭൗതിക വിദ്യാഭ്യാസമെങ്കില്‍ അംഗീകാരങ്ങളേതും കാംക്ഷിക്കാതെ അറിവിന്റെ അനന്തസാഗരമായി സ്വയം രൂപപ്പെടുന്ന ഗസാലിയന്‍ ശൈലിയാണ് ഇസ്‌ലാം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഏതെങ്കിലും യൂനിവേഴ്‌സിറ്റികളുടെ പടിയിറങ്ങുമ്പോഴേക്ക് വിദ്യാഭ്യാസം അവസാനിച്ചു എന്നു പറയുന്നത് ഇസ്‌ലാമികമായി ഒരിക്കലും ശരിയല്ല.
വിദ്യാഭ്യാസത്തെ ജോലിയുമായി ബന്ധിപ്പിച്ചുള്ള ആധുനിക വിദ്യാഭ്യാസ രീതിയാണ് ഏറെ അപകടം പിടിച്ചത്. കേവലം 'ജോബ് ട്രൈനിംഗ്' മാത്രമായി നമ്മുടെ വിദ്യാഭ്യസ മേഖല ചുരുങ്ങിക്കൊണ്ടിരിക്കുകയാണിപ്പോള്‍.  ജോലിയും പണവും മാത്രം ലക്ഷീകരിക്കുന്ന പാശ്ചാത്യന്‍ വിദ്യാഭ്യാസ ക്രമം അറിവിനെ പലതുണ്ടുകളായി വെട്ടിമുറിച്ച്  ഓരോരുത്തര്‍ക്കും കൂടുതല്‍ പണമുണ്ടാക്കാവുന്ന മേഖല വിതീച്ചു നല്‍കി. ഈ വിനീതന്റെ അനുഭവത്തില്‍ തന്നെ ഉന്നത തലങ്ങളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന പലരുമായും ഇടപെടാന്‍ സാധിച്ചപ്പോള്‍ തീര്‍ത്തും അലക്ഷ്യമായി, വ്യക്തമായ കാഴ്ചപ്പാടുകളില്ലാതെയാണ് പലരും അറിവ് നേടിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാനായി. കേവലം ജോലിയാവശ്യത്തിനും  തനിക്ക് ഇന്ന യോഗ്യതകളൊക്കെയുണ്ടെന്ന് വീര്യം പറയാനുമൊക്കെയാണ് ഇന്ന് പലരും ലക്ഷങ്ങള്‍ മുടക്കി പഠിച്ചുകൊണ്ടിരിക്കുന്നത്.  ഷോപ്പിംഗ് മാളുകളിലെ 'കണ്‍സ്യൂമറിസം' ഇന്ന് വിദ്യാഭ്യാസ മേഖലയെയും  ബാധിച്ചിരിക്കുന്നു എന്ന് ചുരുക്കം. കൂടുതല്‍ പരസ്യങ്ങളുള്ള, വിദ്യാഭ്യാസ കമ്പോളത്തില്‍ കൂടുതല്‍ മാര്‍ക്കറ്റുള്ള മേഖലകളിലേക്ക് മാത്രം വിദ്യാര്‍ഥി ലോകത്തിന്റെ ശ്രദ്ധ തിരിയുന്ന സാഹചര്യമാണ് നമുക്ക് മുമ്പിലുള്ളത്. ഓരോ സമയത്തേയും ട്രന്റിനനുസരിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. കേവലം ഭൗതിക സുഖാസ്വാദനം മാത്രം ലക്ഷ്യമാക്കിയുള്ള അത്തരം വിദ്യാഭ്യാസ രീതിയാകട്ടെ ഇസ്‌ലാമിന് ഏറെ അന്യവുമായിരുന്നു.
 മുസ്‌ലിം സമൂഹം വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നാക്കമാണെന്നു വ്യാപകമായി പലരും കൊട്ടിഘോഷിക്കുമ്പോള്‍ ഏത് മേഖലയിലാണ് നമ്മുടെ സമൂഹം പിന്നാക്കമെന്ന് കൂടി  ചര്‍ച്ചകളില്‍ കടന്നുവരേണ്ടതുണ്ട്. പാശ്ചാത്യലോകം പരിചയപ്പെടുത്തിയ കേവല സുഖാസ്വാദനത്തില്‍ അധിഷ്ടിതമായ വിദ്യാഭ്യാസ മേഖലയിലാണ് പിന്നാക്കമെന്ന് പറയുന്നതെങ്കില്‍ ഇസ്‌ലാമിക വിദ്യാഭ്യാസ രീതിയനുസരിച്ച് നമ്മള്‍ അതിനെ മുഖവിലക്കെടുക്കേണ്ടതേയില്ല. കാരണം ആത്മീയതയിലധിഷ്ടിതമായ ദൈവീകമാര്‍ഗത്തിലേക്ക് വിശ്വാസികളെ വഴിനടത്താന്‍ സഹായകമാകുന്ന രീതിയിലുള്ള വിദ്യാഭ്യാസത്തെയാണ് ഇസ്‌ലാം പ്രേരിപ്പിക്കുന്നത്.
 കൊളോണിയല്‍ വിദ്യാഭ്യാസ രീതിയോടുള്ള മുസ്‌ലിം സമൂഹത്തിന്റെ അവജ്ഞ, പാരമ്പര്യമായി തുടര്‍ന്നു പോന്നിരുന്ന അറബി ഭാഷയില്‍ നിന്ന് പുതിയൊരു ഭാഷയിലേക്കുള്ള വിദ്യാഭ്യാസ മേഖലയുടെ കുടിയേറ്റം, മുസ്‌ലിം പാരമ്പര്യവും ഇത്തരം വിദ്യാഭ്യാസ രീതികളും തമ്മിലുള്ള അന്തരം, തീര്‍ത്തും ഇസ്‌ലാമിക വിരുദ്ധമായിത്തീര്‍ന്ന വിജ്ഞാനസ്രോതസ്സുകള്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇത്തരം വിദ്യാഭ്യാസ രീതികളോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ മുസ്‌ലിം സമൂഹത്തെ പ്രേരിപ്പിച്ചിരിക്കാം. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ കൊളോണിയില്‍ ശക്തികളുടെ കടന്നുവരവ് മുസ്‌ലിം വിദ്യാഭ്യാസ രംഗത്തെ സാരമായി തന്നെ ബാധിക്കുകയുണ്ടായി.
  മതകീയ പരിസരത്ത് നിന്ന് കഴിയാവുന്നത്ര വിജ്ഞാനം സമ്പാദിക്കാന്‍ ഇസ്‌ലാം വിശ്വാസികളോട് ആവശ്യപ്പെടുന്നു. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും അറിവിന് നല്‍കിയ പ്രാധാന്യം പിന്നീടുള്ള നൂറ്റാണ്ടുകളില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് തന്നെ തിരികൊളുത്തി. ഇസ്‌ലാം കടന്നുചെന്ന രാജ്യങ്ങളിലൊക്കെയും ജ്ഞാന മണ്ഡലങ്ങള്‍ പൂത്തുപുഷ്പിച്ചു. ബാഗ്ദാദും സ്‌പെയിനുമൊക്കെ ആ ജ്ഞാനവളര്‍ച്ചയുടെ പ്രോജ്ജ്വലിച്ചു നില്‍ക്കുന്ന ശോഭനചിത്രങ്ങളായി മാറി. എന്നാല്‍ അവിടെയൊന്നും വിദ്യാഭ്യാസത്തെ വര്‍ഗീകരിക്കാത്ത ഇസ്‌ലാം പിന്നെ എവിടെയാണ് വിജ്ഞാനത്തെ പുരുഷന്മാര്‍ക്ക് മാത്രമായി  നിര്‍ണയിച്ചു വെച്ചത് എന്നു ചരിത്രം മുഴുവന്‍ അരിച്ചുപെറുക്കിയാലും കണ്ടെത്താനാവില്ല.
ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലം മുതല്‍ക്ക് തന്നെയുള്ള ചരിത്രം പരിശോധിച്ചുനോക്കുമ്പോള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ജ്ഞാനവിപ്ലവങ്ങള്‍ തീര്‍ത്ത വനിതാ രത്‌നങ്ങളെ നമുക്ക് കാണാനാകും. പ്രവാചകന്‍(സ)തങ്ങളുടെ പ്രിയ പത്‌നി ആഇശ(റ), ഹഫ്‌സ(റ), സൈനബ്(റ) തുടങ്ങി നബി(സ)തങ്ങളുടെ ഓരോ പത്‌നിമാരുടെ ജീവിതം പരിശോധിച്ചുനോക്കുമ്പോഴും വ്യത്യസ്ത മേഖലകളില്‍ കഴിവുതെളിയിച്ചവരായിരുന്നു അവരെന്ന് നമുക്ക് കണ്ടെത്താനാകും. സ്ത്രീ വിദ്യാഭ്യാസത്തെ നിരന്തരം പ്രോത്സാഹിപ്പിച്ച പ്രവാചകന്‍(സ), തന്റെ ജീവിത കാലത്ത് സ്ത്രീകള്‍ക്ക് വിജ്ഞാനം പകര്‍ന്നുകൊടുക്കാന്‍ വേണ്ടി ഒരു ദിവസം തന്നെ  നീക്കിവെച്ചിരുന്നു. തന്റെ കീഴിലുള്ള അടിമസ്ത്രീക്ക് പോലും വിദ്യ പകര്‍ന്നു നല്‍കണമെന്നാണ് പ്രവാചകന്റെ കല്‍പന. ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് പഠനം, കര്‍മശാസ്ത്രം, ഗോളശാസ്ത്രം, അനന്തരവകാശം, മെഡിക്കല്‍ തുടങ്ങിയ നിരവധി മേഖലകളില്‍ കഴിവുതെളിയിച്ച പണ്ഡിത വനിതകളെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാനാകും.
 വിവാഹാനാന്തരം പെണ്‍കുട്ടികള്‍ക്ക് അറിവ് തേടാനുള്ള അവസരങ്ങള്‍ ഇസ്‌ലാം നല്‍കുന്നില്ല എന്നതാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാല്‍  ശിഫാഉല്‍ അദവിയ്യ എന്ന സ്ത്രീയില്‍ നിന്ന് അക്ഷരജ്ഞാനം നേടിയ ഹഫ്‌സ ബീവിയെ വിവാഹത്തിനു ശേഷവും പ്രവാചകന്‍(സ) തങ്ങള്‍ പഠിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നു. പ്രവാചകന്‍ പഠിപ്പിച്ചിച്ച ഇസ്‌ലാമിക വിദ്യാഭ്യാസ രീതി ഇതാണെങ്കില്‍ പിന്നെ ഇസ്‌ലാമിനെതിരെ ആരോപണമുന്നയിക്കുന്നവരുടെ വാദങ്ങള്‍ക്ക് എന്തുപ്രസക്തിയാണുള്ളത്.
  അടുക്കളയുടെ ഭിത്തികള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കേണ്ട മുസ്‌ലിം സ്ത്രീകള്‍ ഒരുപാട് പഠിച്ചിട്ട് എന്തുകാര്യമെന്നാണ് മറ്റൊരു വിഭാഗത്തിന് ചോദിക്കാനുള്ളത്. വിദ്യാഭ്യാസം ജോലിയിലധിഷ്ടിതമായിരിക്കണമെന്ന പാശ്ചാത്യന്‍ ചിന്തകളില്‍ നിന്നു തന്നെയാണ് ഈ വാദവും ഉയിര്‍ത്തെഴുനേല്‍ക്കുന്നത്. അറിവ് പണം സമ്പാദിക്കാനുള്ള ആയുധം മാത്രമായിത്തീരുന്ന ലോകത്ത് ഇത്തരം വാദങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെങ്കിലും ഇസ്‌ലാമിക വിദ്യാഭ്യാസ ചട്ടക്കൂടിനുള്ളിലിട്ട് നോക്കുമ്പോള്‍ തീര്‍ത്തും അപ്രസക്തമാണ് ഈ വാദങ്ങള്‍. പ്രമുഖ ഈജിപ്ഷ്യന്‍ കവി ഹാഫിള് ഇബ്‌റാഹീം പാടിയത് പോലെ  'ഒരു പുരുഷനെ അറിവ് പഠിപ്പിക്കുന്നത് കൊണ്ട് ഒരു വ്യക്തിയെയാണ് നിങ്ങള്‍ പഠിപ്പിക്കുന്നതെങ്കില്‍ ഒരു സ്ത്രീക്ക് അറിവ് പകര്‍ന്നുകൊടുക്കുന്നതിലൂടെ  ഒരു തലമുറക്ക് തന്നെയാണ് നമ്മള്‍ അറിവ് പകര്‍ന്നുകൊടുക്കുന്നത്'.
 വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നാല്‍ പിന്നെ കുടുംബജീവിതത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന രീതിയും ചിലയിടങ്ങളില്‍ കണ്ടുവരുന്നു. എന്നാല്‍ ഇസ്‌ലാമികമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് കുടുംബ ബന്ധം. ഭര്‍ത്താവുമൊത്തുള്ള ജീവിതവും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും കുടുംബജീവിതത്തിന്റെ ഭാഗമാകുന്നതുമൊക്കെ ഇസ്‌ലാമിക ജീവിത രീതിയനുസരിച്ച് ഒരു സ്ത്രീ എന്തുകൊണ്ടും പാലിക്കേണ്ടതാണ്. അത് പ്രകൃതിയില്‍ തന്നെ പ്രപഞ്ച സ്രഷ്ടാവ് മനുഷ്യവംശത്തിന് വേണ്ടി സംവിധാനിച്ചു വെച്ചതാണ്. അതില്‍ നിന്നുള്ള ഒളിച്ചോട്ടമായി ഒരിക്കലും വിദ്യാഭ്യാസം ഗണിക്കപ്പെട്ടുകൂടാ..
  കുടുംബജീവിതത്തില്‍ ചിട്ടയാര്‍ന്ന കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനാവുമെന്നതിനു പുറമെ സ്ത്രീകള്‍ സമൂഹത്തില്‍ നിര്‍വഹിക്കേണ്ട ചില ദൗത്യങ്ങങ്ങള്‍ കൂടി അവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത് വിദ്യാഭ്യാസം തന്നെയാണ്. ഹജ്ജാജിന്റെ ക്രൂരതകള്‍ക്ക് മുന്നില്‍ ഇബ്‌നു സുബൈര്‍(റ)ന് ധീരത പകര്‍ന്ന അസ്മ(റ), ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്‍(സ) തങ്ങള്‍ക്ക് നേരെ വന്ന അക്രമങ്ങളെള്‍ക്കെതിരെ വാളെടുത്ത് പ്രതിരോധം തീര്‍ത്ത ഉമ്മു അമ്മാര്‍, ഖാദിസിയ്യാ യുദ്ധത്തില്‍ തന്റെ നാലുമക്കള്‍ ശഹീദായിട്ടും ആത്മവീര്യം കെടാതെ സൂക്ഷിച്ച പ്രമുഖ കവയത്രി ഖന്‍സാഅ് (റ) തുടങ്ങിയ സാമൂഹിക ജീവിത രംഗത്തും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹിളാ രത്‌നങ്ങളെ നമുക്ക് ചരിത്രത്തില്‍ കാണാനാകും.
   മതപരമായ അറിവ് നേടുന്നത് ഓരോരുത്തരുടെയും മേല്‍ നിര്‍ബന്ധ ബാധ്യതയാണെങ്കില്‍ സമൂഹത്തിനുപകാരപ്രദമായ മറ്റുവിജ്ഞാനമേഖലകളില്‍ പ്രതിഭ തെളിയിച്ച ഒരാളെങ്കിലും നാട്ടിലുണ്ടായിരിക്കല്‍ സാമൂഹികബാധ്യതയാണ്. ഇസ്‌ലാമിക ചരിത്രം പരിശോധിച്ചു നോക്കുമ്പോള്‍ യുദ്ധ വേളകളില്‍ മുറിവു പറ്റിയവര്‍ക്ക് ചികിത്സാവശ്യാര്‍ഥം പോയിരുന്ന സ്വഹാബി വനിതകളെ നമുക്ക് കാണാനാകും. മുസ്‌ലിം ചരിത്രതതിലെ ആദ്യത്തെ നേഴ്‌സായി ഉമ്മു അതിയ്യ(റ)യെ ചരിത്രം പരിചയപ്പെടുത്തുമ്പോള്‍ അക്കാലത്ത് നഴ്‌സിങ്ങിനുണ്ടായിരുന്ന പ്രാധാന്യമാണ്  നമുക്ക് തിരിച്ചറിയാനാകുന്നത്. അതുപോലെ സ്ത്രീകള്‍ക്ക് ചികിത്സാവശ്യങ്ങള്‍ക്കുണ്ടായിരുന്ന ഡോക്ടര്‍മാരെയും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീകളുടെ ചികിത്സക്കും മറ്റാവശ്യങ്ങള്‍ക്കുമെല്ലാം സ്ത്രീ ഡോക്ടര്‍മാര്‍ നമുക്കിടയില്‍ നിന്നു തന്നെ ജന്മമെടുക്കേണ്ടതിന്റെ ആവശ്യകതെയാണ് ഇതുവിളിച്ചോതുന്നത്.
 ചുരുക്കത്തില്‍ സാമൂഹിക ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളിലും സ്ത്രീക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കിയ മതമാണ് ഇസ്‌ലാം. ഈ വിശുദ്ധ മതത്തെ കരിവാരിത്തേക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ലോകം മുഴുവന്‍ അരങ്ങേറുമ്പോള്‍ വിദ്യാഭ്യാസ മേഖലയെക്കൂടി അതിലേക്ക് വലിച്ചിഴക്കാനാണ് മുസ്‌ലിം വിരോധികള്‍ ശ്രമിച്ചത്. അത്തരം വാദങ്ങള്‍ തീര്‍ത്തും ബാലിശമാണെന്ന് തെളിയിക്കാനും സ്ത്രീ വിദ്യാഭ്യാസത്തിലൂടെ  കൂടുതല്‍  കരുത്താര്‍ന്ന ഒരു തലമുറക്ക് ജന്മം നല്‍കാനും നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.
                                                       

0 comments: