ബാപ്പുട്ടി ഹാജി ജീവിക്കാന്‍ മറന്ന നിഷ്‌കാമകര്‍മി





 ബാപ്പുട്ടി ഹാജി ! മുസ്‌ലിം കൈരളിയുടെ നവോത്ഥാന ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ ഉല്ലേഖിതമാണ് ആ നാമം. ദീനിന്റെയും സമൂഹത്തിന്റെയും നന്മക്കായ് തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ബലിയര്‍പ്പിച്ച് സ്വയം ഉരുകിത്തീര്‍ന്ന പകരം വെക്കാനില്ലാത്ത ജീവിതമായിരുന്നു ഹാജിയാരുടേത്. കനല്‍പഥങ്ങളിലൂടെ നടന്ന് കനകം വിളയിച്ച്, ആക്ഷേപഹാസ്യങ്ങള്‍ക്ക് കര്‍മനൈരന്തര്യം കൊണ്ട് മറുപടി പറഞ്ഞ്, ഒരു വിശ്വാസിയുടെ ജീവിതം എത്രമാത്രം തേജസുറ്റതാക്കമെന്ന് ഹാജിയാര്‍ തന്റെജീവിതത്തിലൂടെ സമൂഹത്തിന് പകര്‍ന്നുകൊടുത്തു.
 കേരളത്തിന്റെ ആത്മീയ-സാംസ്‌കാരിക ചരിത്ര മണ്ഡലങ്ങളില്‍ അതുല്യപ്രാധാന്യമര്‍ഹിക്കുന്ന തിരൂരങ്ങാടിയുടെ മണ്ണില്‍ ഉദിച്ചുയര്‍ന്ന ബാപ്പുട്ടിഹാജിയെന്ന പൊന്‍താരകത്തിന്റെ ജീവിതം ഹൃസ്വ വിശകലനത്തിന് വിധേയമാക്കിയാല്‍ തന്നെ മുസ്‌ലിം ജീവിതത്തിന്റെ ശോഭന ഭാവിയിലേക്കുള്ള മാര്‍ഗരേഖകള്‍ ആ ജീവിതത്തിലെ ഓരോ നാഴികകല്ലുകളിലും കൊത്തിവെച്ചത് നമുക്ക് കാണാനാകും.
 പാരമ്പര്യവിശ്വാദര്‍ശങ്ങളെ മുറുകെപ്പിടിക്കുന്നതോടൊപ്പം തന്നെ പാരമ്പര്യ സാമൂഹിക രീതികളില്‍ നിന്ന് തെന്നിമാറി അതുല്യമായ ദീര്‍ഘദൃഷ്ടിയോടെയായിരുന്നു ഹാജിയാര്‍ ഓരോ കരുക്കളും നീക്കിയിരുന്നത്. വിശുദ്ധ ഇസ്‌ലാമിന്റെ സന്ദേശം കെട്ടണഞ്ഞ് അധാര്‍മികതകളില്‍ ഉറങ്ങിക്കിടന്നിരുന്ന തൃക്കുളമെന്ന പഴയകാല ചെമ്മാടിന്റെ ദയനീയ മുഖം കണ്ട് വേദനിച്ചാണ് ബാപ്പുട്ടി ഹാജിയിലെ ദീനീപ്രവര്‍ത്തകന്‍ കര്‍മമണ്ഡലത്തിലിറങ്ങുന്നത്. 
 ഉണങ്ങിമരവിച്ച ചെമ്മാട്ടെ വരണ്ട ഭൂമികയില്‍ മതബോധത്തിന്റെയും ആത്മീയതയുടെയും വിത്തിറക്കി ബാപ്പുട്ടി ഹാജിയെന്ന കര്‍മയോഗി അതിന് കാവലിരുന്നപ്പോള്‍ വിശുദ്ധ ദീനിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചക്കാണ് ചെമ്മാട് നഗരി സാക്ഷ്യം വഹിച്ചത്.
 വ്യക്തിശുദ്ധിക്കും സ്വഭാവമഹിമക്കും പ്രാധാന്യം കൊടുത്ത ആ ജീവിതം കൂരിയാട് തേനു മുസ്‌ലിയാര്‍, ഖുത്ബി മുഹമ്മദ് മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതരോടും സൂഫീവര്യരോടുമുള്ള സഹവാസത്തിലൂടെ ഊതിക്കാച്ചിയ ആത്മീയ വിശുദ്ധി സദാ ജീവിതത്തില്‍ നിലനിര്‍ത്തി. സ്വയം നന്നാവുക, മറ്റുള്ളവരെ നന്നാക്കുക എന്ന തിയറി മുറുകെപ്പിടിച്ച ഹാജിയാര്‍ ഒരിക്കലും ചെയ്യാത്തകാര്യങ്ങളെന്തെങ്കിലും പറയുകയോ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാതിരിക്കുകയോ ചെയ്തിരുന്നില്ല.
 ആയുര്‍വേദ ഡോക്ടറായി ജീവിതം ആരംഭിച്ച ബാപ്പുട്ടി ഹാജിക്ക് പിന്നീട് തിരക്കൊഴിഞ്ഞ നേരമില്ലാതെയായി. രാവിലെ മുതല്‍ രാത്രി വരെ രോഗികളെ പരിശോധിക്കാന്‍ ജീവിതം ഉഴുഞ്ഞ് വെച്ച ഹാജിയാര്‍ പലപ്പോഴും അര്‍ധരാത്രികളില്‍ വരെ തന്നെ കാത്തിരിക്കുന്ന രോഗികളെ ഉറക്കൊഴിച്ച് ചികിത്സിച്ചു. ഒരു രൂപപോലും ഹാജിയാര്‍ അവരില്‍ നിന്ന് വാങ്ങിയിരുന്നില്ല എന്ന് കേള്‍ക്കുമ്പോഴാണ് ഹാജിയാരുടെ അര്‍പ്പണമനോഭാവം നമ്മള്‍ കൂടുതലറിയുന്നത്. സ്വസ്ഥമായി ഒരു പോള കണ്ണടക്കാന്‍ പോലും സമയം ലഭിക്കാത്ത ഈ സാഹചര്യത്തിലും മതപ്രവര്‍ത്തന രംഗത്ത് കര്‍മനൈരന്തര്യത്തിന്റെ അപൂര്‍വ മാതൃക തുന്നിച്ചേര്‍ക്കുകയായിരുന്നു ബാപ്പുട്ടി ഹാജി.
 സമൂഹത്തില്‍ ആഴത്തില്‍ വേരിറങ്ങിയ വിഭാഗീയ ചിന്തകള്‍ ഹാജിയാരെ കൂടുതല്‍ വേദനിപ്പിച്ചു. 1989 ല്‍ സമസ്തയിലുണ്ടായ ദൗര്‍ഭാഗ്യകരമായ ഭിന്നിപ്പ് മുസ്‌ലിം കൈരളിയുടെ ആത്മാവിലേല്‍പിക്കുന്ന ആഘാതം ഏറെ ഭയാനകരമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ ബാപ്പുട്ടി ഹാജി മസ്‌ലഹത്ത് ശ്രമങ്ങള്‍ക്കായി കേരളത്തിലങ്ങോളമിങ്ങോളം ഓടി നടന്നു. സുന്നികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കരുതെന്ന് പലരോടും കാലുപിടിച്ചുകേണു. ഒന്നുമില്ലായ്മയില്‍ നിന്ന് താന്‍ വളര്‍ത്തിവലുതാക്കിയ ചെമ്മാടെന്ന മഹല്ലില്‍ അടിയന്തര സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തി ഹാജിയാരുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് വന്‍ വിജയം ലഭിച്ചപ്പോഴും തന്റെ സമൂഹത്തിന്റെ ദുരവസ്ഥയോര്‍ത്ത് ഹാജിയാര്‍ ആ ദിവസം മുഴുവന്‍ പൊട്ടിക്കരഞ്ഞു..
 കേരളത്തിലെ ഭൂരിപക്ഷം മഹല്ലുകളും കൃത്യമായ പ്രവര്‍ത്തന ചിട്ടകളില്ലാതെ നിര്‍ജീവമായി നിന്നപ്പോള്‍ സുന്നീ മഹല്ല് ഫെഡറേഷന് രൂപം നല്‍കി മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകരണ സ്വഭാവം നല്‍കാന്‍ ബാപ്പുട്ടി ഹാജി മുന്നോട്ടു വന്നു. 
 വിദ്യാഭ്യാസ മേഖലയില്‍ ബാപ്പുട്ടി ഹാജി ചെയ്തുവെച്ച സേവനങ്ങളാണ് വരണ്ടുണങ്ങിയ മതപാഠശാലകളെ ജീവസുറ്റതാക്കിയതെന്ന് നമുക്ക് തീര്‍ത്തുപറയാനാകും. പള്ളിദര്‍സുകളില്‍ പാരമ്പര്യമായി ഓതിപ്പോരുന്ന കിതാബുകള്‍ കൊണ്ട് മാത്രം സാങ്കേതിക വിദ്യ വളര്‍ന്നുപന്തലിച്ച ആധുനിക സാഹചര്യത്തെ നേരിടാനാവില്ലെന്ന് മുന്‍കുട്ടി കണ്ട ബാപ്പുട്ടി ഹാജി കേവലം മതവിദ്യാഭ്യാസമെന്നതിനപ്പുറം ലോകബോധമുള്ള മതപണ്ഡിതരെ വാര്‍ത്തെടുക്കാനായിരുന്നു ആഗ്രഹിച്ചത്. അതിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് വിവിധ രീതിയിലുള്ള പരിഷ്‌കരണങ്ങള്‍ക്ക് മഹാനവര്‍കള്‍ നേതൃത്വം നല്‍കുകയുണ്ടായി.
  ദാറുല്‍ഹുദയാണ് ബാപ്പുട്ടി ഹാജിയുടെ ജീവിതത്തിലെ ഏറെ വഴിത്തിരിവായ സംഭവം. ജീവിതത്തിലെ ഓരോഘട്ടങ്ങളിലും ഉപേദശ നിര്‍ദേശങ്ങള്‍ തേടാറുള്ള ആത്മീയ സുഹൃത്തുക്കളായ എം.എം ബശീര്‍ മുസ്‌ലിയാരുടെയും സി. എച്ച് ഐദറൂസ് മുസ്‌ലിയാരുടെയും കൂടെയുള്ള ചര്‍ച്ചകളില്‍ നിന്നാണ് മത- ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയം ഹാജിയാരുടെ മനസ്സിലേക്ക് കടന്നുവരുന്നത്. അതിനു ശേഷം മുസ്‌ലിം ലോകത്തിന് തന്നെ വലിയ മുതല്‍ കൂട്ടാക്കുന്ന ആ ആശയത്തിന് ജീവന്‍ പകരാനുള്ള ശ്രമത്തിലായിരുന്നു ഹാജിയാര്‍. പുതിയ വിദ്യാഭ്യാസ രീതിയുടെ പരീക്ഷണ ഘട്ടമായി മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ മാതൃകാദര്‍സുകള്‍ക്ക് അവര്‍ തുടക്കം കുറിച്ചു. എന്നാല്‍ മത-ഭൗതിക സമന്വയത്തെ ഉള്‍കൊള്ളാന്‍ മാത്രം പാകപ്പെടാത്ത ചിലര്‍ക്ക് പുതിയ സംവിധാനത്തില്‍ തോന്നിയ അരോചകത്വം മാതൃകാദര്‍സുകളുടെ തകര്‍ച്ചയിലാണ് പര്യവസാനിച്ചത്. പരാജയങ്ങളെയും എതിര്‍പ്പുകളെയും പേടിച്ച് തങ്ങളുടെ ഉദ്യമത്തില്‍ നിന്ന് പിന്തിരിയാന്‍ ബാപ്പുട്ടി ഹാജിയും സി.എച്ച്  ഐദറൂസ് മുസ്‌ലിയാരും എം.എം ബശീര്‍ മുസ്‌ലിയാരും ഒരിക്കലും തയ്യാറായില്ല. മത സമന്വയ വിദ്യാഭ്യാസ കേന്ദ്രം തുടങ്ങണമെന്ന അവരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ചെമ്മാട് മഹല്ലിന്റെ വടക്കുഭാഗത്ത് ഒഴിഞ്ഞുകിടന്നിരുന്ന ആറാള്‍ താഴ്ചയുള്ള മാനീപാടത്ത് 1983 ഡിസംബര്‍ 25 ന് ദാറുല്‍ ഹുദാക്ക് ശിലപാകി.  ഊണും ഉറക്കവുമൊഴിച്ച് ഹാജിയാര്‍ തന്റെ ജീവിതം തന്നെ ദാറുല്‍ഹുദാക്ക് സമര്‍പ്പിച്ചു. വെളുത്ത് സുന്ദരമായിരുന്ന ആ മുഖം മാനീപാടത്തെ വെയിലുകൊണ്ട് കറുത്ത് കരുവാളിച്ചു. അപ്പോഴും നിശ്ചയദാര്‍ഢ്യത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും ശോഭ ആ മുഖത്ത് വെട്ടിത്തിളങ്ങി.
1986 ജൂണ്‍ 25. അന്നായിരുന്നു മുസ്‌ലിം കൈരളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും ശോഭനമായ അധ്യായം രചിക്കപ്പെട്ടത്. മൂന്നുവര്‍ഷം നീണ്ട നിരന്തര പരിശ്രമത്തിനു ശേഷം അന്ന് ദാറുല്‍ ഹുദായില്‍ ക്ലാസ് ആരംഭിച്ചപ്പോള്‍ ആ മഹാമനീഷി ചെറുതായൊന്ന് പുഞ്ചിരിച്ചു. മാനീപാടത്തിന്റെ ആറാള്‍ താഴ്ചയുള്ള ചെളിക്കുണ്ടില്‍ മണ്ണ്‌നിറച്ചുകൊണ്ടിരുന്നപ്പോള്‍ ഹാജിയാര്‍ക്ക് വട്ടാണെന്നും ഭ്രാന്താണെന്നുമൊക്കെ പറഞ്ഞിരുന്നവര്‍  അറിയാതെ ആ മഹാനുഭാവന്റെ മുമ്പില്‍  മാപ്പിരന്നു...
 ദാറുല്‍ഹുദായുടെ ഓരോ ചലനങ്ങളിലും ഹാജിയാരുടെ കണ്ണുണ്ടായിരുന്നു. കുട്ടികളുടെ പഠനകാര്യങ്ങള്‍, സുഖവിവരങ്ങള്‍ എല്ലാം അന്വേഷിച്ച് ബാപ്പുട്ടി ഹാജി എപ്പോഴും ദാറുല്‍ ഹുദയിലെത്തും. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ഒരു വേള സ്വന്തം മക്കളെക്കാള്‍ ഹാജിയാര്‍ ദാറുല്‍ ഹുദായിലെ മക്കളെ സ്‌നേഹിച്ചു. 
 കര്‍മനിരതമായിരുന്ന ആ ജീവിതത്തിന്റെ അവസാനത്തില്‍ രോഗങ്ങള്‍ നിരന്തരം വേട്ടയാടിയപ്പോഴും ഹാജിയാര്‍ക്ക് തളരാനുള്ള മനസ്സുണ്ടായിരുന്നില്ല. തന്റെ 74-ാമത്തെ വയസ്സില്‍ കര്‍മനൈരന്തര്യത്തിന് താല്‍കാലിക വിരാമമിട്ട് മഹാനവര്‍കള്‍ ഈ ലോകത്ത് നിന്ന് നടന്നകന്നെങ്കിലും  മുസ്‌ലിം സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കി ബാപ്പുട്ടി ഹാജിയുടെ ചിന്തകളും സ്വപ്നങ്ങളും ഇന്നും വെളിച്ചം വീശുക്കൊണ്ടിരിക്കുകയാണ്. ആ കര്‍മധീരത മുറുകപ്പിടിച്ചാല്‍ പ്രതിസന്ധികള്‍ നിറഞ്ഞ ലോകത്ത് വിശുദ്ധ ഇസ്‌ലാമിക  പ്രബോധന രംഗത്ത് നമുക്കിനിയും അല്‍ഭുതങ്ങള്‍ തീര്‍ക്കാം...
                                            


0 comments: