സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ച് രണ്ട് വേറിട്ട വായനകള്‍






എസ്.കെ. എസ്.എസ്. എഫ് സില്‍വര്‍ ജൂബിലി സമ്മേളനോപഹാരത്തിനുവേണ്ടി മൈന ഉമൈബാനുമായും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി ഗവേഷക ഉമ്മുല്‍ ഫായിസയുമായും നടത്തിയ ഇന്റര്‍വ്യൂ

1. സ്ത്രീ വിദ്യാഭ്യാസത്തിനു അനുകൂലമായ അവസരങ്ങള്‍, സാഹചര്യങ്ങള്‍ എന്തൊക്കെയാണ്? അതിനെ പ്രതികൂലമായ ബാധിക്കുന്ന വെല്ലുവിളികള്‍ ഏതൊക്കെയാണ്, താങ്കളുടെ കാഴ്ചപ്പാട് വിശദീകരിക്കാമോ.
മൈന ഉമൈബാന്‍: കേരളത്തില്‍ ഇന്ന് സ്ത്രീവിദ്യഭ്യാസത്തിന് അനുകൂല സാഹചര്യങ്ങളാണുളളത്. പൊതുവേ വിദ്യാഭ്യാസം നിഷേധിക്കുന്ന അവസ്ഥയില്ല. സെക്കണ്ടറി തലം വരെ സൗജന്യവിദ്യാഭ്യാസം ലഭിക്കുന്നതുകൊണ്ട് ദരിദ്രര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നതില്‍ പ്രയാസമില്ല. എന്നാല്‍ കേരളത്തിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ സെക്കണ്ടറി വിദ്യാഭ്യാസ കാലത്തുതന്നെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പലപ്പോഴും വിവാഹത്തിനുവേണ്ടിയാവും ഈ കൊഴിഞ്ഞുപോക്ക് എന്നത് ഖേദകരമാണ്.
മറ്റൊന്ന് ഉന്നതവിദ്യാഭ്യാസരംഗത്ത് കാശുളളവര്‍ക്ക് കയറിപ്പറ്റാം. അല്ലെങ്കില്‍ നല്ല മാര്‍ക്കുവേണം എന്ന അവസ്ഥയുണ്ട്. കച്ചവടവത്ക്കരിക്കപ്പെട്ട ഉന്നതവിദ്യാഭ്യാസരംഗത്തെ ആശങ്കയോടെയാണ് കാണുന്നത്.
ഉമ്മുല്‍ ഫായിസ:സ്ത്രീകള്‍ എന്നത് ഈ ചര്‍ച്ചയില്‍  ഒരൊറ്റ കാറ്റഗറിയായി കണക്കാക്കി ഒരു വിശദികരണം നല്‍കുവാന്‍  ഏറെ പ്രയാസമുണ്ട് . പലതരം സ്ത്രീകളും പുരുഷന്മാരും ഒക്കെ ഉള്‍പെട്ട അധികാര ബന്ധങ്ങളെ വ്യത്യസ്തമായി കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.  കാരണം, നമുക്കിടയില്‍ വിവിധ മതജാതിവര്‍ഗ്ഗ പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രികള്‍ ജിവിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യത്യസ്ത സാമുഹിക പശ്ചാത്തലങ്ങളില്‍ ജിവിക്കുന്ന സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തോടുള്ള സമീപനങ്ങളും വ്യത്യസ്തമായിരിക്കും എന്നാണ് എന്റെ ഒരു നിഗമനം . ഉദാഹരണത്തിന് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള സ്ത്രീ സംവരണം വന്നാല്‍ അതേറെ  സഹായകമാകുന്നത് നേരത്തെ തന്നെ അതൊക്കെ എത്തിപിടിക്കാന്‍ സാധിച്ച,അതിനനുസരിച്ച സാമൂഹ്യ ചലനം സാധിച്ച,  ഉയര്‍ന്ന ജാതി/വര്‍ഗ്ഗ സ്ത്രീകള്‍ക്കാണ് എന്ന  ഗെയില്‍ ഓംവേദിന്റെ നിരീക്ഷണമുണ്ട് . കീഴ്ജാതി / മുസ്ലിം സ്ത്രീകളെ  സംബന്ധിച്ച് സാമൂഹ്യ ചലനം വളരെ വ്യത്യസ്തമായാണ് സംഭവിച്ചത്. സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് ഇപ്പോള്‍ ഈ ചോദ്യത്തില്‍ കാണുന്ന തരത്തിലുള്ള  സിദ്ധാന്തവല്‍കരണം തന്നെ മാറേണ്ടതുണ്ട്. ഇങ്ങനെ ഞാന്‍ ഇവിടെ ഉന്നയിച്ച സമീപനത്തില്‍ ഊന്നിയുള്ള വളരെ കുറച്ചു പഠനം  മാത്രമേ  എന്റെ അറിവില്‍  ഇന്ത്യയില്‍ സാധ്യമായിട്ടുള്ളൂ .
2.മത വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് ഉന്നത മത വിദ്യാഭ്യാസ രംഗത്ത് സ്ത്രീകള്‍ക്കുള്ള ഇടം കുറവാണ്, അതിനുള്ള അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കേണ്ടതുണ്ടോ...
മൈന ഉമൈബാന്‍: കുറച്ചു മുമ്പുവരെ മതാധ്യപകര്‍ ആയിരുന്നത് പുരുഷന്മാരായിരുന്നു. അടുത്ത കാലത്ത് സ്ത്രീസാന്നിധ്യമുണ്ട്. ഇന്ന് ഏതുരംഗത്തും സ്ത്രീയുടെ സാന്നിധ്യവും പങ്കാളിത്തവുമുണ്ട്. ഉന്നത മതവിദ്യാഭ്യാസം കൊണ്ട് സ്ത്രീക്ക് എന്തുനേട്ടം എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. അധ്യാപനം നടത്തുകമാത്രമേ സ്ത്രീക്ക് സാധിക്കൂ. മതപരമായ ചടങ്ങുകളില്‍ കാര്‍മികത്വം വഹിക്കാനോ പള്ളിനടത്തിക്കൊണ്ടുപോകാനോ ഒന്നും ഇന്നും സ്ത്രീക്ക് അവസരമില്ല.
ഉമ്മുല്‍ ഫായിസ: തിര്‍ച്ചയായും, കേരളത്തിലെ മത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറവാണ്. എന്നാല്‍ ഇന്ന് ഈ മേഖലയില്‍ ധാരാളം പെണ്‍കുട്ടികള്‍ കടന്നു വരുന്നുണ്ട് . അവരൊക്കെ ഇസ്‌ലാമിക വിജ്ഞാനം എന്നത് തങ്ങളുടെ താല്‍പര്യത്തിന്റെ ഭാഗമാണ് എന്ന് വാദിക്കുന്നു . ആ മേഖലയില്‍ ധാരാളം പഠിക്കാനും അന്വേഷണങ്ങള്‍ നടത്താനും അവര്‍ക്ക് കഴിയുന്നു. എന്നാല്‍ പലപ്പോഴും നമ്മുടെ മുസ്‌ലിം നേതൃത്വത്തിന്റെ വീക്ഷണപരമായ പരിമിതികള്‍ ഈ മേഖലയിലെയും വളര്‍ച്ചയെ ഒരുപാട് പിറകോട്ടടിപ്പിക്കുന്നുണ്ട്.
3. പൊതു വിദ്യാഭ്യാസ രംഗത്ത് സത്രീ സാന്നിധ്യം ശക്തമാണ്. നമ്മുടെ ആര്‍ട്‌സ്, സയന്‍സ്, മെഡിക്കല്‍, എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലെല്ലാം പെണ്‍കുട്ടികളുടെ പ്രതിനിധാനം വലിയ തോതിലുണ്ട്..എന്നിട്ടും സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടതായി കാണുന്നില്ല, എന്താണ് കാരണം?
മൈന ഉമൈബാന്‍:ശാക്തീകരിക്കപ്പെടുന്നില്ല എന്നു പറയാനാവില്ല. സഹസ്രാബ്ദങ്ങളായി അടിമയായിരുന്ന ഒരു വിഭാഗം ഇന്ന് എവിടെയൊക്കെയോ സാന്നിധ്യമാകുന്നുണ്ട്. വിദ്യാഭ്യാസം കിട്ടിയതുകൊണ്ടുമാത്രം (സാങ്കേതികമായി) ഒരാളും ശാക്തീകരിക്കപ്പെടില്ല. ഇന്നും മിക്ക വീട്ടിലും സമൂഹത്തിലും നിര്‍ണ്ണായക തീരുമാനമെടുക്കുന്നത് പുരുഷനാണ്. സ്ത്രീയെ ഇന്നും നേര്‍ പാതിയെന്നോ ഇണയെന്ന അവസ്ഥയിലോ അല്ല കാണുന്നത്. അധികാരമെടുക്കാനുളള ഉപകരണമായിട്ടാണ്. ആ അവസ്ഥമാറണം. വിദ്യാഭ്യാസമൊക്കെ സമത്വബോധത്തിലേക്കെത്തിക്കേണ്ടതാണ്. പക്ഷേ, അത് അത്രപെട്ടെന്ന് എല്ലാവരിലും എത്തുമെന്ന് കരുതാന്‍ വയ്യ. അടുത്ത കാലത്തുമാത്രമാണ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം കിട്ടിത്തുടങ്ങിയത്. അതുകൊണ്ടു തന്നെ വളരെ പതുക്കെയേ അതിന്റെ പ്രയോജനവും ലഭിച്ചു തുടങ്ങൂ. സ്ത്രീ സ്വയം ചിന്തിച്ചു തുടങ്ങുകയും സ്വയം അംഗീകരിച്ചു തുടങ്ങുകയും ചെയ്യുമ്പോള്‍ ശാക്തീകരണവും സംഭവിക്കും. അതുവരെ മെല്ലെപ്പോക്ക് കാണേണ്ടി വരും.
ഉമ്മുല്‍ ഫായിസ: ശാക്തീകരിക്കപെട്ട സ്ത്രീ എന്നത് തന്നെ നാം ആലോചിക്കുന്നത് എങ്ങിനെയാണ് ? സ്ത്രീകള്‍ ശാക്തീകരിക്കപ്പെടാത്തത് അവരുടെ ഒരു കുറവ് ആയി വായിക്കുന്നത് ഒട്ടും ശരിയല്ല . സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായി നില നില്‍ക്കുന്ന മുന്‍വിധികള്‍ നാം പരിഗണിക്കേണ്ടതുണ്ട് . സ്ത്രീകള്‍ക്കെതിരായ മുന്‍വിധികള്‍ നാം കരുതുന്നതിലേറെ ആഴത്തിലും ഏതെങ്കിലും ചില ശക്തികളില്‍ മാത്രം ഒതുങ്ങുന്നതുമല്ല  . മാത്രമല്ല, ഈ പ്രശ്‌നത്തില്‍ വീണ്ടും ഏതു വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകളുടെ സാന്നിധ്യമാണ് കുറവ് എന്ന് ആലോചിക്കാന്‍ താല്‍പര്യപ്പെടുന്നു. ഉദാഹരണത്തിന് ഇന്ത്യയിലെ പ്രമുഖമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉന്നത ജാതിയില്‍ പെട്ട സ്ത്രീകളാണ്. അവര്‍ക്ക് ഈ മേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അല്ല മറ്റു സാഹചര്യത്തിലുള്ള വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്നത്. ഏറെ സാമൂഹ്യപരമായി ഉന്നത പദവിയില്‍ ഉള്ള സമുദായങ്ങളില്‍ നിന്ന് വരുന്ന സ്ത്രീകള്‍ ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളില്‍ മൂന്നാമത്തെ തലമുറയിലെ ആളുകള്‍ ആണ് . എന്നാല്‍ മുസ്‌ലിംകള്‍ അടക്കമുള്ള സമുദായങ്ങളില്‍ നിന്ന് വരുന്നവര്‍ ഒന്നാമത്തെ തലമുറയാണ് . ഈ വ്യത്യാസം വളരെ പ്രധാനമാണ്.  അത് അവരുടെ വിദ്യാഭ്യാസ ഇടപെടലുകളെ ബാധിക്കുന്നുണ്ട്.
കേരളത്തില്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ മേഖലയില്‍ പോകുന്നതില്‍ ഇന്ന് ധാരാളം മുസ്‌ലിം പെണ്‍കുട്ടികള്‍ ഉണ്ട് . എന്നാല്‍ അവര്‍ക്ക് അവര്‍ കൂടുതല്‍ താമസിക്കുന്ന മലബാര്‍ മേഖലയില്‍ പഠന സൗകര്യം ഒരുക്കാന്‍ മാറി വരുന്ന ഭരണകൂടങ്ങള്‍ ഒന്നും ചെയ്യുന്നില്ല . അവര്‍ക്ക് തൊഴില്‍ അവസരം നല്‍കാനും അവരുടെ ജീവിത സൗകര്യങ്ങളെ മുന്‍നിര്‍ത്തി തൊഴില്‍ രംഗത്തെ മാറ്റിപ്പണിയാനും ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല . ഇവിടെ മുസ്‌ലിം സംഘടനകള്‍ എന്നതിനെക്കാള്‍ ഭരണകൂടത്തിന്റെ ഭാഗമായ രാഷ്ട്രീയ സംഘങ്ങള്‍ അവരുടെ ദൗത്യം നിറവേറ്റണ്ടതുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ ധാരാളം ഉള്ള മലപ്പുറത്ത് എത്ര നിലവാരമുള്ള പ്രഫഷണല്‍ കോളേജുകള്‍ ഉണ്ട് എന്ന ചോദ്യം തന്നെ മതി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ .
4.  സ്ത്രീ പീഡനം, സ്ത്രീകളോടുള്ള അവഗണന എന്നിവ വലിയ സാമൂഹ്യ യാഥാര്‍ഥ്യങ്ങളാണ്. ഇതിനെക്കുറിച്ച് സമൂഹത്തെ മൊത്തത്തിലും പുരുഷന്മാരെ  പ്രത്യേകിച്ചും ബോധവത്കരിക്കാനുള്ള എന്ത് ഉള്ളടക്കമാണ് നമ്മുടെ പാഠ്യപദ്ധതയില്‍ ഉള്ളത് ?
 മൈന ഉമൈബാന്‍:പാഠ്യപദ്ധതിയിലൊക്കെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും എല്ലാവരിലും സമത്വമുണ്ടാക്കുന്നതിനെപ്പറ്റിയുമൊക്കെ ചെറുതായിട്ടെങ്കിലും ഉള്‍പ്പെടുത്തുന്നുണ്ട്. (സ്ത്രീ മാത്രമല്ല, അരികുവല്‍ക്കരിക്കപ്പെട്ട ജനത മുഴുവനും പീഡനത്തിനും അവഗണനയും നേരിടുന്നുണ്ട്.്.) പക്ഷേ, പാഠ്യപദ്ധതിയില്‍ മാത്രം ഇതൊന്നും ഉണ്ടായാല്‍ പോര..പഠിപ്പിക്കുന്നവര്‍ക്കു കൂടി ഈ ബോധം വേണം. ഇന്നും സ്ത്രീ കളിപ്പാട്ടമാണെന്നാണ് പൊതുസമൂഹത്തിന്റെ നിലപാട്. പുരുഷന്‍ ഭരിക്കേണ്ടവനാണെന്നും സ്ത്രീ ഭരിക്കപ്പെടേണ്ടവളാണെന്നുമാണ് നിലപാട്. കൊച്ചു കുട്ടിയായിരിക്കുമ്പോഴേ നീ പെണ്ണാണ് പെണ്ണാണ് എന്ന് പറയാതിരിക്കുക..നീ ആണാണ് എന്നും. ഈ രണ്ടു വാക്കില്‍ തന്നെയുണ്ട് പീഡനവും അധികാരവും. ഏതു പീഡനം നടക്കുമ്പോഴും ഇര പ്രതിയാവുന്ന അവസ്ഥയാണുളളത്. പ്രതിയെ തന്നെ പ്രതിയാക്കുന്ന അവസ്ഥ വരുമ്പോള്‍ മാറ്റമുണ്ടാവും. മിക്കവാറും സ്‌കൂളിലും കോളേജിലുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്ക്കരണ സെമിനാറുകളും ശാക്തീകരണ പരിപാടിയുമൊക്കെ നടക്കുന്നുണ്ട്. പലപ്പോഴും അത് ഇരയാകുന്ന സ്ത്രീക്കുമാത്രമായി മാറുന്നുണ്ട്. ഒരുമിച്ചിരുത്തിയാണ് സംസാരിക്കേണ്ടത്. സ്ത്രീക്കും പുരുഷനും മൂന്നാം ലിംഗക്കാര്‍ക്കും മൂന്നുലോകമല്ല, ഒറ്റലോകമാണുളളത് എന്നും ഈ ഒറ്റലോകത്തിന്റെ ഭാഗമാണ് നാം എന്നുമാണ് അറിയിക്കേണ്ടത്. സ്ത്രീ പുരുഷനെ ഭയന്ന് പുറത്തിറങ്ങാതിരിക്കുന്നതില്‍ നല്ലത് പീഡന സ്വാവമുളള പുരുഷനെ മാറ്റി നിര്‍ത്തുന്നതാണ്. എല്ലാപുരഷനും പീഡകരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വളരെക്കുറച്ചുപേര്‍ അങ്ങനെയാവുന്നു. അവര്‍ക്കുവേണ്ടി മൊത്തം പുരുഷന്‍ പ്രതിനിധിയാവേണ്ട. അവരെ മാറ്റി നിര്‍ത്തുക.
ഉമ്മുല്‍ ഫായിസ: തീര്‍ച്ചയായും നമ്മുടെ പഠന പരിപാടികളിലും സ്‌കൂള്‍ കരിക്കുലം ഇവയിലും ഒക്കെ മാറ്റം വരണം . വിദ്യാഭ്യാസ രംഗത്ത് അങ്ങനെയുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നത് നന്നാവും
5. കേരളത്തിലെ ഗൃഹാന്തരീക്ഷത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിനെയും അവഗണിക്കപ്പെടുന്നതിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം  വന്നു കൊണ്ടിരിക്കുന്നു. പ്രബുദ്ധവും വിദ്യാസമ്പന്നവുമായ കേരളത്തില്‍ ഇതെങ്ങനെ സംഭവിക്കുന്നു.

മൈന ഉമൈബാന്‍: വിദ്യയുളളതുകൊണ്ടുമാത്രം അറിവുണ്ടാവുന്നില്ല. ബോധമുണ്ടാവുന്നില്ല. ബുദ്ധിപരമായി ചിന്തിക്കാനും ആ ചിന്തയെ മനനം ചെയ്യാനും ഭൂരിപക്ഷത്തിനും കഴിയുന്ന അവസ്ഥയിലെ അവഗണനയും പീഡനവുമൊക്കെ കുറയൂ. വീടുകളില്‍ നിന്നേ തുടങ്ങുകയാണ് അവഗണനയും പീഡനവും. സ്വന്തം വീട്ടില്‍ കിട്ടാത്ത സുരക്ഷിതത്വം സമൂഹത്തില്‍ നിന്ന് കിട്ടും എന്നു പ്രതീക്ഷിക്കുന്നതെങ്ങനെ? പക്ഷേ, പെട്ടെന്നൊന്നും മാററമുണ്ടായില്ലെങ്കിലും പതുക്കെ മാറിവരുമെന്നു തന്നെയാണ് പ്രതീക്ഷ. ഞാന്‍ ഭാവിയെ പ്രത്യാശയോടുകൂടി കാണുന്നു.
ഉമ്മുല്‍ ഫായിസ:കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് എന്നു പറയുമ്പോള്‍ അത് എങ്ങനെ കൈവന്നു എന്ന വിഷയത്തില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട് . അതുകൊണ്ട് തന്നെ പ്രബുദ്ധ കേരളം എന്നത് അത്ര എളുപ്പം സ്വീകരിക്കേണ്ട ഒരു സാമൂഹിക നിര്‍മിതിയല്ല . തീര്‍ച്ചയായും കേരളത്തില്‍ നടക്കുന്ന പീഡനം, അതിക്രമം ഇവയൊക്കെ എങ്ങനെ എന്നത് കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ വലിയ മാറ്റം കൊണ്ട് വന്നിട്ടുണ്ട് . എന്നാല്‍ ഇതെങ്ങനെ സംഭവിക്കുന്നു? അതിന്റെ സാമൂഹിക ശാസ്ത്രപരവും ലിംഗരാഷ്ട്രീയപരവുമായ കാരണങ്ങള്‍ എന്തെല്ലാം? എന്നതിനെ ക്കുറിച്ച് സൂക്ഷമമായ പഠനങ്ങളൊന്നും ഇത് വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല . എന്നാല്‍ പൊതുവ പറയാന്‍ കഴിയുക സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച പത്രഭാഷ മുതല്‍ കോടതി ഭാഷ വരെ പ്രശ്‌നവല്‍ക്കരിക്കുന്ന സുക്ഷ്മമായ  രാഷ്ട്രീയ സംവാദങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട് . പലപ്പോഴും ലോകത്ത് ധാരാളം ചര്‍ച്ച ചെയ്ത വികസിച്ച ഈ ജനാധിപത്യ അന്തരീക്ഷം കേരളത്തില്‍ സാധിച്ചെടുക്കേണ്ടതുണ്ട് .  ഇങ്ങനെയുള്ള വിപുലമായ സംവാദത്തിനു മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ .




0 comments: