തിരിച്ചു പിടിക്കേണ്ടതുണ്ട് നമ്മുടെ സര്‍ഗ പാരമ്പര്യം










സാഹിത്യ ലോകത്ത് മാപ്പിളമാര്‍ നിര്‍മിച്ചെടുത്ത മഹിത പാരമ്പര്യത്തെക്കുറിച്ചായിരുന്നു നമ്മള്‍ ഇത്രകാലം ചര്‍ച്ച ചെയ്തത്. മതപരമായ മേഖലകളിലും ബൗദ്ധിക മേഖലകളിലുമെല്ലാം അസംഖ്യം ഗ്രന്ഥങ്ങളെഴുതി കേരളത്തിലെ മറ്റേത് സമുദായത്തേക്കാളുമേറെ സാഹിത്യ ലോകത്ത് അന്തസ്സോടെ തലയുയര്‍ത്തി നില്‍ക്കാന്‍ ഇവിടുത്തെ മാപ്പിളമാര്‍ക്ക്  സാധിച്ചു. കാരണം സാഹിത്യത്തിന്റെ ഏത് ഓണം കേറാ മൂലയിലേക്കും സധൈര്യം കടുന്നു ചെന്ന് അവിടങ്ങളില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാന്‍ പഠിച്ചവരായിരുന്നു അവര്‍. അതിന്ന് വേണ്ടി അവര്‍ കണ്ടെത്തിയ മാധ്യമമാകട്ടെ ഒരു സംസ്‌കാരം മുഴുവന്‍ പ്രതിഫലിപ്പിച്ച് കാണിക്കാന്‍ പര്യാപ്തമായ അറബി മലയാളം എന്ന സുന്ദര ഭാഷയും.
മതപരമായ ഗ്രന്ഥങ്ങളായും സാഹിത്യപരമായ കൃതികളായും അറബി മലയാളത്തില്‍ പുറത്തിറങ്ങിയ ഗ്രന്ഥങ്ങളെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്തു. കൂട്ടത്തില്‍ പറയാന്‍ വിട്ടുപോയ മേഖലയാണ് വൈദ്യശാസ്ത്രം. പാരമ്പര്യമായി വൈദ്യ ശാസ്ത്ര മേഖലയില്‍  കിടയറ്റ പണ്ഡിതന്മാര്‍ക്ക് ജന്മം കൊടുത്ത മതമാണല്ലോ ഇസ്‌ലാം. പുണ്യപ്രവാചകന്റെ കാലം മുതല്‍ക്ക് തുടങ്ങിയ ആ നൈപുണ്യം മൂസ ബിന്‍ നുസൈറിന്റെ സൈന്യാധിപന്‍ താരിഖ് ബിന്‍ സിയാദ് സ്‌പെയിന്‍ കീഴടക്കി അറിവിന്റെ പുതിയ ഭൂമികക്ക് സംസ്ഥാപനം നടത്തിയതോടെ  വളര്‍ന്ന് പന്തലിച്ചു. ഗോള ശാസ്ത്രവും, ജ്യോതി ശാസ്ത്രവും, ഗണിത ശാസ്ത്രവുമെല്ലാം തഴച്ച് വളര്‍ന്ന ആ ഭൂമിയില്‍ വൈദ്യശാസ്തത്തിനും അതിന്റേതായ സ്ഥാനം ലഭിച്ചു. ഇബ്‌നു സീനയും ഇമാം റാസിയും സഹ്‌റാവിയുമടക്കം ലോകത്തെ എക്കാലത്തേയും പ്രഗത്ഭരായ പണ്ഡിതര്‍ക്ക് ഇസ്‌ലാമിക സ്‌പെയിന്‍ ജന്മം കൊടുത്തു. ചികിത്സാ രംഗത്ത് അവര്‍ നല്‍കിയ സംഭാവനകളാണ് ഓപ്പറേഷനടക്കമുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ പലപ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയത്. ലോകത്തെ ഏത് രോഗത്തിനുമുള്ള മരുന്നുകള്‍ അവര്‍ അക്കാലത്ത് തന്നെ കുറിച്ചുവെച്ചു. ഇബ്‌നു സീനയുടെ ഖാനൂന്‍ ഫിത്വബ്ബ് ഇന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രധാന റഫറന്‍സ് ഗ്രന്ഥമായി നില നില്‍ക്കുന്നു. അങ്ങനെ മുസ്‌ലിം സ്‌പെയിന്‍ വൈദ്യശാസ്ത്ര രംഗത്ത് ലോകത്തിന് അമൂല്യമായ പല സംഭാവനകളും നല്‍കി. മഹിതമായ ആ പാരമ്പര്യത്തെ നെഞ്ചോട് ചേര്‍ത്ത് വെച്ച മാപ്പിളമാരും  വൈദ്യ ശാസ്ത്ര മേഖലയില്‍ ഒട്ടും പിറകിലായിരുന്നില്ല എന്നതാണ് വാസ്തവം. വൈദ്യശാസ്ത്ര രംഗത്ത് തുല്യതയില്ലാത്ത നിരവധി ഗ്രന്ഥങ്ങള്‍ തന്നെ അവര്‍ രചിച്ച് കൂട്ടുകയുണ്ടായി.
 കൊങ്ങണം വീട്ടില്‍ ബാവ മുസ്‌ലിയാരാണ് അറബി-മലയാളത്തിലെ വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങളുടെ ആചാര്യനായി നമുക്ക് കാണാനാവുന്ന പണ്ഡിത പ്രതിഭ. വൈദ്യശാസ്ത്ര സംബന്ധിയായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച് മാപ്പിള പാരമ്പര്യത്തിന് കരുത്തു പകരാന്‍ അദ്ദേഹത്തിന് സാധിച്ചു. തികഞ്ഞ ഒരു സംസ്‌കൃത പണ്ഡിതന്‍ കൂടിയായിരുന്ന അദ്ദേഹം 'അഷ്ടാംഗ ഹൃദയ' വും'വൈദ്യസാര'വും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പുതിയൊരു വിപ്ലവത്തിന് വിത്ത് പാകി. അത്ര കാലം ഓരോ വൈദ്യ കുടുംബവും തലമുറകളായി കൈമാറിപ്പോന്നിരുന്ന, സംസ്‌കൃതമറിയാത്ത ഭൂരിപക്ഷത്തിനും അജ്ഞാതമായ, ഹൈന്ദവ മതത്തിലെ ഉന്നതര്‍ക്ക് മാത്രം വായിക്കാന്‍ പാടുണ്ടായിരുന്ന ഒരു ഗ്രന്ഥത്തെ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിച്ച ആ ധൈര്യശാലിയായ പണ്ഡിതന്‍ സമൂഹത്തിന്റെ ആരോഗ്യത്തിന് കരുത്തും ഊര്‍ജ്ജവും പകര്‍ന്നു.
 മആനിമുല്‍ ഇഖ്‌വാന്‍ ഫീ തര്‍ജുമതില്‍ അദ്‌വിയതി വല്‍ ഹയവാന്‍ എന്ന പേരില്‍ അദ്ദേഹം രചിച്ച ഗ്രന്ഥം വൈദ്യശാസ്ത്രത്തിലെ മറ്റൊരു സുവര്‍ണ ഏടാണ്. അഞ്ച് ഭാഗങ്ങളിലായി തിരിച്ച ഈ പുസ്തകം മരുന്നുകള്‍, മൃഗങ്ങള്‍, രാശികള്‍, അക്കങ്ങള്‍, ദിവ്യചികിത്സ  തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഓരോ വിഷയങ്ങളെയും പരസ്പര ബന്ധിതമായും കൃത്യതയോടെയും അവതരിപ്പിക്കാനുള്ള ഗ്രന്ഥകാരന്റെ പാടവമാണ് ഈ കൃതിയില്‍ തെളിഞ്ഞ് വരുന്നത്. ശഫ ശിഫ എന്ന വിഷ ചികിത്സാ ഗ്രന്ഥവും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഇലാജുല്‍ അഥ്ഫാല്‍, ത്വിബ്ബുല്‍ അംറാള്, പാട്ടാലത്തില്‍ കുഞ്ഞി രായിന്‍ രചിച്ച വൈദ്യസാരം തര്‍ജമ തുടങ്ങിയ ഗ്രന്ഥങ്ങളും ഇതില്‍ മികച്ചുനില്‍ക്കുന്നു.
വൈദ്യശാസ്ത്രത്തിനു പുറമെ ഭാഷാ ശാസ്ത്രത്തിലും അവര്‍ നിരവധി ഗ്രന്ഥങ്ങളെഴുതിയതായി നമുക്ക് കാണാനാകും. മലയാള ഭാഷയില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന പുതിയ സാഹിത്യ രീതികളോട് മാപ്പിളമാരെ അടുപ്പിക്കാന്‍ അന്നത്തെ പണ്ഡിതര്‍ തയ്യാറാക്കിയ ഭാഷാപഠന ഗ്രന്ഥങ്ങള്‍ സമൂഹത്തില്‍ പറയത്തക്ക് മാറ്റങ്ങള്‍ക്ക് തന്നെ തിരികൊളുത്തി. മലയാളത്തിലെ ആദ്യകാല ലിപി രൂപങ്ങളായിരുന്ന വട്ടെഴുത്തും കോലെഴുത്തും അറബി മലയാളത്തിലൂടെ പണ്ഡതര്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി. മാപ്പിളമാര്‍ക്ക് തീര്‍ത്തും അന്യമായിരുന്ന എന്നാല്‍ അവര്‍ അറിഞ്ഞിരിക്കേണ്ട ഹീബ്രുവും സുരിയാനിയും പഠിപ്പിക്കാന്‍ തിരുവല്ലായിലെ സൈനുദ്ദീന്‍ മഖ്ദൂം രചിച്ച ഗ്രന്ഥം മാപ്പിളമാരുടെ ഭാഷാശാസ്ത്ര പഠന ഗ്രന്ഥങ്ങളില്‍ ഏറെ ശ്രദ്ധേയമാണ്.
 നിരവധി ഡിക്ഷണറികളും പര്യായ ഗ്രന്ഥങ്ങളും അറബി-മലയാളത്തില്‍ അന്ന് രചിക്കപ്പെട്ടിരുന്നു. അറബി മലയാളത്തിലെ പദങ്ങളുടെ പര്യായങ്ങള്‍ ചേര്‍ത്തിണക്കി ചാക്കീരി രചിച്ച പര്യായ നിഘണ്ടു, വെസ്റ്റ് പാടൂരിലെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ രചിച്ച ഖവസ്സുല്‍ മുസ്‌ലിമീന്‍ എന്ന തമിഴ#് ഡിക്ഷണറി, ഖവാസ്സുല്‍ മുസ്‌ലിമീന്റെ അറബി-മലയാള വിവര്‍ത്തനം, കോഴിക്കോട്ടെ പി.വി മുഹമ്മദ് തയ്യാറാക്കിയ നിഘണ്ടു തുടങ്ങിയവ മാപ്പിള പ്രതാപത്തിന്റെ എക്കാലത്തേയും മികച്ച പ്രതീകങ്ങളായി പ്രോജ്ജ്വലിച്ച് നില്‍ക്കുന്നു.
  ഭാഷാര്‍ഥങ്ങളുടെ ഇട്ടാവട്ടങ്ങളിലോ പര്യയാങ്ങളുടെ ചുരുങ്ങിയ ലോകത്തോ  ഒതുങ്ങിക്കൂടുന്നതിന്ന് പകരം മരുന്നുകളുടെയും ജന്തുമൃഗാദികളുടെയും ഒറ്റമൂലികളുടെയുമെല്ലാം വിവിധ ഭാഷകളിലെ പേരുകള്‍ വരെ കൂട്ടിച്ചേര്‍ത്ത് ഗ്രന്ഥങ്ങള്‍ രചിക്കാന്‍ അവര്‍ക്ക് സാധിച്ചു എന്നത് തീര്‍ത്തും അഭിമാനകരമാണ്. കെ.ടി ഇബ്‌റാഹീം മുസ്‌ലിയാര്‍ രചിച്ച മഹാസിനുല്‍ മുഫ്‌റദാത്ത് ഒറ്റമൂലികളുടെ വിവിധ ഭാഷകളിലെ പേരുകള്‍ വിവരിക്കുന്ന പ്രൗഢ ഗ്രന്ഥമാണ്. മലബാറിലെ പ്രഗ്ത്ഭ പണ്ഡിതനായിരുന്ന ഹമദാനി തങ്ങളുടെ ശിഷ്യനായിരുന്ന സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ തയ്യാറാക്കിയ അറബി-മലയാള- സംസ്‌കൃത ത്രിഭാഷാ നിഘണ്ടുവും ഭാഷാപഠനത്തിലെ മാപ്പിള ലോകത്തെ വരച്ച് കാട്ടുന്നുണ്ട്. ഇത്തരത്തില്‍ സാഹത്യത്തിന്റെ വിവിധ മേഖലകളിലും തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്താന്‍ മാപ്പിളമാര്‍ക്ക് സാധിച്ചിരുന്നു.
വായിച്ചും കേട്ടും പഠിച്ചുമെല്ലാം നമുക്ക് സുപരിചിതമായ ഈ ഗ്രന്ഥങ്ങളൊക്കെ ഒരാവര്‍ത്തി കൂടി എന്തിനാണ് ഇവിടെ വിവരിച്ചത് എന്ന് ചോദിച്ചാല്‍ വര്‍ത്തമാന കാല മാപ്പിളക്ക് മുന്നില്‍ മഹിതമായ നമ്മുട പാരമ്പര്യം തീക്ഷണമായ കണ്ണുകള്‍ വിടര്‍ത്തി തുറിച്ച് നോക്കുന്നത് നമുക്ക് കാണാനാകും. വിദ്യാഭ്യാസത്തിന് ബഹുമുഖമായ അര്‍ത്ഥ തലങ്ങള്‍ പകര്‍ന്നു നല്‍കി, ഇംഗ്ലീഷ് വിദ്യാലയങ്ങളില്‍ മക്കളെ തളച്ചിട്ട് പുരോഗതിയുടെ പുതിയ വാതായനങ്ങള്‍ക്ക് മുന്നില്‍ പ്രതീക്ഷയോടെ പുതിയ സ്വപ്ന കൊട്ടാരങ്ങള്‍ പണിതയുര്‍ത്തുന്ന  നമ്മുടെ തലമുറ പഴയ കാല പ്രതാപത്തിലേക്ക് ഒന്ന് കണ്ണയച്ച് നോക്കാന്‍ പോലും തയ്യാറാകാതെ തങ്ങളെന്തെക്കെയോ ആണെന്ന് വീമ്പ് നടിക്കുമ്പോള്‍ ഇത്രത്തോളം അക്ഷരാഭ്യാസമുണ്ടായിട്ടും നമുക്ക് കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന കയ്‌പേറിയ നഗ്ന സത്യം വിനീതമായി ഒന്നോര്‍മപ്പെടുത്താന്‍  മാത്രമാണ് ഈ കുറിപ്പെഴുതിയത്.
എന്നാലും നമ്മുടെ അഹങ്കാരത്തിനും അഹന്തക്കും ഒട്ടും കുറവില്ല എന്നതാണ് ഏറെ വേദനാ ജനകം. ഈയടുത്ത് കേരളത്തിലെ ഒരു പ്രമുഖ മുസ്‌ലിം ബുദ്ധി ജീവിയുടെ ക്ലാസില്‍ പങ്കെടുത്തപ്പോഴാണ് വര്‍ത്തമാന കാല മാപ്പിളക്ക് പാരമ്പര്യത്തോടുള്ള പ്രതിപത്തി കൂടുതല്‍ തെളിഞ്ഞു കണ്ടത്. ജനിച്ച നാടും വീടും കച്ചവടച്ചരക്കാന്‍ കടന്നു വന്ന ബ്രിട്ടീഷുകാരന്റെ  തീ തുപ്പുന്ന തുപ്പാക്കികള്‍ക്ക് മുന്നില്‍ നെഞ്ചു വിരിച്ച് ധീരവീരം പോരാടിയ മാപ്പിളമാര്‍ക്ക് ഒരു അടിയന്തരഘട്ടത്തില്‍ ബ്രിട്ടീഷുകാരന്റെ ഭാഷയോടു പോലും ഉപരോധം പ്രഖ്യാപിക്കേണ്ടി വന്നു. പേരാട്ടവീര്യത്തില്‍ എണ്ണയൊഴിച്ച് മാപ്പിളമാരെ യുദ്ധ ഭൂമിയില്‍ അണിനിരത്തിയ ഇത്തരം പ്രഖ്യാപനങ്ങളെ മഞ്ഞക്കണ്ണട മാത്രം ധരിച്ച് വായിക്കുന്ന ചരിത്രബോധമില്ലാത്ത വിഢികളെ പോലെ നിഞ്ഞു കവിഞ്ഞ സദസ്സിന്ന് മുന്നില്‍ അയാള്‍ പുലമ്പുന്നത് കേട്ടപ്പോള്‍ സത്യത്തില്‍ ഓക്കാനിക്കാന്‍ വന്നു. പോരാട്ട വീര്യത്തിന്റെ എക്കാലത്തേയും പ്രതീകങ്ങളായ അവരെ അയാള്‍ വിവരിച്ചത് ഇങ്ങനെയായിരുന്നു '' വിദ്യാഭ്യാസപരമായി മുസ്‌ലിം സമൂഹം പിന്നോട്ട് പോയിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം നമ്മുടെ പ്രിപിതാക്കള്‍ക്കാണ്. തലയില്‍ കളിമണ്ണ് മാത്രമുണ്ടായിരുന്ന അവര്‍ വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിന്ന് ഇംഗ്ലീഷുകാരനും അവരുടെ വിദ്യാഭ്യസാത്തിനും  ഭ്രഷ്ട് കല്‍പിച്ചപ്പോള്‍ മുസ്‌ലിം സമൂഹം ആയിരമാണ്ട് പുറകോട്ട് പോയി. അവരുടെ ഇത്തരം വഴിപിഴച്ച സമരമാര്‍ഗങ്ങളില്ലായിരുന്നെങ്കില്‍ മറ്റു സമുദായങ്ങളെപ്പോലെ നമുക്കും തല ഉയര്‍ത്തിപ്പിടിച്ച് നടക്കാമായിരുന്നു''. എന്നായിരുന്നു അയാള്‍ വിളിച്ചു പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ക്കൊപ്പം നല്ല മലയാളം സംസാരിക്കുന്നവരില്‍ നിന്ന് ഞങ്ങളെ കാക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ കൂടിയായിരുന്നു മാപ്പിളമാര്‍ എന്ന് കേട്ടപ്പോള്‍ ആദ്യം അമ്പരന്ന് പോയിരുന്നു. ഇത്രമാത്രം ഗ്രന്ഥങ്ങള്‍ രചിച്ച നമ്മുടെ പ്രപിതാക്കള്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് വിസ്മയിച്ചിരുന്നു. സാഹിത്യത്തോടും എഴുത്തുകുത്തുകളോടും എന്തിനാണ് അവര്‍ പുറം തിരിഞ്ഞു നിന്നത് എന്ന് സ്വയം ചോദിച്ചുപോയിരുന്നു. എന്നാല്‍ തങ്ങളുടെ വ്യവഹാരങ്ങള്‍ക്ക് സ്വന്തമായി ഒരു ഭാഷ തന്നെ രൂപപ്പെടുത്തിയ മാപ്പിളമാര്‍ക്ക് ശുദ്ധ മലയാളത്തിന്റെ ആവശ്യമില്ലായിരുന്നു എന്നും അത് സംസാരിച്ചിരുന്നത് ഹൈന്ദവ മതവിഭാഗങ്ങളില്‍ പെട്ടവര്‍ മാത്രമായിരുന്നുവെന്നും അതുകൊണ്ട് ഹിന്ദു വിശ്വാസാചാരങ്ങളില്‍ നിന്ന് ഞങ്ങളെ കാത്ത് രക്ഷിക്കണേയെന്നായിരുന്നു അവരുടെ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം എന്നും പിന്നീട് അസീസ് തരുവണ സാറിന്റെ പ്രസംഗത്തില്‍ നിന്നാണ് മനസ്സിലാക്കാനായത്. സത്യത്തില്‍ മാപ്പിളമാരുടെ പൂര്‍വകാല ചരിത്രമറിയാതെ അവരുടെ വാക്കുകളില്‍ നിന്ന് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില വാചകങ്ങളുപയോഗിച്ച്  അവരെ വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നവരായി ചിത്രീകരിച്ച് തങ്ങള്‍ക്ക് ലഭിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെയും ഡോക്ടറേറ്റുകളുടെയുമെല്ലാം പേരില്‍ ഞെളിഞ്ഞിരുന്ന് അഹങ്കരിക്കുന്ന വര്‍ത്തമാന മാപ്പിള, 'മാപ്പിള' എന്ന പദം അര്‍ത്ഥവത്താക്കി മഹാപിള്ളമാരായി ജീവിതം ചിലവഴിച്ച തങ്ങളുടെ പ്രപിതാക്കളെ ബോധപൂര്‍വം വിസ്മരിക്കാന്‍  ശ്രമിക്കുന്നത് എന്തിനാണെന്നാണ് ഈ വിനീതന് മനസ്സിലാകാത്തത്.
  ഇത്രനേരം അറബി-മലയാളത്തെ കുറിച്ച് ചര്‍ച്ച ചെയ്തത് കൊണ്ട് അതില്‍ മാത്രമായിരുന്നു അവരുടെ ശ്രദ്ധ എന്ന് തെറ്റിദ്ധരിക്കരുത്. അറബി-മലയാളത്തിലേത് പോലെ അറബി ഭാഷയിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചുകൂട്ടിയവരായിരുന്നു കേരളത്തിലെ പണ്ഡിതര്‍. കിതാബിന്റെ അര്‍ത്ഥതലങ്ങള്‍ക്ക് മേല്‍ അടയിരുന്നു കാലം കഴിച്ച് കൂട്ടിയവരെന്ന് മുദ്രകുത്തി മോല്യക്കാന്മാരെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ ആധികാരിക ചരിത്രമെഴുതിയ പൊന്നാനിയിലെ സൈനുദ്ധീന്‍ മഖ്ദൂമും ഇത്തരത്തിലുള്ള ഒരു മുസ്‌ലിയാരായിരുന്നു എന്ന യാഥാര്‍ഥ്യം മറന്നുകളയരുത്. കേരളത്തില്‍ തന്നെ പുതിയൊരു സാഹിത്യ ശാഖക്ക് തുടക്കം കുറിച്ച ഈ ഗ്രന്ഥം മദ്രാസ് സെന്റ ജോര്‍ജ് കോട്ടയിലെ പേര്‍ഷ്യന്‍ വിവര്‍ത്തകനായിരുന്ന മേജര്‍ റൗലണ്ട് സെന്‍, അമേര്‍ സെന്‍, റോക്‌സ്, മുഹമ്മദ് ഹുസൈന്‍ തുടങ്ങിയ നിരവധി ചരിത്ര പണ്ഡിതര്‍ ഇംഗ്ലീഷിലേക്കും  അതിനുപുറമെ ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ചെക്, മലയാളം, കന്നട, തമിഴ്, തുടങ്ങിയ നിരവധി ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
 സൈനുദ്ദീന്‍ മഖ്ദൂമിന് പുറമെ അബ്ദുല്‍ അസീസ് മഖ്ദൂം,കോഴിക്കോട് ഖാസി ആയിരുന്ന സൈനുദ്ധീന്‍ റമദാന്‍, ഖൈദുല്‍ ജാമിഇന്റെ കര്‍ത്താവ് ഫഖീഹ് ഹുസൈന്‍,അബ്ദുല്ല കുട്ടി മുസ്‌ലിയാര്‍, ഖാദി മുഹമ്മദ്, മമ്പുറം തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍, ഉമര്‍ ഖാദി, അഹ്മദ് കോയ ശാലിയാത്തി,ഇസ്മാഈല്‍ മുസ്‌ലിയാര്‍, കന്‍സുല്‍ ബറാഹീന്‍ എന്ന ഗ്രന്ഥം രചിച്ച ശൈഖ് ജിഫ്രി, പാനൂര്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി തുടങ്ങിയ അസംഖ്യം പണ്ഡിതന്മാര്‍ അറബി സാഹിത്യത്തിലൂടെ ആഗോള ശ്രദ്ധ നേടിയെടുത്ത മാപ്പിളമാരാണ്. മുഹ്‌യുദ്ധീന്‍ ആലുവായിയും അസ്ഹരി തങ്ങളെയും പോലെ ആധുനിക കാലത്തും അറബി രചനയില്‍ മുഴുകിയ പണ്ഡിതരുണ്ടെങ്കിലും പഴയകാല പ്രതാപത്തിന്റെ ഏഴകലത്ത് പോലും നാം എത്തിയിട്ടില്ല.
വായിക്കുക എന്ന അമര സന്ദേശം മുഴക്കി കടന്നു വന്ന വിശുദ്ധ ഖുര്‍ആന്റെ ആശയാദര്‍ശങ്ങള്‍ക്ക് തങ്ങളുടെ ജീവിതം കൊണ്ട് അര്‍ത്ഥം പകര്‍ന്ന പഴയ തലമുറ ഗ്രന്ഥരചനയുടെ ലോകത്തിലൂടെ പുതിയൊരു ചരിത്രത്തിന് അടിത്തറ നിര്‍മിച്ചെടുത്തു. സാഹത്യത്തിന്റെ വിവിധ കൈവഴികള്‍ അവരിലൂലടെ ഒലിച്ചിറങ്ങി. സമൂഹത്തിന്റെ നാനോന്മുഖമായ പുരോഗതിക്ക് ഹേതുവായ് വര്‍ത്തിച്ച ആ ഗ്രന്ഥങ്ങള്‍ മറ്റു സമുദായങ്ങള്‍ക്കിടയില്‍ മുസ്‌ലിംകള്‍ക്ക് പ്രതാപവും അന്തസ്സും സമ്മാനിച്ചു. അറിവിന്റെ അക്ഷയ ഖനികള്‍  തുറന്നിട്ട് ലോകത്തിന് മുന്നില്‍ പുതിയൊരു പാത അവ പരിചയപ്പെടുത്തി.
മുസ്‌ലിം കേരളത്തിന്റെ ആര്‍ജ്ജവും ഊര്‍ജ്ജവുമായിരുന്ന സാഹിത്യകൃതികള്‍ ഇന്ന് മറ്റു സമുദായങ്ങളുടെ മൊത്തകുത്തകയായി മാറുമ്പോള്‍ സര്‍ഗസാഹിത്യത്തിന്റെ ആ സുവര്‍ണ കാലഘട്ടത്തിലേക്ക് നാം തിരിഞ്ഞ് നടക്കേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു എന്നാണ് കൊഴിഞ്ഞുപോകുന്ന ഓരോ നിമിഷങ്ങളും നമ്മോടു വിളിച്ചോതുന്നത്. സാഹിത്യത്തിന്റെ സര്‍വ മണ്ഡലങ്ങളിലും നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ രചിച്ച് പ്രൗഢമായ ഒരു പാരമ്പര്യം പേറുന്ന മുസ്‌ലിം സമുദായത്തിന്റെ സാഹിത്യ സംഭാവനകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും നമ്മുടെ സാംസ്‌കാരിക നായകര്‍ തയ്യാറാകുന്നില്ലെങ്കില്‍ അവയെ പൂര്‍ണാര്‍ത്ഥത്തില്‍ മലയാളക്കരക്ക് പരിചയപ്പെടുത്തി നമ്മുട അസ്ഥിത്വം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദത്വം നമുക്ക് തന്നെയാണ്. ന്റുപ്പാപ്പാക്കരൊനാണ്ടേര്‍ന്ന് എന്ന് പറഞ്ഞു നടക്കുന്നതിന് പകരം പുതിയ ഗ്രന്ഥങ്ങള്‍ രചിക്കാനും അതിലൂടെ നഷ്ട പൈതൃകത്തിലേക്ക് തിരിച്ച് നടക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

0 comments: