അലീ​ഗ‍‍ഢ് ഡയറി-3




കാലപ്പഴക്കം കൊണ്ട് നുരുമ്പിപ്പോയ ഓർമകളെ തേടി വീണ്ടും വീണ്ടും മനസ്സ് ഓടി നടക്കുകയാണ്. മിഷാലിനും നസ്ലിനും അൻവറിനും മുബാറകിനും സുഹൈലിനുമൊക്കെ ഇപ്പോ യൂറോപ്പിലേക്കുള്ള വിസ എത്തിയിട്ടുണ്ടോ ആവോ....ഡൽഹിയിൽ വെച്ച് യാത്ര പറഞ്ഞതിനു ശേഷം പിന്നെ കാണാൻ പറ്റിയിട്ടില്ല...കണ്ടു പരിചയിച്ച റെയിൽവേ സ്റ്റേഷനുകളിൽ നിന്നെല്ലാം തീർത്തും ഭിന്നമായിരുന്നു  നിസാമുദ്ദീൻ. ഞങ്ങളുടെ പരപ്പനങ്ങാടി സ്റ്റേഷൻ പോലെ കൂട്ടം തെറ്റിയ ആടുകളെ പോലെ അവിടെയും ഇവിടെയും കൂടി നിൽക്കുന്ന ചെറു സംഘങ്ങളായിരുന്നില്ല അവിടെ. കാലുകുത്താൻ ഇടയില്ലാത്ത വിധം തിരക്ക്. ടാബിൽ ഇൻസ്റ്റാൾ ചെയ്ത വേർ ഈസ് മൈ ‌ട്രൈൻ പറയുന്നത് പ്രകാരം ‍ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് തന്നെ എനിക്ക് അലീ​ഗഢിലേക്ക് വണ്ടി കിട്ടും. ഇത്രകാലം ചതിക്കാത്ത ആപ്പാണ്. പറഞ്ഞതെല്ലാം അച്ചട്ടായിരുന്നു. വണ്ടി എത്തിയ സ്റ്റേഷൻ വരെ ഓരോ നിമിഷവും കൃത്യമായി പറഞ്ഞു തന്നിട്ടുണ്ട്. ആ വിശ്വാസത്തിലാണ് അലീ​ഗഢിലേക്കുള്ള വണ്ടി കിട്ടാൻ ന്യൂഡൽഹിയിൽ തന്നെ പോകണമെന്ന പറഞ്ഞ റെയിൽവേ ഉദ്യോ​ഗസ്ഥനോട് മൊബൈൽ കാണിച്ച് ഇവിടുന്ന് തന്നെ കിട്ടുമല്ലോ എന്ന് തിരിച്ച് ചോദിച്ചത്. അയാളെക്കാൾ ആപ്പിനെ വിശ്വസിച്ചത് കൊണ്ടാണ് റെയിൽവേയിൽ നിന്ന് പുറത്തിറങ്ങിയത്. നിസാമുദ്ദീൻ ദർ​ഗയിൽ ഒന്ന് കയറി സിയാറത്ത് കൂടി ചെയ്യാലോ എന്ന് വിചാരിച്ചു. എത്ര പെട്ടന്നായിരുന്നു യാത്രയിലുട നീളം ഞാൻ സംഭരിച്ചുവെച്ച ഊർജ്ജവും ആവേശവുമെല്ലാം ഉരുകിയൊലിച്ചത്. രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നത് പോലെയാണ് ഓരോരുത്തരുടെയും മറുപടി. ചോദിക്കുന്നവർക്കെല്ലാം വ്യത്യസ്ത വഴികൾ. അലീ​ഗഡിലേക്ക് പോകാൻ മുന്നിൽ തെളിഞ്ഞ പതിനാറ് വഴികളിൽ നിന്ന് ഏത് തിരഞ്ഞെടുക്കണമെന്നറിയാതെ നട്ടം തിരിഞ്ഞ് കൊണ്ടിരിക്കയാണ് യാത്രയിലുടനീളം സഹായിച്ചിരുന്ന ജെ.എൻ.യു പി. എച്ച്. ഡി വിദ്യാർഥിയും പ്രിയ ​ഗുരുവുമായ ശംസീർ ഹുദവിയെ വിളിക്കുന്നത്. നിസാമുദ്ദീനിൽ നിന്ന് ‍‍ഡൽഹിയിലേക്ക് ഇപ്പോ തന്നെ വണ്ടിയുണ്ടെന്നും അഞ്ച് രൂപയുടെ ദൂരമേയുള്ളുവെന്നും പറഞ്ഞപ്പോൾ വേ​ഗം സ്റ്റേഷനിലേക്ക് തന്നെ തിരിച്ചു. മുന്നിൽ നീണ്ടുകിടക്കുന്ന വരിയിൽ ചേർന്ന് അവസാനം സ്റ്റേഷനിൽ കടന്ന് ടിക്കറ്റന്വേഷിച്ചപ്പോയാണ് വീണ്ടും പുറത്തിറങ്ങേണ്ടി വന്നത്.
തബ്ലീ​ഗ് ജമാഅത്തിന്റെ ക്യാമ്പ് കഴിഞ്ഞ് വരുന്ന ഒരു സംഘത്തെ കണ്ടുമുട്ടി സംസാരിച്ചപ്പോൾ അവരും അലീ​ഗഢിലേക്കാണെന്നറിഞ്ഞു. യാത്രക്ക് കമ്പനിക്കാരായല്ലോ എന്നാശ്വസിച്ച് നിൽക്കുമ്പോൾ അവരും കയ്യിൽ നിന്ന് വഴുതി വീണു. ഡൽഹിയിൽ നിന്ന് 5.35ന് പൂർവ എക്സ്പ്രസുണ്ടല്ലോ എന്ന് വീണ്ടും മൊബൈൽ കാണിച്ച് പറഞ്ഞപ്പോൾ നീ ഞങ്ങളെ പഠിപ്പിക്കേണ്ട എന്ന ഭാവമായി അവർക്ക്. ‌ടാ മണ്ടാ പൂർവയിൽ കനത്ത ചെക്കിം​ഗുണ്ടാവുമെന്ന താക്കീത് കേട്ട് തൽക്കാലത്തിന് ഞങ്ങളുടെ കൂട്ടുക്കെട്ടവസാനിച്ചു. ന്യൂഡൽഹിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.തൃശൂർ സ്വരാജ് റൗണ്ടിൽ പെട്ടത് പോലെ ചെറിയ ഒന്ന് രണ്ട് അടി മുന്നോട്ട് വെക്കാൻ തന്നെ മൂന്നാല് പ്രാവശ്യം ഇറങ്ങിയും കയറിയും ചുറ്റിത്തിരിയേണ്ടി വന്നു.
 വീണ്ടും ഒറ്റക്കുള്ള യാത്ര. കൂടെയിരിക്കുന്നവരല്ലാം തീർത്തും അപരിചിതർ. ജനറൽ ടിക്കെറ്റെടുത്ത് ടി.ടി.ഇയെ കണ്ട് നൂറ് രൂപ കൈമടക്കി സ്ലീപ്പറിൽ കയറിക്കൂടിയതാണ്. നമ്മുടെ നാട്ടിലെ ജനറലിനാണല്ലോ ഇവർ സ്ലീപ്പർ എന്ന് പറയുന്നത് എന്നാലോചിച്ച് കിടക്കാൻ പോയിട്ട് ഇരിക്കാൻ പോലും ഇടം കിട്ടാതെ നട്ടം തിരിയുന്നതിനിടക്കാണ് വണ്ടി അപ്രതീക്ഷിതമായി നിർത്തുന്നതും പത്ത് പതിനഞ്ച് പോലീസുകാർ ബോ​ഗിയിലേക്ക് ഇരച്ച് കയറുന്നതും. അകമ്പടി സേവക്ക് നാലഞ്ച് ടി.ടി.ഇകൾ കൂടിയെത്തിയതോടെ മുട്ടിടിക്കാൻ തുടങ്ങി. അലീ​ഗഡ് തക് മൈ ആപ് കോ ആറാം സേ പഹുഞ്ചാൂം​ഗാ എന്ന് പറഞ്ഞ് നൂറ് രൂപ വാങ്ങിയ കക്ഷി കൂട്ടത്തിലില്ല. ജനറൽ ടിക്കറ്റുകാരെയും ടിക്കറ്റ് എടുക്കാത്തവരെയും പോലീസുകാർ ഇറക്കിവിടുന്നുണ്ട്. ആകെ പെട്ടുപോയല്ലോ എന്ന് ബേജാറിലകപ്പെട്ട എന്റെയടുത്തേക്കും വന്നു ഒരാൾ. കയ്യിലുള്ളത് ജനറൽ ടിക്കറ്റ്. അടുത്തിരിക്കുന്ന പലരെയും അയാൾ ആട്ടിയോടിച്ചിട്ടുണ്ട്. ആർ. ഖന്ന..ഞാൻ കൊടുത്ത നൂറ് രൂപ കീശയിലേക്കിടുമ്പോൾ അയാളുടെ പോക്കറ്റിനു മുന്നിൽ കുത്തി വെച്ച പേരുകൾ ഭാ​ഗ്യത്തിന് ഓർമയിലുണ്ട്. ഖന്നാ സാഹിബിനെ കണ്ട് ടിക്കറ്റ് സ്ലീപ്പറാക്കിയിട്ടുണ്ട് എന്ന് പറഞ്ഞൊപ്പിച്ചപ്പോഴേക്ക് ഖുശിയായിട്ട് ഇരിക്കാനുള്ള സ്ഥലം പോലീസുകാർ സജ്ജീകരിച്ചിരുന്നു.
 ഉമർ ഉസ്താദിന്റെ കല്യാണം കഴിഞ്ഞ് പട്ടാമ്പിയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് ട്രയിൻ കയറിയതാണ് ജീവിതത്തിലെ ആദ്യത്തെ ട്രയിൻ യാത്ര. അന്നെനിക്ക് ഒരു പതിനഞ്ച്- പതിനാറ് വയസ്സ് പ്രായം കാണും. മൂന്നാം വയസ്സ് മുതൽ പാടിപ്പതം വന്ന പാട്ടിലെ ആദ്യത്തെ വരികളിലൊന്നാണ് കൂകിപ്പായും തീവണ്ടി. പത്ത് പതിമൂന്ന് വർഷം നീണ്ട കാത്തിരിപ്പ് സഫലമായ ദിവസം. ഏറെ നിരാശപ്പെടുത്തിയിരുന്നു അന്നത്തെ യാത്ര. നാട്ടിലോടുന്ന ഫന്റാസ്റ്റിക് ബസ്സിന്റെ സ്പീഡു പോലുമില്ലാത്ത ഈ സാധനത്തിനെയാണോ കൂകിപ്പായും എന്നൊക്കെ വിളിച്ചിരുന്നത് എന്നോർത്ത് ഏറെ ദുഃഖിച്ച സമയം. പൂർവ എക്സ്പ്രസാണ് എന്റെ പഴയ കാല കൂകിപ്പായും തീവണ്ടിയെ തിരിച്ചു തന്നത്. പോലീസ് ചെക്കിം​ഗിനെടുത്ത മുക്കാൽ മണിക്കൂറിന്റെ കലിപ്പ് പൂർവ ഓടിത്തീർത്തു. മനസ്സറിഞ്ഞ് ആസ്വദിച്ച വേ​ഗത.

 നിമിഷാർദ്ധങ്ങൾക്കുള്ളിൽ കൊളുത്ത് മുറുകുന്ന സൗഹൃദത്തിന്റെ ചങ്ങലക്കണ്ണികൾ. ട്രയിൻ യാത്രക്ക് മാത്രം നൽകാനാവുന്ന അപൂർവം സമ്മാനമാണ്. വളരെ കുറഞ്ഞ സമയം മാത്രം നീണ്ടു നിൽക്കുന്നതാണെങ്കിലും ജീവിതത്തിൽ ആദ്യമായി കാണുന്ന മനുഷ്യർ എത്ര പെട്ടന്നാണ് ഈ യാത്രകളിൽ വർഷങ്ങളായി പരിചയമുള്ളവരെക്കാൾ അടുപ്പത്തോടെ പെരുമാറുന്നത്. ഭക്ഷണ സാധനങ്ങളൾ പങ്ക് വെക്കുന്നത്. നാട്ടു വർത്തമാനങ്ങളും രാഷ്ട്രീയവും കുടുംബകാര്യങ്ങളുമെല്ലാം ആവേശോജ്ജ്വലം ചർച്ച ചെയ്യുന്നത്. കൂട്ടിനു കിട്ടിയ നാലഞ്ച് പേരുടെ കൂടെക്കൂടി അലീ​ഗഡിലെത്തിയതറിഞ്ഞില്ല. എല്ലാ ബന്ധങ്ങളെയുമെന്ന പോലെ വേർപിരിയലിന്റെ വേദന ഒരു നോട്ടത്തിലും പിർ കബീ മിലേം​ഗേ...എന്ന ഉപചാരത്തിലുമൊതുക്കി നമ്മൾ വീണ്ടും വീണ്ടും പുതിയ ലോകം തേടി പുതിയ അനുഭവങ്ങൾ തേടി..പുതിയ കൂട്ടുകെട്ടുകൾ തേടി യാത്ര തിരിക്കുന്നു....

സർ സയ്യിദിന്റെ നാട്ടിൽ-2


മം​ഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് യാത്ര, ഒരു പകൽ മുഴുവൻ ഇഴഞ്ഞുനീങ്ങിയതിന് പ്രതിക്രിയ ചെയ്യാനാകണം, കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച് മം​ഗള കുതിച്ചുപായുകയാണ്.  ചെറുതോടുകളും പൊന്തക്കാടുകളും ഓടി മറയുന്നു. വയലുകൾക്കിടയിലെ പുല്ലുമേഞ്ഞ വീടുകൾ. കാടും പുഴകളും ​ഗ്രാമങ്ങളും ഉറങ്ങാനുള്ള വട്ടത്തിലാണ്. പുറത്ത് നേരിയ ഇരുട്ട് പടർന്നുകഴിഞ്ഞു. മങ്ങിയ വെളിച്ചത്തിൽ നിരന്നുകിടക്കുന്ന കൃഷിയിടങ്ങൾ കാണാം. ഞാൻ ചില്ലുജാലകത്തിനടുത്ത് തന്നെ സ്ഥലം പിടിച്ചു. അവിടെ കിടക്കുന്ന പാലാക്കാരൻ അച്ചയാൻ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ എനിക്കിരിക്കാൻ അൽപം സ്ഥലം തന്നു. വിശുദ്ധ ഖുർആനിൽ കന്യാമറിയത്തെക്കുറിച്ച് ഒരു അധ്യായം തന്നെയുണ്ട് എന്ന് പറഞ്ഞതിന്റെ കൗതുകം അയാളുടെ മുഖത്ത് ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നുണ്ട്. മിഷാരി അൽ അഫാസിയുടെ ശ്രവണസുന്ദരമായ ശബ്ദത്തിൽ അതിന്റെ പാരായണം കൂടി കേൾപ്പിച്ചതോടെ ചെറുതെങ്കിലും ഞങ്ങൾക്കിടയിൽ സൗഹൃദത്തിന്റെ പുതുനാമ്പുകൾ തളിർത്തുകഴിഞ്ഞിരുന്നു. വണ്ടിയിപ്പോൾ ഉഡുപ്പിയിലെത്തിയിരിക്കണം. രണ്ടാഴ്ച മുമ്പ് ഇവിടെ വന്നിരുന്നു. ജീവിതത്തിലെ ആദ്യത്തെ കടൽയാത്ര അനുഭവിക്കാനും, 80 മില്യൻ വർഷങ്ങൾക്ക് മുമ്പ് മഡ​ഗാസ്ക്കറിൽ നിന്ന് വേർപ്പെട്ടതാകാമെന്ന് ഭൗമശാസ്ത്രജ്ഞർ അനുമാനിക്കുന്ന സെന്റ് മേരീസിലെ അൽഭുതകാഴ്ചകൾ കാണാനുമായി. പുറത്തെ ഇരുട്ടിന് കനം വെച്ച് തുടങ്ങിയിട്ടുണ്ട്. കറുത്ത കരിമ്പടം പുതച്ച കൃഷിയിടങ്ങളിൽ നിന്ന് ഒരിലയനക്കം പോലും കാണാതായിട്ടും ഞാൻ പുറത്തേക്ക് തന്നെ തുറിച്ചുനോക്കി.
     

 ബോ​ഗിക്കുള്ളിൽ ഇരുട്ടും വെളിച്ചവും മാറി മാറി വരുന്ന അൽഭുതത്തിലേക്കാണ് ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നത്. വണ്ടി എവിടെയെത്തി എന്ന് ചോദിക്കാൻ താഴേക്ക് ചാടിയിറങ്ങി നോക്കുമ്പോൾ പാലാക്കാരൻ അച്ചായന്റെ സ്ഥാനത്ത് മനോഹരമായ പ​ഗോഡയും ധരിച്ച്  കശ്മീരി പെൺകുട്ടികളെ പോലെ ചുവന്ന് തുടുത്ത ആപ്പിളും കയ്യിൽ പിടിച്ച് ഒരു സർദാർജി പുഞ്ചിരിച്ചു നിൽക്കുന്നു. ബ്രഷ് ചെയ്യാത്തതിന്റെ നാറ്റം സഹിക്കാനാവാത്തതിലാവണം കൊങ്കണെത്തിയോ എന്ന ചോദ്യം അൽപ നേരം തൊണ്ടയിൽ കുരുങ്ങിക്കിടന്ന് താഴോട്ട് തന്നെ ഉൾവലിഞ്ഞത്.
 മനസ്സ് നിറയെ കൊങ്കണായിരുന്നു. ചെറുപ്പ കാലം മുതലേ കേൾക്കാൻ തുടങ്ങിയ ഓരോ യാത്രാ വിവരണങ്ങളിലും കൊങ്കണിന് അനിഷേധ്യമായ സ്ഥാനമുണ്ടായിരുന്നു. അല്ലെങ്കിലും കൊങ്കൺ ഒരു പുഴ പോലെയാണ് എന്നാണല്ലോ പറയാറ്. ഓരോ തവണ പുഴയിൽ കുളിച്ചു കയറുന്നുവരും പുതിയ വെള്ളത്തിന്റെ ഈർപ്പനണിഞ്ഞ് കരകയറുന്നത് പോലെ ഓരോ യാത്രികനും കൊങ്കൺ പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.

  മം​ഗലാപുരത്ത് നിന്ന് മഹാരാഷ്ട്രയിലെ റോഹ വരെ 760 കിലോമീറ്ററാണ് കൊങ്കണിന്റെ ദൂരം. 1990 സെപ്തംബർ 15 ന് റോഹയിൽ നിർമാണം തുടങ്ങി 1998 ജനുവരി 26 ന് ആദ്യത്തെ ചൂളം വിളിയുയർന്ന ഈ പാത അഭേദ്യവും അസാധ്യവുമായ ഇഛാശക്തിയുടെ മകുടോദാഹരമാണ്. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ സ്വപ്നങ്ങൾ യാഥാർഥ്യമാവൂ എന്ന് പേർത്തും പേർത്തും നമ്മോട് വിളിച്ചു പറയുന്നുണ്ട് കൊങ്കണിന്റെ നിർമാണ കഥകൾ. എത്രയെത്രെ പ്രതിസന്ധികൾ വകഞ്ഞ് മാറ്റിയാണ് ഇ. ശ്രീധരൻ എന്ന മഹാമാന്ത്രികന്റെ അജയ്യരായ സംഘം ഈ സ്വപ്നം യാഥാർഥ്യവൽക്കരിച്ചത്. കോരിച്ചൊരിയുന്ന മഴ, ഉരുൾപൊട്ടൽ, ചെളിയൊഴുക്ക്, കട്ടിയായ പാറ എല്ലാത്തിനും പുറമെ നിരന്തരം ഇടിഞ്ഞ് വീഴുന്ന കളിമണ്ണ് തുരന്ന് മുന്നോട്ടുള്ള യാത്ര........60 റെയിൽവേ സ്റ്റേഷനുകൾ, 91 തുരങ്കങ്ങൾ, 1858 ചെറുതും വലുതുമായ പാലങ്ങൾ...മാമലകളും പാറക്കെട്ടുകളും തുരന്ന് എത്ര വലിയ മഹാൽഭുതമാണ് ഇ ശ്രീധരന്റെ യുവതുർക്കികൾ സാധിച്ചെടുത്തത്.
      ഉറക്കച്ചടവിൽ നിന്ന് സ്വബോധത്തിലേക്കുണർന്ന് നോക്കുമ്പോൾ വണ്ടി മഹാരാഷ്ട്രയിലെ രത്ന​ഗിരിയിലെത്തിയിട്ടുണ്ട്. ഭാ​ഗ്യത്തിന് കൊങ്കൺ കഴിഞ്ഞിട്ടില്ല. രാത്രി മുഴുവൻ കിടന്നുറങ്ങിയതിന്റെ ക്ഷീണം മാറ്റി സൂര്യൻ കിഴക്ക് നിന്ന് പ്രകാശം പൊഴിച്ച് തുടങ്ങുന്നേയൂള്ളു...സമയകാല ബോധങ്ങളൊന്നുമില്ലാതെ ഇളം കാറ്റ് ഇലകളെ തഴുകിയും തലോടിയും പതിവു സല്ലാപം തുടരുന്നുണ്ട്. ശീലിച്ചു ​ഗാനമിടചേർന്നു ശിരസ്സുമാട്ടി, കാലെത്തെഴും കിളികളോടഥ മൗനമായ് നീ..എന്ന് ആശാൻ പാടിപ്പറഞ്ഞ കിളികളെല്ലാം അതിരാവിലെ തന്നെ സ്വരമാധുര്യം കൊണ്ട് അന്തരീക്ഷത്തെ സം​ഗീതസാന്ദ്രമാക്കുന്നുണ്ട്.


 കേട്ടറിഞ്ഞ അനുഭവങ്ങൾ കൺമുന്നിൽ തെളിയാൻ ഏറെ നേരം കാത്തിരിക്കേണ്ടി വന്നില്ല. അരുവികൾ, പുഴകൾ, ചെങ്കുത്തായ പാറകൾ, കൃഷിയിടങ്ങൾ, ഉൾനാടൻ പ്രദേശങ്ങൾ, എവിടെയും മനം നിറക്കുന്ന ഹരിതാഭമായ കാഴ്ചകൾ,  വൈവിധ്യമാർന്ന കാഴചകളാണ് കൊങ്കണിന്റെ സൗന്ദര്യം, പച്ചിലകളുടെ മാദക സൗന്ദര്യം ആസ്വദിച്ച് ഉന്മത്തനായിരിക്കുമ്പോൾ വണ്ടി പതിയെ മലകൾക്ക് ഇടയിലുള്ള തുരങ്കത്തിലേക്ക് ഉൾവലിയും. പിന്നെയും പിന്നെയും മലകളും കുന്നുകളും കുറ്റിക്കാടുകളും ഇടതൂർന്ന വനങ്ങളും പകരുന്ന മായിക കാഴ്ചകൾ....കൊങ്കൺ തീരുന്നത് വരെ എ.സി കോച്ചിന്റെ ശീതളഛായയിൽ നിന്ന് പുറത്തിറങ്ങി ഞാൻ ട്രയിനിന്റെ വാതിലിനോട് ചേർന്ന് നിന്നു. ഇടക്ക് പലരും വന്ന് ​ഗുണദോഷിച്ചെങ്കിലും പിന്മാറാൻ തോന്നിയില്ല. എനിക്ക് കൺനിറയെ കൊങ്കൺ കാണണമായിരുന്നു. വണ്ടി ഇ​ഗത്പുരിയ സ്റ്റേഷനിലെത്തിയപ്പോയായിരിക്കണം, അൻവറും മുബാറകും മിഷാലുമെല്ലാം വടപാവും ബെന്നുമായി വരുന്നത്. ഇ​ഗത്പുരിയിലെ വിശേഷപ്പെട്ട ഭക്ഷണമാണ് വടപാവ്. വടപാവ് പിന്നെയും പലയിടങ്ങളിലും കണ്ടെങ്കിലും കൊങ്കൺ യാത്രക്കിടെ ഇ​ഗത്പുരിയിലെ വടപാവ് നുണഞ്ഞില്ലെങ്കിൽ തീർച്ചയായും അത് തീരാനഷ്ടമാണ്.

 വെൽക്കം ടു കർണാടക, ​ഗോവ, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്....ആദ്യമായി കേരളത്തിനു പുറത്തേക്ക് പോകുന്നവനെ സംബന്ധിച്ച് മനം നിറക്കുന്ന അനുഭവങ്ങളാണ് സെൽഫോണിലേക്ക് ഇരമ്പിയെത്തുന്ന ഈ മെസേജുകൾ. പഠന കാലത്ത് അനുഭവിക്കാൻ കഴിയാതെ യാത്രയുടെ പരമാനന്ദത്തിലേക്ക് പതുക്കെ നടന്നു കയറുന്നതിന്റെ ആത്മരതിയിൽ മുഴുകി നിൽക്കെയാണ് അൻവറിന്റെ കമന്റ് വരുന്നത്. ദേ, കണ്ടോ, ഡിജിറ്റൽ ഇന്ത്യ. ഒരു വട്ടം ഡൽഹിയിൽ പോയി വന്നതിന്റെ അനുഭവജ്ഞാനം കിട്ടുന്ന വേളയിലെല്ലാം ശരിക്കും മുതലെടുക്കുന്ന അൻവറാണ് ഞങ്ങളുടെ യാത്രാ സംഘത്തലവൻ. സംഘത്തിലെ ഓരോ അം​ഗത്തിന്റെ മേലിലിും അദൃശ്യമായ ഒരു നിയന്ത്രണം അവനുണ്ടായിരുന്നു.
 ചരക്കുവണ്ടികളും യാത്രാ വണ്ടികളും തലങ്ങും വിലങ്ങും കുതിച്ചു പായുന്നതിനിടയിലും തെളിഞ്ഞ ആകാശത്തേക്ക് നിസാരമായി വെളിയിലിരിക്കുന്ന അനേകം മനുഷ്യർ, ദുർ​ഗന്ധം നിറഞ്ഞ ​ഗല്ലികളിലെ അഴുക്കുചാലുകളിൽ മദിച്ചുകിതക്കുന്ന പന്നിക്കൂട്ടങ്ങൾ, റെയിൽവേ പുറമ്പോക്കുകളിൽ ഒരു തരി വസ്ത്രം പോലുമില്ലാതെ മണ്ണിൽ കിടന്നുറങ്ങുന്ന പിഞ്ചുബാല്യങ്ങൾ, കൊങ്കണിന്റെ മനോഹര കാഴ്ചകളുടെ ഒടുക്കം ഇങ്ങനെ ഒരു ട്രാജഡിയിലേക്കാകുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല. പുസ്തകത്താളുകളിൽ ഞാൻ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ എന്നത് മമ്മുട്ടിയുടെ പഞ്ച് ഡയലോ​ഗിനപ്പുറം കൺമുന്നിൽ നിരന്തരം തെളിയുന്ന യാഥാർഥ്യമായി മാറിയത് എത്ര പെട്ടന്നാണ്.
 മം​ഗളയിപ്പോൾ ഉത്തർപ്രദേശിലാണ്. മധുരയിലോ ആ​ഗ്രയിലോ ഇറങ്ങിയാൽ എനിക്ക് എളുപ്പം അലീ​ഗഢിലേക്ക് വണ്ടി കയറാം.റൂട്ടിനെക്കുറിച്ച് കൃത്യമായ ധാരണകളില്ലാത്തതിനാൽ യാത്ര തുടരാൻ തന്നെ തീരുമാനിച്ചു. ഹസ്രത്ത് നിസാമുദ്ദീനിലേക്കാണ് ടിക്കറ്റെടുത്തത്. രണ്ട് ദിവസത്തെ ദൈർഘ്യമേറിയ യാത്ര അവസാനത്തിലേക്ക് അടുക്കുകയാണ്. ഹൃദയത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങിയ സൗഹൃദത്തിന്റെ ചങ്ങലക്കണ്ണികൾ പൊട്ടിവീഴുകയാണ്. അൻവർ, മുബാറക്, മിഷാൽ, ഹകീം, സുഹൈൽ, നസ്ൽ...ഇടവഴിയിലെപ്പോയോ ജീവിതത്തിലേക്ക് കയറിയവർ പാതിവഴിയിൽ ഇറങ്ങിപ്പോകുകയാണ്, യുറോപ്പിന്റെ സുന്ദര ഭൂമികയിൽ തങ്ങളുടെ സ്വപ്ന ലോകം പണിയാൻ.


സർ സയ്യിദിന്റെ നാട്ടിൽ-1


കേരളത്തിനു പുറത്തേക്കുള്ള ആദ്യത്തെ യാത്രയാണ്. കോളേജിൽ പഠിക്കുന്ന കാലത്ത് മൈസൂരിലേക്കും ഊട്ടിയിലേക്കും കൂട്ടുകാരുടെ കൂടെ നടത്തിയ ഉല്ലാസ യാത്ര മാറ്റിവെച്ചാൽ എന്റെ യാത്രാ കോളങ്ങളിൽ കേരളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എ.സി ത്രീ ടയറിലാണ് യാത്ര. ട്രയിനിൽ മുമ്പും യാത്ര ചെയ്തിട്ടുണ്ട്, നേരെ ചൊവ്വേ നിൽക്കാൻ പോയിട്ട് ശ്വസിക്കാൻ  പോലും ഇടം ലഭിക്കാത്ത ജനറൽ കോച്ചിലായിരുന്നുവെന്ന് മാത്രം. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ സ്മാരക ശിലയിൽ  സെക്കന്റ് ക്ലാസ് ടിക്കറ്റുമായി വടകരയിൽ വണ്ടിയിറങ്ങിയ യാത്രക്കാരനോട് സ്റ്റേഷൻ മാസ്റ്റർ മീക്കായേലിന് തോന്നുന്ന അതിയായ ആദരവ് പോലെ എ.സി കോച്ചിൽ പോകുന്നവരെ കണ്ണിമവെട്ടാതെ നോക്കിനിന്നിട്ടുണ്ട്. ആ ഞാനാണ് എ.സി കോച്ചിൽ കയറാൻ പോകുന്നത്. കൂട്ടുകാരനിൽ നിന്ന് വായ്പ വാങ്ങിയ ഒന്ന് രണ്ട് ജോഡി പാന്റും ഷർട്ടും  എന്റെ ഒരു സ്റ്റുഡന്റ് ഏറെ അഭിമാനത്തോടെ കൊണ്ട് നടന്നിരുന്ന കാറ്റ് എന്ന ബ്രാന്റ് നെയിമുള്ള ബാ​ഗിൽ കുത്തി നിറച്ച്  ഞാൻ യാത്രക്കിറങ്ങി. ഒറ്റക്കാണ് യാത്ര. യാത്രയുടെ പ്ലാനിം​ഗിന് കൂടെയുണ്ടായിരുന്നവരെല്ലാം പാതി വഴിയിലേ ഇറങ്ങിപ്പോയിരുന്നു. ഡൽഹി കാണണം എന്ന് മനസ്സ് വാശി പിടിച്ചിരുന്നത് കൊണ്ട് യാത്ര തുടരാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഒരു മണിക്കൂർ വൈകിയാണെങ്കിലും താരതമ്യേനെ ചെറിയതും യാത്രക്കാർ കുറഞ്ഞതുമായ പരപ്പനങ്ങാടി സ്റ്റേഷനിൽ എന്റെ സ്വപ്നങ്ങളെയും വഹിച്ച് കുതിച്ചുപായാൻ മം​ഗള- ലക്ഷദ്വീപ് എക്സ്പ്രസ്​ അർധ വിരാമമിട്ടു. ചെറിയൊരു ചൂളം വിളിയോടെ എന്റെ യാത്ര തുടങ്ങി. പുതിയ ലോകങ്ങൾ തേടിയുള്ള എന്റെ യാത്ര തുടങ്ങുകയാണ്. അതിരുകളും അതിർവരമ്പുകളുമില്ലാത്ത സ്വപ്ന ലോകങ്ങളിലേക്ക്.


അലീ​ഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ നടക്കുന്ന സപ്ത ദിന അധ്യാപക പരിശീലന കോഴ്സിൽ പഠിതാവായാണ് പോകുന്നത്. അലീ​ഗഢിലെ കോഴ്സോ അവിടെ നടക്കാനിരിക്കുന്ന ഘന​ഗംഭീര ചർച്ചകളോ മനസ്സിന്റെ ഏഴയലത്ത് പോലുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ച് അത് യാത്രയുടെ ലക്ഷ്യമേ ആയിരുന്നില്ല. പുതിയ മണ്ണും വായുവും സംസ്കാരവും വേഷവുമെല്ലാം കണ്ടനുഭവിക്കണം. ഭൂപടങ്ങളിൽ വായിച്ചു മാത്രം പരിചയുമുള്ള സംസ്ഥാനങ്ങളെല്ലാം ഒരുവട്ടമെങ്കിലും ഒന്ന് കാണണം. നമ്മുടെ ലോകങ്ങൾക്കുമപ്പുറം അതിവിശാലവും വൈവിധ്യവുമാർന്ന ഒരു സമൂഹം ജീവിച്ചിരിപ്പുണ്ടെന്നത് തിരിച്ചറിയണം. യാത്രയുടെ തുടക്കത്തിൽ തന്നെ ഈ വൈവിധ്യങ്ങളെ ഞാനനുഭവിച്ച് തുടങ്ങി.
 തീർത്തും ശോകമൂകമാവേണ്ടിയിരുന്ന എന്റെ യാത്രയിൽ സൗഹൃദത്തിന്റെ ചാറ്റൽ മഴയാണ് അവർ പെയ്തിറങ്ങിയത്. എന്നെ പോലെ വലിയ സ്വപ്നങ്ങളിലേക്ക് വണ്ടി കയറിയ അഞ്ചാറ് ചെറുപ്പക്കാർ. കണ്ടുമടുത്ത കാറ്റും വായുവും വിട്ടെറിഞ്ഞ് അവർ അനന്തമായ സ്വപ്നങ്ങളിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. യൂറോപ്പിന്റെ ഉത്തരദേശങ്ങളിലെവിടെയോ തങ്ങൾ പണിയാനിരിക്കുന്ന സുന്ദര ജീവിതമാണ് അവരുടെ മനസ്സ് നിറയെ, രാജ്യാതിർത്തികൾപ്പുറത്ത് തങ്ങളെ കാത്തിരിക്കുന്ന വസന്തം തേടിയുള്ള തീർഥ യാത്രയിലായിരുന്നു അവർ. അൻവർ, മുബാറക്, മിഷാൽ, സുഹൈൽ, ഹക്കീം, നസ്ൽ, ഇന്നേ വരെ ഒരു നോക്ക് പോലും കണ്ടിട്ടില്ലെങ്കിലും അവരുടെ കൂട്ടത്തിലേക്ക് ഞാനും അറിയാതെ പറ്റിച്ചേർന്നു. ചില സൗഹൃദങ്ങളങ്ങനെയാണ്, നാടും ദേശവും സമയവുമെല്ലാം കാലങ്ങളോളം  അകറ്റി നിർത്തിയാലും അവ കാത്തുകിടക്കുന്നുണ്ടാകും, ഏതെങ്കിലും ഇട വഴിയിൽ വെച്ച് വേർപിരിയാനാകാതെ പിണഞ്ഞുനിൽക്കാൻ. വർഷങ്ങളുടെ പരിചയം സമ്മാനിച്ച സൗഹൃദങ്ങളെക്കാൾ ആഴത്തിൽ അവ ഹൃദയത്തിലേക്ക് വേരുകൾ ആഴ്ത്തിയിറക്കും. പിന്നീടൊരിക്കലും കണ്ടില്ലെങ്കിലും ചില അർധാവസരങ്ങളിൽ സംഭരിച്ച് വെച്ച വെള്ളവും വളവും ഉപയോ​ഗിച്ച് അവ തഴച്ചു തഴച്ചു വളരും.

മുത്വലാഖ് നിരോധനം: സമുദായം പേടിക്കുന്നതെന്ത്?



മുത്വലാഖിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചകളാല്‍ സമ്പന്നമാണ് നമ്മുടെ ദൃശ്യ-ശ്രാവ്യ സാമൂഹ്യ മാധ്യമങ്ങളെല്ലാം. മുത്വലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാറും നിരോധനത്തെ എതിര്‍ത്ത് മുസ്്‌ലിം പേര്‍സനല്‍ ലോബോര്‍ഡും  സുപ്രീംകോടതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മാരത്തോണ്‍ വാദപ്രതിവാദങ്ങള്‍ മുസ്്‌ലിം സമൂഹത്തിനിടയില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്ത ഒരു നിര്‍ബന്ധിത ആരാധനയാണ് ഈ മുത്വലാഖ് എന്ന പ്രതീതിയാണുണ്ടാക്കിവെച്ചിരിക്കുന്നത്. സത്യത്തില്‍ എന്താണ് മുത്വലാഖ് എന്നും എന്തുകൊണ്ടാണ് അതിന്റെ നിരോധനത്തെ എതിര്‍ക്കുന്നത് എന്നുമുള്ള കേന്ദ്രപ്രമേയം ചര്‍ച്ചകളുടെ ഭാഗമേ ആകുന്നില്ല എന്നതാണ് ഏറെ ഖേദകരം.

മുത്വലാഖിനെ വേലികെട്ടി സംരക്ഷിച്ച് നിര്‍ത്തി ആയിരക്കണക്കിന് മുസ്്‌ലിം സ്ത്രീകളെ കണ്ണീര് കുടിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുയാണ് മുസ്്‌ലിം സമൂഹം എന്ന ഏറെ പ്രശ്‌ന ബദ്ധമായ രീതിയിലാണ് വായനകളൊക്കെയും നടക്കുന്നത്. സത്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അനുശാസിക്കുന്ന രീതിയില്‍ ക്ഷമ, ഉപദേശം, സഹശയനം വെടിയല്‍, ഇരുവിഭാഗത്തില്‍ നിന്നുമുള്ള മധ്യസ്ഥശ്രമം തുടങ്ങിയ രീതികളെല്ലാം സ്വീകരിച്ചിട്ടും ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാവാതെ വരുമ്പോള്‍ മുന്നോട്ടുള്ള ജീവിതത്തിന് മോചനം അനിവാര്യമാണ് എന്നത് കൊണ്ട് മാത്രമാണ് ഇസ്്‌ലാം വിവാഹ മോചനത്തെ അനുവദിക്കുന്നത്. അതും തിരിച്ചെടുക്കാന്‍ സാധ്യമായ ഇടവേളകള്‍ക്കിടയില്‍ മൂന്ന് വ്യത്യസ്ത സമയങ്ങളിലായി മാത്രം. എന്നാല്‍ അതിസൂക്ഷമതയോടെ മാത്രം കൈകാര്യം ചെയ്യേണ്ട ത്വലാഖ് എന്ന സംവിധാനത്തെ ദുരുപയോഗം ചെയ്ത ചിലര്‍ സ്ത്രീകളെ മൂന്ന് ത്വലാഖും ചൊല്ലുന്ന രീതിയിലേക്ക് ചില വിവരദോഷികളുടെ പ്രവര്‍ത്തനം മാറിയപ്പോള്‍ സ്ത്രീസമൂഹത്തിന് യാതൊരു വിലയും നല്‍കാതെ അവളെ പുഛിച്ചു തള്ളുന്ന കാടന്‍ സ്വഭാവക്കാരുടെ കൈകളില്‍ തന്നെ അശേഷം ലജ്ജയില്ലാതെ അവരെ തിരിച്ചേല്‍പിക്കാന്‍  തയ്യാറല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇസ്്‌ലാം ചെയ്തത്.

 മൂന്നും ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലെ ബന്ധം മുറിയുമെന്നും അതിനു ശേഷം അവര്‍ ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ ഇസ്്‌ലാമിക ദൃഷ്ട്യാ വന്‍പാപമായ വ്യഭിചാരത്തിന്റെ ഇനത്തില്‍ ഉള്‍പെടും എന്നുമാണ് മുത്വലാഖ് നിരോധനത്തെ എതിര്‍ക്കാനുള്ള ഏക കാരണം. അല്ലാതെ മുത്വലാഖ് മുസ്്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ അനിയന്ത്രിതമായി തുടരണമെന്ന് ആര്‍ക്കും ആഗ്രഹമില്ല. ഏറെ നികൃഷ്ടമായ മുത്വലാഖ് രീതികള്‍ പിന്തുടരുന്നവര്‍ക്ക് അതി കഠിനമായ ശിക്ഷകള്‍ പ്രഖ്യാപിച്ച് അതീവ ലളിതമായി സര്‍ക്കാറിന് തന്നെ തടയാവുന്നതേയുള്ളൂ ഈ സംവിധാനം. ഉമര്‍(റ)അടക്കമുള്ള മുസ്്‌ലിം ഭരണാധികാരികള്‍ തന്നെ ഇത്തരം ശിക്ഷകള്‍ നടപ്പാക്കിയിരുന്നു എന്നതാണ് ചരിത്രം. മുത്വലാഖ് ഇസ്്‌ലാമിക ശരീഅത്തില്‍ നിയമ സാധുതയുള്ള ഒരു സംവിധാനമായി തന്നെ നിലനില്‍ക്കട്ടെ, എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അനുശാസിക്കുന്ന യഥാര്‍ഥ രീതിയില്‍ നിന്ന് മാറി വിവാഹ ബന്ധങ്ങളുടെ പരിശുദ്ധിയെ കളഞ്ഞുകുളിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കി രാജ്യത്ത് തുല്യനീതി സ്ഥാപിക്കാന്‍ ഗവര്‍മെന്റിന് ശ്രമിക്കുകയും ആവാമല്ലോ. മുസ്്‌ലിം സമൂഹത്തിന് അതില്‍ യാതൊരു വിധ ആശങ്കളുമില്ല എന്ന് മാത്രമല്ല അത് പൂര്‍ണാര്‍ഥത്തില്‍ സ്വാഗതാര്‍ഹമാണ് താനും.

കേള്‍വിപ്പുറത്തുണ്ട് എന്റെ തിരുനബിയുടെ വാക്കുകള്‍



ആട്ടുതൊട്ടിലില്‍ നിന്നേ തുടങ്ങുന്നുണ്ട് തിരുജീവിതത്തെ ഹൃദയത്തിലാവാഹിക്കാനുള്ള വിശ്വാസിഹൃദയങ്ങളുടെ വ്യഗ്രതകള്‍. കേള്‍വിയുറക്കും മുമ്പേ കര്‍ണപുടങ്ങളില്‍ അലയടിക്കുന്ന  നൂറ് മൂഹമ്മദ് സ്വലല്ലയെ കാണാന്‍ തൊട്ടിലില്‍ കിടന്ന് കൈകൈലിട്ടടിക്കുന്ന കുഞ്ഞുജീവിതം തിരുനബിയുടെ വര്‍ണവിശേഷങ്ങള്‍ കേട്ടാണ് വളര്‍ന്നുതുടങ്ങുന്നത്. ഇളം ചുണ്ടുകളില്‍ അക്ഷരപ്പെയ്ത്ത് തുടങ്ങുമ്പോഴേ ഓരോ കുഞ്ഞും മൂളിപ്പാട്ടുകള്‍ പാടി നബിയെ ഉള്ളിലാവാഹിക്കുന്നുണ്ട്. ' നമ്മുടെ നബിയുടെ പേരെന്ത്? മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ'് എന്ന് ആവേശത്തോടെ പാടുമ്പോഴും നബിയുടെ ജനനം മക്കത്ത്, മരണപ്പെട്ടു മദീനത്ത്' എന്ന് ഈണത്തില്‍ ചൊല്ലുമ്പോഴും തിരുമേനിയെ കാണാന്‍ വല്ലാതെ കൊതിക്കുന്നുണ്ട് ഓരോ പിഞ്ചിളം ബാല്യങ്ങളും.
കാടിനോടും മരങ്ങളോടും പൂതുമ്പികളോടും ഇളം തന്നലുകളോടും കിന്നാരം പറയുന്ന പ്രായത്തില്‍ കുഞ്ഞുകുട്ടികള്‍ അവയോട് ചോദിക്കാറുണ്ട് മദീനായിലെ മുത്ത് നബിയെക്കുറിച്ച്. മുത്ത് നബിയുടെ വിശേഷങ്ങളെക്കുറിച്ച്. ഹൃദയത്തിന്റെ ഉള്ളറകളില്‍ കിടന്ന് നബിയോടുള്ള പ്രണയം അതിതീവ്രമായി രൂപപ്പെടുന്ന കാലത്താണ് തിരുനബി കാലങ്ങള്‍ക്കു മുമ്പേ കടന്ന് പോയതിനെക്കുറിച്ച് അവര്‍ ബോധവാന്മാരാകുന്നത്.
അബൂബക്കറിനോടും ഉമറിനോടുമൊക്കെ വല്ലാത്ത അസൂയ തോന്നുന്നുണ്ട്. മുത്ത് റസൂലിന്റെ വാക്കുകള്‍ അവരോളം കേട്ട, ആ തേന്‍ചുണ്ടില്‍ നിന്ന് ഉറ്റിവീഴുന്ന മധുകണങ്ങള്‍ അവരോളം നുകര്‍ന്ന മറ്റാരാണ് ലോകത്തുള്ളത്, ആ വിജ്ഞാന സാഗരത്തില്‍ മതിവരുവോളം നീരാടാന്‍ മറ്റാര്‍ക്കാണ് സാധിച്ചത്. തിരുജീവിതം അനുഭവിക്കാനാവാതെ പോയതിന്റെ, ആ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ കഴിയാത്തതിന്റെ നീറുന്ന മുറിവുകള്‍ക്കിടയില്‍ തീരാത്ത വേദനയുടെ മുളക് പുരട്ടുന്നുണ്ട് കവി കാനേഷ് പൂനൂരിന്റെ വാക്കുകള്‍:
 പതിനാല് നൂറ്റാണ്ട് പിമ്പെന്തിനീ/പാരില്‍ ഞാന്‍ പാപി പിറന്നു വീണു...
പുണ്യ റസൂലിന്റെ പദ പങ്കജം/പതിയാത്ത മണ്ണില്‍ പിറന്നു വീണു...
ഒരു മണല്‍ തരിയായി മക്കാ തന്നില്‍/അന്ന് കഴിഞ്ഞെങ്കിലെത്ര ഭേദം
ആ കര സ്പര്‍ശത്തിന്‍ ജന്മങ്ങള്‍ തന്‍/സായൂജ്യം നൊട്ടി നുണഞ്ഞേനേ ഞാന്‍...
മുത്ത് നബി വീട്ട് മുറ്റത്തൊരു/മുന്തിരി വള്ളി പടര്‍പ്പായെങ്കില്‍
നിത്യവും ആ ദേഹം മുത്തും തെന്നല്‍/എന്നെയും തഴുകി തണുപ്പിച്ചേനേ...
ഒട്ടേറെ ദൂരം നടക്കാനൊക്കും/ഒട്ടകമായി പിറന്നുവെങ്കില്‍താമര തോല്‍ക്കുന്ന ത്വാഹാ തന്റെ/ തളിര്‍മേനി തോളില്‍ വഹിച്ചേനെ ഞാന്‍...
ഭാരം ചുമന്ന് തളര്‍ന്നേനെ ഞാന്‍/ബദറില്‍ ശരങ്ങള്‍ തടുത്തേനെ ഞാന്‍
 
എന്നാലും തിരുനബി നമ്മെ നിരാശരാക്കിയിട്ടില്ല. റഫീഖുല്‍ അഅ്‌ലായിലേക്ക് യാത്ര തിരിക്കുമ്പോള്‍ തിരുനബി മറന്നിരുന്നില്ല തന്റെ ജീവിതാടയാളങ്ങള്‍ തേടി ഉരുകിയൊലിക്കുന്നവര്‍ക്ക് ചില അടയാളങ്ങള്‍ ബാക്കിവെക്കാന്‍. 'വിശുദ്ധ ഖുര്‍ആനും എന്റെ ജീവിതവുമിതാ ഒരു വിളക്കുമാടം പോലെ നിങ്ങള്‍ക്ക് വെളിച്ചം പകരാന്‍ ഞാന്‍ ബാക്കിവെക്കുന്നു' എന്ന് തിരുവചനം(ഹാകിം, മുസ്തദ്‌റക്).
 തിരുനബി ബാക്കിവെച്ച ആ മൊഴിമുത്തുകള്‍ തേടി എത്ര കാതങ്ങളാണ് പണ്ഡിതര്‍ നടന്നുതീര്‍ത്തത്. എത്ര കറുത്തിരുണ്ട രാത്രികള്‍ക്കാണ് അവര്‍ മെഴുകിതിരിവെട്ടത്തില്‍ ജീവന്‍ പകര്‍ന്നത്. തിരുനബിയെ പോലെ തന്നെ ആ വാക്കുകള്‍ക്കും അവര്‍ പവിത്രത നല്‍കി. അതിന് വേണ്ടി അവര്‍ ജീവിതം തന്നെ ഉരുകിത്തീര്‍ത്തു. എണ്ണിയാലൊടുങ്ങാത്ത ആ പണ്ഡിത നിര വിവിധ കാലഘട്ടങ്ങളില്‍ ഹദീസ് വിജ്ഞാനത്തിന്റെ മാസ്മരിക പ്രഭ ചക്രവാള സീമകളില്‍ വിതറി
ഇബ്‌നു ശിഹാബ് സുഹ്്‌രി, സഈദ് ബിന്‍ മുസയ്യിബ്(വഫ. ഹി 91) അയ്യൂബുസ്സഖ്തിയാനി(വഫ. ഹി 131) ഇമാം അബൂഹനീഫ(വഫ. ഹി150) മഅ്മര്‍ ബിന്‍ ്‌റാഷിദ് അല്‍ അസ്ദി(വഫ. ഹി 154), ശുഅ്ബത്ത് ബിന്‍ ഹജ്ജാജ്(വഫ. ഹി160), സുഫ്യാനുസ്സൗരി(വഫ. ഹി 161), ഹമ്മാദ് ബിന്‍ സലമ(വഫ. ഹി,167),മാലിക് ബിന്‍ അനസ്(വഫാത്ത്, ഹി.179), ഹമ്മാദ് ബിന്‍ സൈദ്(വഫാത്ത്, ഹി.197) അബ്ദുല്ലാഹ് ബിന്‍ മുബാറക്(വഫാത്ത്, ഹി.181) വഖീഅ് ബിന്‍ അല്‍ ജറാഹ്(വഫാത്ത്, ഹി.197), അബ്ദുറഹ്മാന്‍ അല്‍ മഹ്ദി(വഫാത്ത്, ഹി.198), സുഫ്യാന്‍ ബിന്‍ ഉയയ്‌ന(വഫാത്ത്, ഹി.198) യഹ്യ ബിന്‍ ഖത്താന്‍(വഫാത്ത്, ഹി.198) ഇമാം ശാഫിഈ(വഫാത്ത്, ഹി.204), അബൂദാവൂദുഥയാലിസി(വഫാത്ത്, ഹി.204) യസീദ് ബിന്‍ ഹാറൂന്‍(വഫാത്ത്, ഹി.206), മുഹമ്മദ് ബിന്‍ അംറ് ബിന്‍ അല്‍ വാഖിദി(വഫാത്ത്, ഹി.207), അബ്ദുറസാഖ് ബിന്‍ ഹുമാം ബിന്‍ നാഫിഅ്(വഫാത്ത്, ഹി.211) സുലൈമാന്‍ ബിന്‍ ഹര്‍ബ്(വഫാത്ത്, ഹി.224) അബൂബക്കര്‍ ബിന്‍ അബീശൈബ(വഫാത്ത്, ഹി.235) ഇസ്ഹാഖ് ബിന്‍ റാഹവൈഹി(വഫാത്ത്, ഹി.238) ഖുതൈബത്ത് ബിന്‍ സഈദ്(വഫാത്ത്, ഹി.240) ഇമാം അഹ്മദ്(വഫാത്ത്, ഹി.241) അബ്ദുല്ലാഹ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഫള്ല്‍(ദാരിമി,വഫാത്ത്, ഹി.255) ഇമാം ബുഖാരി(വഫാത്ത്, ഹി.256) ഇമാം മുസ്ലിം(വഫാത്ത്, ഹി.261) ഇബ്‌നു മാജഹ്(വഫാത്ത്, ഹി.273) അബൂദാവൂദ്(വഫാത്ത്, ഹി.275), ഇബ്‌നു ഖുതൈബ(വഫാത്ത്, ഹി.276), ഇമാം തുര്‍മിദി(വഫാത്ത്, ഹി.279) ഇമാം നസാഇ(വഫാത്ത്, ഹി.303) ഹാകിം(വഫാത്ത്, ഹി.405) ഇമാം നവവി(വഫാത്ത്, ഹി.676) അബൂല്‍ ഹസന്‍ ദാറഖുത്‌നി(വഫാത്ത്, ഹി.385) ഇബ്‌നു ദഖീഖ് അല്‍ ഈദ്(വഫാത്ത്, ഹി.702)മുഹമ്മദ് സര്‍കശി(വഫ. ഹി.772) അനന്തമായ ഒരു നേര്‍രേഖ പോലെ നീണ്ടുകിടക്കുന്ന ആ പണ്ഡിത നിരയിലെ പ്രമുഖരെ പോലും വരഞ്ഞുതീര്‍ക്കാനാവാതെ തളര്‍ന്നുപോകുന്നു കൈവിരലുകള്‍.

തിരുനബിയെ അനുഭവിക്കാനാവത്തതിന്റെ, ഒരിക്കല്‍ പോലും ആ വാക്കുകള്‍ കേള്‍ക്കാന്‍ കഴിയാത്തതിന്റെ വേദനകള്‍ തീര്‍ക്കുകയാണ് ഓരോ വിശ്വാസിയും ഹദീസുകളിലൂടെ. എന്നാലും അതൊരാശ്വാസമാണ്. അനുഭവിക്കാനാവത്ത ജീവിതത്തിന്റെ സര്‍വ വര്‍ണങ്ങളും രേഖപ്പെടുത്തപ്പെട്ട ലോകത്തെ ഒരേയൊരാള്‍. കണ്ടിട്ടില്ലെങ്കിലും എനിക്കന്റെ റസൂലിന്റെ മുഖം സ്വപ്നം കാണാനാവുന്ന വിധം രേഖപ്പെടുത്തിയിരിക്കുന്നു മഹാന്മാരായ പണ്ഡിത വര്യര്‍. ശമാഇലുകളുടെ ലോകം സമ്മാനിക്കുന്ന തിരുദൂതരുടെ ശാരീരികസ്വഭാവ വര്‍ണനകള്‍, വിശാലമായി പരന്നുകിടക്കുന്ന ഹദീസ് കിതാബുകളുടെ പേജുകളില്‍ നിന്ന് ആവേശത്തോടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന നബി തങ്ങളുടെ പ്രചോദനകളും ആശ്വാസങ്ങളും ശാസനകളും സ്‌നേഹപ്രകടനങ്ങളും, ആറാം നൂറ്റാണ്ടിലെ കലങ്ങിമറിഞ്ഞ അന്തരീക്ഷത്തില്‍ തേന്‍കണങ്ങള്‍ ചൊരിഞ്ഞ് പുഞ്ചിരി തൂകി നില്‍ക്കുന്ന തിരുദൂതരുടെ സമക്ഷത്തിലിരിക്കുന്ന അതേ ഭാവനയാണ് ഓരോ ഹദീസുകളും വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. ആശ്വാസം തോന്നുന്നു, ഇപ്പോഴും എന്റെ തിരുനബി എന്നോട് സംസാരിക്കുന്നുണ്ടല്ലോ...പതിനാല് നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് ജീവിച്ച ദൗര്‍ഭാഗ്യവാനായിട്ടും ഒരു പിടി വാക്കുകള്‍ എനിക്കായി എന്റെ തിരുനബി ബാക്കിവെച്ചല്ലോ...





സി.എം വധക്കേസ്, ഉത്തരം തേടുന്ന പത്ത് ചോദ്യങ്ങള്‍




കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക -വിദ്യാഭ്യാസ നവോഥാന രംഗത്ത് നിറഞ്ഞുനിന്നിരുന്ന ചെമ്പരിക്ക ഖാദി സി.എം അബ്്ദുല്ല മുസ്്‌ലിയാര്‍ ദുരൂഹ സാഹചര്യത്തില്‍ അല്ലാഹുവിന്റെ സാന്നിധ്യത്തിലേക്ക് നടന്നടുന്നിട്ടിപ്പോള്‍ ഏഴു വര്‍ഷം കഴിഞ്ഞു. ഒരു നേതാവ് എന്നതിലപ്പുറം ഒരു മനുഷ്യ ജീവന് പോലും ലഭിക്കേണ്ട അര്‍ഹമായ പരിഗണന ലഭിക്കാതെ രാഷ്ട്രീയ നാടകള്‍ക്കിടയില്‍ ഉസ്്താദിന്റെ വധക്കേസിന് തുമ്പില്ലാതാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ തീര്‍ച്ചയായും ഉത്തരം തേടുന്നുണ്ട്...
1. ഉസ്്താദിന്റെ മയ്യിത്ത് കടലില്‍ കണ്ടു എന്നറിഞ്ഞ നിമിഷം മുതല്‍ തന്നെ പേലീസ് നടത്തിയ ഒളിച്ചു കളി എന്തിനായിരുന്നു. സുപ്രധാന തെളിവുകളായ വടി, ടോര്‍ച്ച്, ഉസ്്താദിന്റെ ചെരിപ്പുകള്‍ തുടങ്ങിയവയുടെ ഫിംഗര്‍ പ്രിന്റു എടുക്കാന്‍ എന്തു കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല?
2. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് 82 ലധികം നായകളെ വളര്‍ത്തുന്ന കേരള പോലീസ് എന്തുകൊണ്ട് ഒരു നായയെ പോലും ഈ അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഉപയോഗപ്പെടുത്തിയില്ല?
3. മൊഴികളെല്ലാം തന്നെ ഉസ്്താദിന്റെ റൂമിന്റെ പൂട്ടിനെക്കുറിച്ചുള്ള നിഗൂഢതകളിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ എന്തുകൊണ്ട് അത് വെച്ച് ഒരു ഊര്‍ജ്ജിത അന്വേഷണം പോലും നടന്നില്ല?
4. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും പുറത്തുവരുന്നതിന് മുമ്പ് തന്നെ ഖസീദത്തുല്‍ ബുര്‍ദയുടെ പരിഭാഷ കാണിച്ച്് ആത്മഹത്യാ കുറിപ്പ് ലഭിച്ചെന്ന് ഡി.വൈ.എസ്.പി കൊട്ടിഘോഷിച്ചത് എന്തിനായിരുന്നു?



5. ഉസ്താദ് മരിച്ച രാത്രി കടപ്പുറത്ത് ഒരു വെള്ള കാര്‍ വന്ന് നിര്‍ത്തുന്നതും അര്‍ധ രാത്രി പ്രാണരക്ഷാര്‍ഥമുള്ള നിലവിളി കേട്ടെന്നുമുള്ള സാക്ഷി മൊഴികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു?
6. അര്‍ധ രാത്രി പോലും പൂഴി വാരിയിരുന്ന ചെമ്പരിക്ക കടപ്പുറത്ത് നിന്ന് പോലീസ് ചെക്കിംഗ് ഉണ്ടെന്ന കിംവദന്തി പരത്തി അന്ന് രാത്രി ആളുകളെ അകറ്റി നിര്‍ത്തിയത് ആരായിരുന്നു?
7. പ്രതികള്‍ ഏകദേശം പിടിയിലായെന്നുറപ്പായ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ആരുടെ താല്‍പര്യപ്രകാരമായിരുന്നു?
8. സി.എം ഉസ്താദ്് വധക്കേസിന്റെ പ്രാഥമിക തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന് ആരോപിക്കപ്പെടുന്ന ഡി.വൈ.എസ്.പി ഹബീബ് റഹ്്മാന് ഉദ്യോഗകയറ്റം നല്‍കി ആദരിക്കാനും രാഷ്ട്രീയ സംഘടനയില്‍ അംഗത്വം നല്‍കാനും(ശക്തമായ പൊതുജന പ്രതിഷേധങ്ങള്‍ക്കിടയിലും)ശ്രമിച്ചത് എന്തിന് വേണ്ടിയായിരുന്നു?
9. സി.എം വധക്കേസില്‍ കുറ്റകരമായ അനനാസ്ഥ തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ സംഘടനക്ക് വോട്ട് ചെയ്യരുതെന്ന ത്വാഖാ ഉസ്്താദിന്റെ പ്രഖ്യാപനത്തിന് ശേഷം അന്വേഷണത്തില്‍ കക്ഷിചേരാമെന്ന് പറഞ്ഞ് മയക്കിയ മുന്‍ മുഖ്യന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് പിന്നീട് എ്ന്തു സംഭവിച്ചു?
10. ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും കലക്ട്രേറ്റ് മുതല്‍ സെക്രട്ടറിയേറ്റ് വരെ സ്തംഭിക്കുന്ന കേരത്തിലെ മുഖ്യധാരാ മത-രാഷ്ട്രീയ സംഘടനകള്‍ തങ്ങളുടെ പ്രമുഖ നേതാവിന്റെ വിയോഗാനന്തരം ഏഴു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന വ്യാപകമായി ഒരു പ്രതിഷേധ സംഗമത്തിന് പോലും നേതൃത്വം നല്‍കാത്തത് ആരെ ഭയന്നാണ്?
 ഒരു സമൂഹത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി സ്വയം ഉരുകിയൊലിച്ച ഒരു പണ്ഡിതന്‍ ക്രൂരമായി വധിക്കപ്പെട്ട് ഏഴാണ്ട് കഴിഞ്ഞിട്ടും സത്യസന്ധമായ ഒരന്വേഷണം പോലും കേസില്‍ നടക്കാനാനുവദിക്കാതെ രാഷ്ട്രീയം കളിക്കുന്നവരുടെ ഗൂഢശ്രമങ്ങള്‍ പകല്‍വെളിച്ചം പോലും പുറത്ത് വരുന്ന കാലത്തിന് വേണ്ടി കാത്തിരിക്കുക, അല്ലാഹുവിന്റെ ദീനിന് വേണ്ടിയായിരുന്നു ആ പച്ചമനുഷ്യന്‍ തന്റെ ശ്വാസനിശ്വാസങ്ങള്‍ ചിലവഴിച്ചത് എങ്കില്‍ അദ്ദേഹത്തിന്റെ ഘാതകര്‍ അഴിയെണ്ണാന്‍ ഇനി കൂടുതല്‍ കാലമെടുക്കില്ല..തീര്‍ച്ച...

നഷ്ട സൗഹൃദത്തിന്റെ പത്താണ്ട് തികയുമ്പോള്‍.




നിറ കണ്ണുകളോടെ അന്ന് കിഴിശേരിയിലെ ജി.എല്‍.പിയിലേക്ക് കയറി വന്ന നൂറോളം കുരുന്നുകള്‍. അപരിചിത്വത്തിന്റെ വലിയ മതില്‍കെട്ടുകള്‍ക്കിടയില്‍ വാക്കുകള്‍ കിട്ടാതെ അവരങ്ങനെ മുഖം നോക്കി നിന്നു. മുകത നിറഞ്ഞു നിന്ന അന്തരീക്ഷം. ആര്‍ക്കും ഒന്നും പറയാനാവാത്ത പേടിപ്പെടുത്തുന്ന നിശബ്ദത. നേര്‍ത്ത തേങ്ങലുകളുടെയും വല്ലപ്പോഴും പരിധി വിട്ടുയരുന്ന പൊട്ടിക്കരച്ചിലിന്റെയും ശബ്്ദമല്ലാതെ ആ നിശബ്ദതക്ക് ഭംഗം വരുത്തുന്ന ആരവങ്ങളൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി നില്‍ക്കുന്ന കുട്ടികള്‍.
 ആര്‍ക്കും ഒന്നും പറയാനില്ലാത്ത ആ തേങ്ങിക്കരച്ചിലുകള്‍ക്കിടയിലേക്കാണ് ചുണ്ടില്‍ ഒരു പാല്‍പുഞ്ചിരി വിടര്‍ത്തി "അയ്യേ വല്യ കുട്ട്യോളൊക്കെ ഇങ്ങനെ കര്യോന്ന് '' ചോദിച്ച് ശോഭ ടീചര്‍ കടന്നുവന്നത്. ഉപ്പയും ഉമ്മയും കൂട്ടിനില്ലാത്തതിന്റെ വേദന കരഞ്ഞുതീര്‍ക്കുന്ന കുസൃതിക്കരുന്നുകള്‍ക്കിടയില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ശോഭ ടീച്ചര്‍ സൗഹൃദത്തിന്റെ മായിക ലോകം പണിതു.. അപരിചത്വത്തിന്റെ മതില്‍കെട്ടുകള്‍ തകര്‍ത്ത് അതോടെ ക്ലാസില്‍ ആളനക്കങ്ങളും കുസൃതിച്ചിരികളും ഉയര്‍ന്നുപൊങ്ങി...ജാതി മത വര്‍ണ വര്‍ഗങ്ങള്‍ക്കതീതമായി അവര്‍ക്കിടയില്‍ സൗഹൃദത്തിന്റെ മാരി വില്ലുകള്‍ സപ്്ത നിറങ്ങളില്‍ തിളങ്ങി നിന്നു...
ജി.എല്‍.പി സ്‌കൂളിനെക്കുറിച്ചോര്‍ക്കുമ്പോഴല്ലാം ഹൃദയത്തിലേക്ക് ഓടിയെത്തുന്നത് ജീവിതത്തില്‍ ഇനിയൊരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം വേര്‍പ്പെട്ടു കഴിഞ്ഞ നിഷ്‌കളങ്കമായ ആ ചങ്ങാതിക്കൂട്ടങ്ങളാണ്. ഒരിക്കലും തകര്‍ന്നടിയില്ലെന്ന് സ്വപ്്‌നം കണ്ടിരുന്ന, ഉറച്ച് വിശ്വസിച്ചിരുന്ന ആത്മ സുഹൃത്തുക്കള്‍ പത്ത് വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും കാണാനോ സംസാരിക്കാനോ പിടി തരാതെ അകലങ്ങളില്‍ ജീവിക്കുമ്പോള്‍ നഷ്ട സൗഹൃദത്തിന്റെ വേദന നിറഞ്ഞ പത്താമാണ്ടിനെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍..
 ശുഐബ്, ആരിഫ്(ജാതി) ജിത്തു, ജിതിന്‍, മുനവ്വര്‍, ബാസിം, വൈഷ്ണവ്, ബാസിത്ത്, അരുണ്‍......... ഒന്നാം ക്ലാസില്‍ നിന്നു തന്നെ സൗഹൃദത്തിന്റെ ആ വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നു പന്തലിച്ചു തുടങ്ങിയിരുന്നു..പഠനത്തിലും കലാ മല്‍സരങ്ങളിലും കായിക ഇനങ്ങളിലുമെല്ലാം അടര്‍ത്തി മാറ്റാനാവാത്ത വിധം അവര്‍ സ്‌കൂള്‍ വരാന്തകളില്‍ നിറഞ്ഞു നിന്നു..കലഹിച്ചും കളി പറഞ്ഞും ചിരിച്ചും കളിച്ചും കൂടെ കരഞ്ഞുമെല്ലാം ബാല്യ കാലത്തിന് അവര്‍ നിറം പകര്‍ന്നു...കാലാന്തരങ്ങള്‍ക്കിടയില്‍ ആ കണ്ണിയിലേക്ക് പിന്നെയും പലരും കടന്നുവന്നു...അനസ്, ഫായിസ്, ബബ്്‌ലു, ഇര്‍ഷാദ്, വലീദ്, അമീന്‍, സുധീഷ്, അന്‍ഷാദ് റാഷിദ്...പേര് പോലും മറന്നു തുടങ്ങിയ ഒരുപാടാളുകള്‍...പിസ്‌ക്ക മത്തായി എന്ന് കുട്ടികള്‍ സ്‌നേഹത്തോടെ  വിളിക്കുന്ന മത്തായിക്കാക്കയുടെ പീടികയിലെ ഉപ്പിലിട്ടത് ആസ്വദിച്ച് കഴിച്ചും മന്‍സൂറാക്കയുടെ അമ്പത് പൈസയുടെ നറുക്കില്‍ ലഭിക്കുന്ന ഒരു രൂപയുടെ അച്ചാറിന് പ്രതീക്ഷകളോടെ കാത്തിരുന്നും ഒരു രൂപയുടെ സിപ്പ് അപ്പ് വാങ്ങി അഞ്ചാറാളുകള്‍ പങ്കിട്ട് കഴിച്ചും ജീവിതത്തിന് ഹരം പകര്‍ന്നവര്‍. വീട്ടില്‍ നിന്ന് പൊതിഞ്ഞു നല്‍കുന്ന ഭക്ഷണപ്പൊതിയിലെ ഉപ്പേരികള്‍ വട്ടത്തിലിരുന്ന് പരസ്പരം പങ്ക് വെച്ചു കഴിച്ചിരുന്ന ആഘോഷ നാളുകള്‍..എല്ലാ സ്മൃതി പഥങ്ങളില്‍ മാത്രം അവശേഷിക്കുന്ന നൊമ്പരങ്ങളായി മാറിയതിന്റെ പത്താണ്ട് തികയുകയാണിന്ന്...
 വിലക്കുകളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് മിണ്ടിത്തുടങ്ങി,നിരന്തര കലഹങ്ങളിലൂടെ ക്ലാസുകളെ ആഘോഷ മയങ്ങളാക്കി നിര്‍ത്തിയിരുന്ന പെണ്‍കുട്ടികള്‍..സുമയ്യ ബാനു, തസ്്‌നി,ഷക്കീല,സാഹിറ,മുഹ്്‌സിന, ഫസ്്‌ന, ആര്യ...ഇനിയൊരിക്കലും കാണാന്‍ പോലുമാകാതെ, പുതിയ ജീവിതത്തിന്റെ ആഹ്ലാദ രസങ്ങളില്‍ മുഴുകി വലിയ വലിയ സ്വപ്്‌നങ്ങള്‍ കണ്ടിരിക്കുന്നുണ്ടാവും അവരൊക്കെ...ജീവിതമെന്ന വിശാലമെന്ന് നാം കരുതുന്ന യാത്രയിലെ ഏതൊക്കെയോ ഇടവഴികളില്‍ വെച്ച് നാം പരിചയപ്പെടുന്ന പല മുഖങ്ങള്‍.. ഇനിയൊരിക്കലും കണ്ടുമുട്ടുമെന്ന നേരിയ പ്രതീക്ഷകള്‍ പോലുമില്ലെങ്കിലും നാം വീണ്ടും വീണ്ടും ആഗ്രഹിക്കും, അവരയൊക്കെ ഒന്ന് കൂടെ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന്...
ഇനിയൊരിക്കല്‍ കണ്ടാല്‍ തിരിച്ചറിയുമോ എന്ന് പോലും പറയാനാകില്ലെങ്കിലും പത്ത് വയസ്സ് മാത്രമുള്ള നിഷ്‌കളങ്ക ബാല്യങ്ങളായി ഇപ്പോഴും അവര്‍ കണ്‍മുന്നില്‍ ചിരിച്ചു നില്‍ക്കുന്നുണ്ട്..അഞ്ച് വര്‍ഷത്തെ സ്‌കൂള്‍ പഠനം പാതി വഴിയിലുപേക്ഷിച്ച് ചെമ്മാട്ടേക്ക് വണ്ടി കയറിയപ്പോള്‍ കണ്ണീരൊഴുക്കി വിട നല്‍കിയ സ്വര്‍ഗ സമാനമായൊരു സൗഹൃദക്കൂട്ടം.. ബന്ധപ്പെടാന്‍ മാര്‍ഗങ്ങള്‍ പോലുമില്ലാതെ കാഴ്ചകള്‍ക്കപ്പുറത്ത് എവിടയൊക്കെയോ ്അവരൊക്കെയും പരന്ന് കിടക്കുമ്പോഴും 'എന്നെങ്കിലു'മെന്ന വലിയ പ്രതീക്ഷയില്‍ കണ്ണു നട്ട് ഞാന്‍ കാത്തിരിക്കുന്നു...ഒരുനാള്‍ അവരെയെല്ലാവരെയും ഒരിക്കല്‍ കൂടി കാണാനാവുമെന്ന ഉറച്ച വിശ്വാസത്തോടെ.....

കൂടൊരുങ്ങും മുമ്പേ ആ കിളി പറന്നകന്നു...


ശൈഖുനാ ഉസ്താദ് വിട പറഞ്ഞിട്ടിപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞു..ഉസ്താദില്ലാത്ത ദാറുല്‍ ഹുദായുടെ ഒരു പുതുവര്‍ഷത്തിന്  ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നു...വിജ്ഞാനത്തിന്റെ ആഴക്കഴങ്ങളിലേക്ക് ഊളിയിട്ട് വിവിധ മേഖലകളില്‍ ആഴത്തിലുള്ള അവഗാഹം നേടി, ജീവിതം കൊണ്ട് സമൂഹത്തിന് മാതൃക തീര്‍ത്ത ശൈഖുനായുടെ ഓര്‍മകളിലായിരുന്നു ഈ റമദാന്‍ മുഴുവന്‍...ഇരുപത്തിരണ്ടാം വയസ്സില്‍ കോടങ്ങാട്ട് ഉസ്താദിന്റെ അടുക്കല്‍ ദര്‍സില്‍ ഓതിയവര്‍ മുതല്‍ ദാറുല്‍ഹുദായിലെ ഉസ്താദിന്റെ അവസാനത്തെ സബ്്ഖില്‍ ഇരുന്നവര്‍ വരെയുള്ള നീണ്ട അമ്പത് വര്‍ഷത്തെ പരിചയങ്ങള്‍ക്കിടയില്‍ നിന്ന് ശൈഖുനായെക്കുറിച്ചുള്ള ഓര്‍മകള്‍ മുങ്ങിത്തപ്പിയെടുക്കാന്‍ ഈ കുറിപ്പുകാരനും നിയോഗിക്കപ്പെട്ടിരുന്നു... വിശുദ്ധ റമദാനിനു മുമ്പ് തുടങ്ങിയ ഈ നിയോഗത്തിനിന്ന്  ഒരു മാസം തികയുമ്പോള്‍ വല്ലാത്ത വേദന തോന്നുന്നു..ഒന്നും വേണ്ടായിരുന്നു എന്ന് മനസ്സ് മന്ത്രിക്കുന്നു...പത്ത് വര്‍ഷക്കാലം നമ്മള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ശൈഖുനായുടെ ശിഷ്യത്വം ഒരു വിളിപ്പാടകലെ വെച്ച് നഷ്ടപ്പെട്ടതിന്റെ വേദന ഇപ്പോള്‍ ഓരോ ദിവസം കഴിയും തോറും ഹൃദയാന്തരങ്ങളിലെ മുറിവുകളില്‍ വീണ്ടും വീണ്ടും മുളക് പുരട്ടി വേദനിപ്പിക്കുകയാണ്...
 ഉപ്പയുടെ കൈവിരലുകളില്‍ വിരല്‍ കോര്‍ത്ത് ദാറുല്‍ ഹുദാ എന്ന വിശ്വകലാലയത്തിന്റെ അങ്കണത്തില്‍ കാല് കുത്തിയ നിമിഷം മുതല്‍ ശൈഖുനായെക്കുറിച്ച് കേട്ടു തുടങ്ങി. ഇമാം നവവി(റ)യുടെ മത്്‌നുല്‍ അര്‍ബഈനിലെ ഇന്നമല്‍ അഅ്്മാലു ബിന്നിയ്യാത്ത്..എന്ന ഹദീസ് ഓതിത്തന്ന് ദാറുല്‍ ഹുദായിലെ വിദ്യാര്‍ഥികളായി ഞങ്ങളെ ശൈഖുനാ അംഗീകരിച്ച അന്ന് മുതല്‍ ദിവസങ്ങള്‍ എണ്ണിത്തുടങ്ങിയതാണ്...ഓരോ വര്‍ഷവും പുതിയ ബാച്ചുകള്‍ വരുമ്പോള്‍ ഞങ്ങള്‍ കണക്കുക്കൂട്ടി..ശൈഖുനായുടെ ക്ലാസ് ലഭിക്കാന്‍ ഇനി ഒമ്പത് വര്‍ഷം കൂടി, എട്ട്, ഏഴ്, ആറ്, അഞ്ച്, നാല്, മൂന്ന്, രണ്ട്..കാലാന്തരങ്ങള്‍ക്കിടയില്‍ ആ അകലം അങ്ങനെ കുറഞ്ഞുകൊണ്ടിരുന്നു..കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഏറെ സന്തോഷിച്ചു.. ഇന്‍ശാ അല്ലാഹ് അടുത്ത വര്‍ഷം നമുക്കും ശൈഖുനായുടെ ക്ലാസുണ്ടാകും...
 ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് കരുതിയ ആ നിര്‍ണായക നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിക്കാന്‍ എന്തോ വിധിയുണ്ടായിരുന്നില്ല....ജീവിത കാലത്ത് താന്‍ സ്വരുക്കൂട്ടിയ അറിവിന്റെ ഭണ്ഡാഗരം ഞങ്ങളെ കാണിച്ച് കൊതിപ്പിച്ച് കൊതിപ്പിച്ച് കൊതിമൂത്ത് വായില്‍ വെള്ളമൂറിനില്‍ക്കുമ്പോള്‍ ഞങ്ങളോട് ഒരു വാക്കു പോലും പറയാതെ ശൈഖുനാ യാത്രയായി...
 മറവിയെന്ന വലിയ അനുഗ്രഹത്തിനു മുന്നില്‍ ആ വേദന ഉണങ്ങിപ്പോകുമെന്ന് കരുതിയതായിരുന്നു...പക്ഷേ,,ഈ ഒരു മാസം ആ ഓര്‍മകള്‍ വീണ്ടും വീണ്ടും കേട്ടപ്പോള്‍ പറയുന്നവരോടൊക്കെ വല്ലാത്ത അസൂയ തോന്നി...രണ്ടു വിരലും ചെവിയില്‍ തിരുകി ഒന്നും കേള്‍ക്കാതിരുന്നാലോ എന്ന് തോന്നി...കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ശൈഖുനായെ ആവോളം ആസ്വദിച്ചവര്‍..ശൈഖുനായുടെ അവസാന ശിഷ്യന്മാര്‍..ഞാന്‍ മാത്രം ഒരിക്കലും ആ സാന്നിധ്യത്തെ ആഴത്തില്‍ അനുഭവിക്കാനാവാത്ത ഹതഭാഗ്യന്‍....
 നമുക്കനുഭവിക്കാനാവാത്ത സൗഭാഗ്യത്തിന്റെ മഹത്വം വല്ലാതെ കേള്‍ക്കുമ്പോഴുണ്ടാകുന്ന തലവേദന എന്നെയും ബാധിച്ചപ്പോഴാണ് നമുക്ക് ഇനി യാത്രകള്‍ അവസാനിപ്പിച്ച് എഴുതിത്തുടങ്ങാമെന്ന് മറ്റുള്ളവരോട് പറഞ്ഞ് തല്‍ക്കാലത്തിന് ഒന്ന് മനഃശാന്തി കൈവരിക്കാമെന്ന് കരുതി ദാറുല്‍ഹുദായിലും പാണക്കാടുമൊക്കെയായി തങ്ങിയത്... അപ്പോഴാണ് ശൈഖുനായെ വാക്കുകളില്‍ കോര്‍ത്തുവെക്കാനുള്ള വലിയ വെല്ലുവിളിക്ക് മുന്നില്‍ അടിപതറിത്തുടങ്ങിയത്...ഇപ്പോ എന്താന്നറിയില്ല...കീബോഡില്‍ എത്ര വലിഞ്ഞു ടൈപ്പ് ചെയ്തിട്ടും ഞാന്‍ ഉദ്ദേശിച്ച വാക്കുകള്‍ മാത്രം തെളിഞ്ഞു കാണുന്നില്ല..അനുഭവിക്കാനാവാത്ത വലിയ സൗഭാഗ്യത്തെ വാക്കുകളില്‍ വരഞ്ഞുവെക്കാനാവാതെ വിയര്‍ക്കുന്ന ഒരു ഹതഭാഗ്യനെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ... ശൈഖുനായെക്കുറിച്ചല്ലാതെ മറ്റെന്തും എന്നോട് പറഞ്ഞാളൂ..പക്ഷേ, ശൈഖുനായെക്കുറിച്ച് കേള്‍ക്കാനെനിക്കാവുന്നില്ല എന്ന് ആരോടും പറയാനാവില്ലല്ലോ...ശൈഖുനായില്ലാത്ത പി.ജി ബ്ലോക്കിലേക്കുള്ള ആദ്യത്തെ ബാച്ചായി വലിഞ്ഞു കയറാനൊരുങ്ങുമ്പോള്‍...മനസ്സ് പറയുന്നു ആ ഓര്‍മകള്‍ തേടി നീ പോകരുതായിരുന്നു......കഠിനഹൃദയനാണെങ്കിലും നിനക്ക് പോലും താങ്ങാവുന്നതിലുമപ്പുറമായിരുന്നു ശൈഖുനാ എന്ന ജ്ഞാനവിസ്മയം..കൂടൊരുങ്ങും മുമ്പേ കിളി പാറുമല്ലോ എന്ന് അന്ന് മൊയ്തീന്‍ക്കയോട് പറഞ്ഞപ്പോള്‍ സ്വപ്‌നത്തില്‍ പോലും നിനച്ചിരുന്നില്ല ....പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പുതിയ ബില്‍ഡിംഗിലേക്ക് ഞങ്ങള്‍ കാലെടുത്തുവെക്കുമ്പോഴേക്കും ആ ജ്ഞാനവിസ്മയം പറന്നകലുമായിരുന്നെന്ന്...

സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ച് രണ്ട് വേറിട്ട വായനകള്‍






എസ്.കെ. എസ്.എസ്. എഫ് സില്‍വര്‍ ജൂബിലി സമ്മേളനോപഹാരത്തിനുവേണ്ടി മൈന ഉമൈബാനുമായും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി ഗവേഷക ഉമ്മുല്‍ ഫായിസയുമായും നടത്തിയ ഇന്റര്‍വ്യൂ

1. സ്ത്രീ വിദ്യാഭ്യാസത്തിനു അനുകൂലമായ അവസരങ്ങള്‍, സാഹചര്യങ്ങള്‍ എന്തൊക്കെയാണ്? അതിനെ പ്രതികൂലമായ ബാധിക്കുന്ന വെല്ലുവിളികള്‍ ഏതൊക്കെയാണ്, താങ്കളുടെ കാഴ്ചപ്പാട് വിശദീകരിക്കാമോ.
മൈന ഉമൈബാന്‍: കേരളത്തില്‍ ഇന്ന് സ്ത്രീവിദ്യഭ്യാസത്തിന് അനുകൂല സാഹചര്യങ്ങളാണുളളത്. പൊതുവേ വിദ്യാഭ്യാസം നിഷേധിക്കുന്ന അവസ്ഥയില്ല. സെക്കണ്ടറി തലം വരെ സൗജന്യവിദ്യാഭ്യാസം ലഭിക്കുന്നതുകൊണ്ട് ദരിദ്രര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നതില്‍ പ്രയാസമില്ല. എന്നാല്‍ കേരളത്തിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ സെക്കണ്ടറി വിദ്യാഭ്യാസ കാലത്തുതന്നെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പലപ്പോഴും വിവാഹത്തിനുവേണ്ടിയാവും ഈ കൊഴിഞ്ഞുപോക്ക് എന്നത് ഖേദകരമാണ്.
മറ്റൊന്ന് ഉന്നതവിദ്യാഭ്യാസരംഗത്ത് കാശുളളവര്‍ക്ക് കയറിപ്പറ്റാം. അല്ലെങ്കില്‍ നല്ല മാര്‍ക്കുവേണം എന്ന അവസ്ഥയുണ്ട്. കച്ചവടവത്ക്കരിക്കപ്പെട്ട ഉന്നതവിദ്യാഭ്യാസരംഗത്തെ ആശങ്കയോടെയാണ് കാണുന്നത്.
ഉമ്മുല്‍ ഫായിസ:സ്ത്രീകള്‍ എന്നത് ഈ ചര്‍ച്ചയില്‍  ഒരൊറ്റ കാറ്റഗറിയായി കണക്കാക്കി ഒരു വിശദികരണം നല്‍കുവാന്‍  ഏറെ പ്രയാസമുണ്ട് . പലതരം സ്ത്രീകളും പുരുഷന്മാരും ഒക്കെ ഉള്‍പെട്ട അധികാര ബന്ധങ്ങളെ വ്യത്യസ്തമായി കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.  കാരണം, നമുക്കിടയില്‍ വിവിധ മതജാതിവര്‍ഗ്ഗ പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രികള്‍ ജിവിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യത്യസ്ത സാമുഹിക പശ്ചാത്തലങ്ങളില്‍ ജിവിക്കുന്ന സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തോടുള്ള സമീപനങ്ങളും വ്യത്യസ്തമായിരിക്കും എന്നാണ് എന്റെ ഒരു നിഗമനം . ഉദാഹരണത്തിന് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള സ്ത്രീ സംവരണം വന്നാല്‍ അതേറെ  സഹായകമാകുന്നത് നേരത്തെ തന്നെ അതൊക്കെ എത്തിപിടിക്കാന്‍ സാധിച്ച,അതിനനുസരിച്ച സാമൂഹ്യ ചലനം സാധിച്ച,  ഉയര്‍ന്ന ജാതി/വര്‍ഗ്ഗ സ്ത്രീകള്‍ക്കാണ് എന്ന  ഗെയില്‍ ഓംവേദിന്റെ നിരീക്ഷണമുണ്ട് . കീഴ്ജാതി / മുസ്ലിം സ്ത്രീകളെ  സംബന്ധിച്ച് സാമൂഹ്യ ചലനം വളരെ വ്യത്യസ്തമായാണ് സംഭവിച്ചത്. സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് ഇപ്പോള്‍ ഈ ചോദ്യത്തില്‍ കാണുന്ന തരത്തിലുള്ള  സിദ്ധാന്തവല്‍കരണം തന്നെ മാറേണ്ടതുണ്ട്. ഇങ്ങനെ ഞാന്‍ ഇവിടെ ഉന്നയിച്ച സമീപനത്തില്‍ ഊന്നിയുള്ള വളരെ കുറച്ചു പഠനം  മാത്രമേ  എന്റെ അറിവില്‍  ഇന്ത്യയില്‍ സാധ്യമായിട്ടുള്ളൂ .
2.മത വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് ഉന്നത മത വിദ്യാഭ്യാസ രംഗത്ത് സ്ത്രീകള്‍ക്കുള്ള ഇടം കുറവാണ്, അതിനുള്ള അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കേണ്ടതുണ്ടോ...
മൈന ഉമൈബാന്‍: കുറച്ചു മുമ്പുവരെ മതാധ്യപകര്‍ ആയിരുന്നത് പുരുഷന്മാരായിരുന്നു. അടുത്ത കാലത്ത് സ്ത്രീസാന്നിധ്യമുണ്ട്. ഇന്ന് ഏതുരംഗത്തും സ്ത്രീയുടെ സാന്നിധ്യവും പങ്കാളിത്തവുമുണ്ട്. ഉന്നത മതവിദ്യാഭ്യാസം കൊണ്ട് സ്ത്രീക്ക് എന്തുനേട്ടം എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. അധ്യാപനം നടത്തുകമാത്രമേ സ്ത്രീക്ക് സാധിക്കൂ. മതപരമായ ചടങ്ങുകളില്‍ കാര്‍മികത്വം വഹിക്കാനോ പള്ളിനടത്തിക്കൊണ്ടുപോകാനോ ഒന്നും ഇന്നും സ്ത്രീക്ക് അവസരമില്ല.
ഉമ്മുല്‍ ഫായിസ: തിര്‍ച്ചയായും, കേരളത്തിലെ മത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറവാണ്. എന്നാല്‍ ഇന്ന് ഈ മേഖലയില്‍ ധാരാളം പെണ്‍കുട്ടികള്‍ കടന്നു വരുന്നുണ്ട് . അവരൊക്കെ ഇസ്‌ലാമിക വിജ്ഞാനം എന്നത് തങ്ങളുടെ താല്‍പര്യത്തിന്റെ ഭാഗമാണ് എന്ന് വാദിക്കുന്നു . ആ മേഖലയില്‍ ധാരാളം പഠിക്കാനും അന്വേഷണങ്ങള്‍ നടത്താനും അവര്‍ക്ക് കഴിയുന്നു. എന്നാല്‍ പലപ്പോഴും നമ്മുടെ മുസ്‌ലിം നേതൃത്വത്തിന്റെ വീക്ഷണപരമായ പരിമിതികള്‍ ഈ മേഖലയിലെയും വളര്‍ച്ചയെ ഒരുപാട് പിറകോട്ടടിപ്പിക്കുന്നുണ്ട്.
3. പൊതു വിദ്യാഭ്യാസ രംഗത്ത് സത്രീ സാന്നിധ്യം ശക്തമാണ്. നമ്മുടെ ആര്‍ട്‌സ്, സയന്‍സ്, മെഡിക്കല്‍, എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലെല്ലാം പെണ്‍കുട്ടികളുടെ പ്രതിനിധാനം വലിയ തോതിലുണ്ട്..എന്നിട്ടും സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടതായി കാണുന്നില്ല, എന്താണ് കാരണം?
മൈന ഉമൈബാന്‍:ശാക്തീകരിക്കപ്പെടുന്നില്ല എന്നു പറയാനാവില്ല. സഹസ്രാബ്ദങ്ങളായി അടിമയായിരുന്ന ഒരു വിഭാഗം ഇന്ന് എവിടെയൊക്കെയോ സാന്നിധ്യമാകുന്നുണ്ട്. വിദ്യാഭ്യാസം കിട്ടിയതുകൊണ്ടുമാത്രം (സാങ്കേതികമായി) ഒരാളും ശാക്തീകരിക്കപ്പെടില്ല. ഇന്നും മിക്ക വീട്ടിലും സമൂഹത്തിലും നിര്‍ണ്ണായക തീരുമാനമെടുക്കുന്നത് പുരുഷനാണ്. സ്ത്രീയെ ഇന്നും നേര്‍ പാതിയെന്നോ ഇണയെന്ന അവസ്ഥയിലോ അല്ല കാണുന്നത്. അധികാരമെടുക്കാനുളള ഉപകരണമായിട്ടാണ്. ആ അവസ്ഥമാറണം. വിദ്യാഭ്യാസമൊക്കെ സമത്വബോധത്തിലേക്കെത്തിക്കേണ്ടതാണ്. പക്ഷേ, അത് അത്രപെട്ടെന്ന് എല്ലാവരിലും എത്തുമെന്ന് കരുതാന്‍ വയ്യ. അടുത്ത കാലത്തുമാത്രമാണ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം കിട്ടിത്തുടങ്ങിയത്. അതുകൊണ്ടു തന്നെ വളരെ പതുക്കെയേ അതിന്റെ പ്രയോജനവും ലഭിച്ചു തുടങ്ങൂ. സ്ത്രീ സ്വയം ചിന്തിച്ചു തുടങ്ങുകയും സ്വയം അംഗീകരിച്ചു തുടങ്ങുകയും ചെയ്യുമ്പോള്‍ ശാക്തീകരണവും സംഭവിക്കും. അതുവരെ മെല്ലെപ്പോക്ക് കാണേണ്ടി വരും.
ഉമ്മുല്‍ ഫായിസ: ശാക്തീകരിക്കപെട്ട സ്ത്രീ എന്നത് തന്നെ നാം ആലോചിക്കുന്നത് എങ്ങിനെയാണ് ? സ്ത്രീകള്‍ ശാക്തീകരിക്കപ്പെടാത്തത് അവരുടെ ഒരു കുറവ് ആയി വായിക്കുന്നത് ഒട്ടും ശരിയല്ല . സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായി നില നില്‍ക്കുന്ന മുന്‍വിധികള്‍ നാം പരിഗണിക്കേണ്ടതുണ്ട് . സ്ത്രീകള്‍ക്കെതിരായ മുന്‍വിധികള്‍ നാം കരുതുന്നതിലേറെ ആഴത്തിലും ഏതെങ്കിലും ചില ശക്തികളില്‍ മാത്രം ഒതുങ്ങുന്നതുമല്ല  . മാത്രമല്ല, ഈ പ്രശ്‌നത്തില്‍ വീണ്ടും ഏതു വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകളുടെ സാന്നിധ്യമാണ് കുറവ് എന്ന് ആലോചിക്കാന്‍ താല്‍പര്യപ്പെടുന്നു. ഉദാഹരണത്തിന് ഇന്ത്യയിലെ പ്രമുഖമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉന്നത ജാതിയില്‍ പെട്ട സ്ത്രീകളാണ്. അവര്‍ക്ക് ഈ മേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അല്ല മറ്റു സാഹചര്യത്തിലുള്ള വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്നത്. ഏറെ സാമൂഹ്യപരമായി ഉന്നത പദവിയില്‍ ഉള്ള സമുദായങ്ങളില്‍ നിന്ന് വരുന്ന സ്ത്രീകള്‍ ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളില്‍ മൂന്നാമത്തെ തലമുറയിലെ ആളുകള്‍ ആണ് . എന്നാല്‍ മുസ്‌ലിംകള്‍ അടക്കമുള്ള സമുദായങ്ങളില്‍ നിന്ന് വരുന്നവര്‍ ഒന്നാമത്തെ തലമുറയാണ് . ഈ വ്യത്യാസം വളരെ പ്രധാനമാണ്.  അത് അവരുടെ വിദ്യാഭ്യാസ ഇടപെടലുകളെ ബാധിക്കുന്നുണ്ട്.
കേരളത്തില്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ മേഖലയില്‍ പോകുന്നതില്‍ ഇന്ന് ധാരാളം മുസ്‌ലിം പെണ്‍കുട്ടികള്‍ ഉണ്ട് . എന്നാല്‍ അവര്‍ക്ക് അവര്‍ കൂടുതല്‍ താമസിക്കുന്ന മലബാര്‍ മേഖലയില്‍ പഠന സൗകര്യം ഒരുക്കാന്‍ മാറി വരുന്ന ഭരണകൂടങ്ങള്‍ ഒന്നും ചെയ്യുന്നില്ല . അവര്‍ക്ക് തൊഴില്‍ അവസരം നല്‍കാനും അവരുടെ ജീവിത സൗകര്യങ്ങളെ മുന്‍നിര്‍ത്തി തൊഴില്‍ രംഗത്തെ മാറ്റിപ്പണിയാനും ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല . ഇവിടെ മുസ്‌ലിം സംഘടനകള്‍ എന്നതിനെക്കാള്‍ ഭരണകൂടത്തിന്റെ ഭാഗമായ രാഷ്ട്രീയ സംഘങ്ങള്‍ അവരുടെ ദൗത്യം നിറവേറ്റണ്ടതുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ ധാരാളം ഉള്ള മലപ്പുറത്ത് എത്ര നിലവാരമുള്ള പ്രഫഷണല്‍ കോളേജുകള്‍ ഉണ്ട് എന്ന ചോദ്യം തന്നെ മതി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ .
4.  സ്ത്രീ പീഡനം, സ്ത്രീകളോടുള്ള അവഗണന എന്നിവ വലിയ സാമൂഹ്യ യാഥാര്‍ഥ്യങ്ങളാണ്. ഇതിനെക്കുറിച്ച് സമൂഹത്തെ മൊത്തത്തിലും പുരുഷന്മാരെ  പ്രത്യേകിച്ചും ബോധവത്കരിക്കാനുള്ള എന്ത് ഉള്ളടക്കമാണ് നമ്മുടെ പാഠ്യപദ്ധതയില്‍ ഉള്ളത് ?
 മൈന ഉമൈബാന്‍:പാഠ്യപദ്ധതിയിലൊക്കെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും എല്ലാവരിലും സമത്വമുണ്ടാക്കുന്നതിനെപ്പറ്റിയുമൊക്കെ ചെറുതായിട്ടെങ്കിലും ഉള്‍പ്പെടുത്തുന്നുണ്ട്. (സ്ത്രീ മാത്രമല്ല, അരികുവല്‍ക്കരിക്കപ്പെട്ട ജനത മുഴുവനും പീഡനത്തിനും അവഗണനയും നേരിടുന്നുണ്ട്.്.) പക്ഷേ, പാഠ്യപദ്ധതിയില്‍ മാത്രം ഇതൊന്നും ഉണ്ടായാല്‍ പോര..പഠിപ്പിക്കുന്നവര്‍ക്കു കൂടി ഈ ബോധം വേണം. ഇന്നും സ്ത്രീ കളിപ്പാട്ടമാണെന്നാണ് പൊതുസമൂഹത്തിന്റെ നിലപാട്. പുരുഷന്‍ ഭരിക്കേണ്ടവനാണെന്നും സ്ത്രീ ഭരിക്കപ്പെടേണ്ടവളാണെന്നുമാണ് നിലപാട്. കൊച്ചു കുട്ടിയായിരിക്കുമ്പോഴേ നീ പെണ്ണാണ് പെണ്ണാണ് എന്ന് പറയാതിരിക്കുക..നീ ആണാണ് എന്നും. ഈ രണ്ടു വാക്കില്‍ തന്നെയുണ്ട് പീഡനവും അധികാരവും. ഏതു പീഡനം നടക്കുമ്പോഴും ഇര പ്രതിയാവുന്ന അവസ്ഥയാണുളളത്. പ്രതിയെ തന്നെ പ്രതിയാക്കുന്ന അവസ്ഥ വരുമ്പോള്‍ മാറ്റമുണ്ടാവും. മിക്കവാറും സ്‌കൂളിലും കോളേജിലുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്ക്കരണ സെമിനാറുകളും ശാക്തീകരണ പരിപാടിയുമൊക്കെ നടക്കുന്നുണ്ട്. പലപ്പോഴും അത് ഇരയാകുന്ന സ്ത്രീക്കുമാത്രമായി മാറുന്നുണ്ട്. ഒരുമിച്ചിരുത്തിയാണ് സംസാരിക്കേണ്ടത്. സ്ത്രീക്കും പുരുഷനും മൂന്നാം ലിംഗക്കാര്‍ക്കും മൂന്നുലോകമല്ല, ഒറ്റലോകമാണുളളത് എന്നും ഈ ഒറ്റലോകത്തിന്റെ ഭാഗമാണ് നാം എന്നുമാണ് അറിയിക്കേണ്ടത്. സ്ത്രീ പുരുഷനെ ഭയന്ന് പുറത്തിറങ്ങാതിരിക്കുന്നതില്‍ നല്ലത് പീഡന സ്വാവമുളള പുരുഷനെ മാറ്റി നിര്‍ത്തുന്നതാണ്. എല്ലാപുരഷനും പീഡകരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വളരെക്കുറച്ചുപേര്‍ അങ്ങനെയാവുന്നു. അവര്‍ക്കുവേണ്ടി മൊത്തം പുരുഷന്‍ പ്രതിനിധിയാവേണ്ട. അവരെ മാറ്റി നിര്‍ത്തുക.
ഉമ്മുല്‍ ഫായിസ: തീര്‍ച്ചയായും നമ്മുടെ പഠന പരിപാടികളിലും സ്‌കൂള്‍ കരിക്കുലം ഇവയിലും ഒക്കെ മാറ്റം വരണം . വിദ്യാഭ്യാസ രംഗത്ത് അങ്ങനെയുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നത് നന്നാവും
5. കേരളത്തിലെ ഗൃഹാന്തരീക്ഷത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിനെയും അവഗണിക്കപ്പെടുന്നതിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം  വന്നു കൊണ്ടിരിക്കുന്നു. പ്രബുദ്ധവും വിദ്യാസമ്പന്നവുമായ കേരളത്തില്‍ ഇതെങ്ങനെ സംഭവിക്കുന്നു.

മൈന ഉമൈബാന്‍: വിദ്യയുളളതുകൊണ്ടുമാത്രം അറിവുണ്ടാവുന്നില്ല. ബോധമുണ്ടാവുന്നില്ല. ബുദ്ധിപരമായി ചിന്തിക്കാനും ആ ചിന്തയെ മനനം ചെയ്യാനും ഭൂരിപക്ഷത്തിനും കഴിയുന്ന അവസ്ഥയിലെ അവഗണനയും പീഡനവുമൊക്കെ കുറയൂ. വീടുകളില്‍ നിന്നേ തുടങ്ങുകയാണ് അവഗണനയും പീഡനവും. സ്വന്തം വീട്ടില്‍ കിട്ടാത്ത സുരക്ഷിതത്വം സമൂഹത്തില്‍ നിന്ന് കിട്ടും എന്നു പ്രതീക്ഷിക്കുന്നതെങ്ങനെ? പക്ഷേ, പെട്ടെന്നൊന്നും മാററമുണ്ടായില്ലെങ്കിലും പതുക്കെ മാറിവരുമെന്നു തന്നെയാണ് പ്രതീക്ഷ. ഞാന്‍ ഭാവിയെ പ്രത്യാശയോടുകൂടി കാണുന്നു.
ഉമ്മുല്‍ ഫായിസ:കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് എന്നു പറയുമ്പോള്‍ അത് എങ്ങനെ കൈവന്നു എന്ന വിഷയത്തില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട് . അതുകൊണ്ട് തന്നെ പ്രബുദ്ധ കേരളം എന്നത് അത്ര എളുപ്പം സ്വീകരിക്കേണ്ട ഒരു സാമൂഹിക നിര്‍മിതിയല്ല . തീര്‍ച്ചയായും കേരളത്തില്‍ നടക്കുന്ന പീഡനം, അതിക്രമം ഇവയൊക്കെ എങ്ങനെ എന്നത് കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ വലിയ മാറ്റം കൊണ്ട് വന്നിട്ടുണ്ട് . എന്നാല്‍ ഇതെങ്ങനെ സംഭവിക്കുന്നു? അതിന്റെ സാമൂഹിക ശാസ്ത്രപരവും ലിംഗരാഷ്ട്രീയപരവുമായ കാരണങ്ങള്‍ എന്തെല്ലാം? എന്നതിനെ ക്കുറിച്ച് സൂക്ഷമമായ പഠനങ്ങളൊന്നും ഇത് വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല . എന്നാല്‍ പൊതുവ പറയാന്‍ കഴിയുക സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച പത്രഭാഷ മുതല്‍ കോടതി ഭാഷ വരെ പ്രശ്‌നവല്‍ക്കരിക്കുന്ന സുക്ഷ്മമായ  രാഷ്ട്രീയ സംവാദങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട് . പലപ്പോഴും ലോകത്ത് ധാരാളം ചര്‍ച്ച ചെയ്ത വികസിച്ച ഈ ജനാധിപത്യ അന്തരീക്ഷം കേരളത്തില്‍ സാധിച്ചെടുക്കേണ്ടതുണ്ട് .  ഇങ്ങനെയുള്ള വിപുലമായ സംവാദത്തിനു മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ .